image

23 April 2023 2:39 PM IST

Business

മുത്തൂറ്റ് മൈക്രോഫിൻ വായ്പാ വിതരണത്തിൽ പ്രതീക്ഷിക്കുന്നത് 25-30% വളർച്ച

MyFin Desk

മുത്തൂറ്റ് മൈക്രോഫിൻ  വായ്പാ വിതരണത്തിൽ പ്രതീക്ഷിക്കുന്നത് 25-30% വളർച്ച
X

Summary

  • പുതിയ വിപണികളിലേക്കുള്ള പ്രവേശനം വായ്പാ വളര്‍ച്ചയെ നയിക്കുന്നു
  • 2.77 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു
  • ർദ്ധിച്ചുവരുന്ന പണലഭ്യതയുടെ ആവശ്യകതയില്‍ പ്രതീക്ഷയെന്ന് സിഇഒ


രാജ്യത്തെ മൂന്നാമത്തെ വലിയ മൈക്രോവായ്പാദാതാവായ മുത്തൂറ്റ് മൈക്രോഫിൻ നടപ്പു സാമ്പത്തിക വർഷം വായ്പാ വിതരണത്തില്‍ പ്രതീക്ഷിക്കുന്നത് 25-30 ശതമാനം വളർച്ച. ഇതോടെ കമ്പനിയുടെ വായ്പാ ആസ്തി ഏകദേശം 12,000 കോടി രൂപയാകുമെന്നും പ്രതീക്ഷിക്കുന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന, കേരളം ആസ്ഥാനമായുള്ള സ്ഥാപനം, 9,209 കോടി രൂപയുടെ വായ്പാ ബുക്കും 200 കോടി രൂപയുടെ അറ്റവരുമാനവുമായിട്ടാണ് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിപ്പിച്ചത്.

കൊറൊണ മഹാമാരി ഏറെ സ്വാധീനം ചെലുത്തിയ 2021-22ല്‍ 6,300 കോടി രൂപയായിരുന്നു കമ്പനിയുടെ വായ്പാബുക്ക്, 79 കോടി രൂപയുടെ അറ്റവരുമാനമാണ് ആ വർഷം രേഖപ്പെടുത്തിയിരുന്നത്. ഈ താഴ്ന്ന അടിത്തറയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ വൻതോതിലുള്ള വായ്പാ ബുക്ക് വിപുലീകരണത്തിലേക്ക് നയിച്ചത്. പലിശനിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന പണലഭ്യതയുടെ ആവശ്യകത മൂലം വളർച്ച നിലനിർത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് മൈക്രോഫിന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സദാഫ് സയീദ് പറയുന്നു. നടപ്പു സാമ്പത്തിക വർഷം ഏതാണ്ട് 350 കോടി രൂപ ലാഭമുണ്ടാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

തെലങ്കാനയിലേക്കും ആന്ധ്രയിലേക്കും കമ്പനി പ്രവർത്തനം വിപൂലീകരിക്കുകയാണ്. അവിഭക്ത ആന്ധ്രാപ്രദേശില്‍ മൈക്രോ വായ്പകള്‍ക്ക് നിരോധനം വന്ന ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മൈക്രോ വായ്പാ വിപണിയായിരുന്നു അത്. കമ്പനി ഈ വർഷം രാജസ്ഥാനിലേക്കും പ്രവേശിക്കും, ഈ വർഷം ആദ്യം തന്നെ ഉത്തരാഖണ്ഡിലേക്കും ഹിമാചലിലേക്കും പ്രവേശിച്ചിട്ടുണ്ട്. പുതിയ വിപണികളായിരിക്കും വായ്പാ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുകയെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

യുഎസ് ആസ്ഥാനമായുള്ള രണ്ട് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ ആൻഡ് ക്രിയേഷൻ, ഇൻവെസ്റ്റ്‌മെന്റ് ക്യാപിറ്റൽ മാനേജ്‌മെന്റ് എന്നിവയുടെ പിന്തുണയുള്ള മുത്തൂറ്റ് മൈക്രോഫിൻ മാര്‍ച്ച് അവസാനത്തിലെ കണക്ക് പ്രകാരം 2.77 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. മുന്‍ സാമ്പത്തിക വർഷം അവസാനിക്കുമ്പോള്‍ 2.1 ദശലക്ഷമായിരുന്നു ഇത്.