25 Jan 2023 11:15 AM
Summary
- ബുക്കിംഗ് സേവനങ്ങളും മരുന്ന് കുറിപ്പുകളുമെല്ലാം ആപ്പിലൂടെ ലഭ്യമാക്കും
ചികിത്സ മുതല്‍ ഫാര്‍മസി വരെയുള്ള മുഴുവന്‍ ആരോഗ്യ സേവനങ്ങളും വിരല്‍ തുമ്പില്‍ ലഭിച്ചാല്‍ എത്ര സൗകര്യമായിരിക്കുമെന്ന് ചിന്തിച്ചിട്ടില്ലേ..? എങ്കില്‍ അത്തരമൊരു സേവനമാണ് ഇപ്പോള്‍ ആസ്റ്റര്‍ ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്.
എല്ലാ തരം ആരോഗ്യസേവനങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് 'മൈ ആസ്റ്റര്‍' മൊബൈല്‍ ആപ്ലിക്കേഷന്റെ സമ്പൂര്‍ണ പതിപ്പിലൂടെ ലഭിക്കുക. കഴിഞ്ഞ ദിവസമാണ് ആപ്പ് ലോഞ്ച് ചെയ്തത്. ഡോക്ടര്‍മാരുടെ അപ്പോയിന്റമെന്റ് മാത്രമല്ല, മറിച്ച് മരുന്ന് കുറിപ്പിന്റെ പകര്‍പ്പുകള്‍ വരെ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
വലിയ ആശുപത്രികള്‍, ക്ലിനിക്കുകള്‍, രോഗനിര്‍ണയ പരിശോധനാ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സേവനങ്ങളെല്ലാം ആവശ്യമായ ഉപഭോക്തക്കാള്‍ക്ക് നേരിട്ട് തന്നെ നല്‍കുന്ന രൂപത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
2022 ജൂലൈയില്‍ തന്നെ ആപ്പ് അവതരിപ്പിച്ചിരുന്നു. പക്ഷെ മൈ ആസ്റ്റര്‍ ആപ്പിന്റെ പുതിയ, കൂടുതല്‍ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. നിലവില്‍ ഗള്‍ഫ് മേഖലയിലാണ് സേവനമെങ്കിലും അധികം വൈകാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി എംഡി അലീഷ മൂപ്പന്‍ അറിയിച്ചിരിക്കുന്നത്.
ആസ്റ്റര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ സേവനങ്ങളെയും ഒരു കുടക്ക് കീഴില്‍ കൊണ്ടുവരുന്ന തരത്തിലാണ് 'മൈ ആസ്റ്റര്‍' ആപ്പ് ഒരുക്കിയതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ ഡിജിറ്റല്‍ ഹെല്‍ത്ത് സിഇഒ ബ്രാന്‍ഡണ്‍ റോബറി അറിയിച്ചു. 200 ല്‍ അധികം വരുന്ന ആസ്റ്ററിലെ ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റ് ബുക്കിംഗ് ഇതില്‍ ലഭ്യമായിരിക്കും.
ദിവസം മുഴുവനും 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന ആപ്പിലൂടെ ഓണ്‍ലൈനിലും നേരിട്ടുമുള്ള കണ്‍സള്‍ട്ടിംഗ്, ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റ ബുക്കിംഗ്, മരുന്നു കുറിപ്പുകളും മറ്റു മെഡിക്കല്‍ രേഖകളും ലഭ്യമാക്കല്‍, വീടുകളില്‍ നേരിട്ട് മരുന്നുകളെത്തിക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.