19 April 2023 3:35 PM IST
Summary
- 20 ഭാഷകളില്‍ ഉപഭോക്താക്കളെ വരവേല്‍ക്കാനാകും
- ഉപഭോക്താക്കളെ ശാക്തീകരിക്കാന്‍ 'ടുഡേ അറ്റ് ആപ്പിള്‍'
- ഇന്ത്യയിലെ രണ്ടാം സ്റ്റോര്‍ നാളെ ഡെല്‍ഹിയില്‍ തുറക്കും
ആഗോളവിപണിയിലെ വികാസത്തിനുള്ള അടുത്ത താക്കോലായി ആപ്പിള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയെ. തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല റീട്ടെയില്‍ വില്‍പ്പന വളര്‍ച്ചയ്ക്കും ഇന്ത്യയില്‍ വലിയ തുടക്കം കുറിക്കുകയാണ് ആപ്പിള്‍. കഴിഞ്ഞ ദിവസം തങ്ങളുടെ ആദ്യ ഒഫീഷ്യല്‍ റീട്ടെയില്‍ സ്റ്റോര്‍ കമ്പനി മുംബൈയില്‍ തുറന്നു. സിഇഒ ടിം കുക്കിന്‍റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റോര്‍ ഇന്ത്യന്‍ വിപണിക്ക് ആപ്പിള്‍ നല്‍കുന്ന പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്.
മുംബൈയില്‍ ബന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് ഡ്രൈവിലെ 22,000 സ്ക്വയര്‍ഫീറ്റ് സ്ഥലത്താണ് ആപ്പിള്‍ തങ്ങളുടെ ആദ്യ ഇന്ത്യന്‍ സ്റ്റോര്‍ തുറന്നിട്ടുള്ളത്. മികച്ച ഉപഭോക്തൃ അനുഭവം സമ്മാനിക്കുന്ന ഒരു വിഷ്വല്‍ട്രീറ്റ് കൂടിയാണ് ഇവിടം. നൂറിലധികം ജീവനക്കാര്‍ ഇടിടെയുണ്ട്. 20 ഭാഷകളില്‍ ഉപഭോക്താക്കളെ സ്വീകരിക്കാന്‍ സാധ്യമായ തരത്തിലാണ് ജീവനക്കാരുടെ തെരഞ്ഞെടുപ്പ്.
രണ്ടു ലെവലുകളിലായി പരന്നുകിടക്കുന്ന സ്റ്റോറില്‍, ആഗോളതലത്തിലെ മിക്ക ആപ്പിള്‍ സ്റ്റോറുകള്‍ക്കും സമാനമായി തറ മുതല്‍ മേല്‍ക്കൂര വരെ ഗ്ലാസ് ഫെക്കേഡുകളാണ്. പൂര്‍ണമായും പുനരുപയോഗ ഊര്‍ജ്ജം വിനിയോഗിച്ചാണ് ആപ്പിള്‍ ബികെസി പ്രവര്‍ത്തിക്കുന്നത്. ഇതിനായി സോളാര്‍ പാനലുകളുടെ വലിയ നിരതന്നെ ഒരുക്കിയിട്ടുണ്ട്. സ്റ്റോറിന്‍റെ ജ്യാമിതീയ ഘടനയെ വെളിവാക്കുന്ന തരത്തില്‍, ത്രികോണാകൃതിയില്‍ കരകൗശല വൈദഗ്ധ്യത്തോടെയുള്ളതാണ് മേല്‍ക്കൂര.
ഡിവൈസുകളും സേവനങ്ങളും
ആപ്പിളിന്‍റെ എല്ലാ ശ്രേണിയിലുമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ നിര ഇവിടെ ലഭ്യമാണ്. വാങ്ങലിനു പുറമേ ഉപയോക്തൃ അനുഭവത്തിനായും ഡിവൈസുകള്‍ ലഭ്യമാകും. പരാരി പരിഹാരം ഉള്‍പ്പടെ വാങ്ങലിന്‍റെ എല്ലാ തലങ്ങളിലും സുഗമവും വേറിട്ടതുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആക്സസറീസുകളുടെ വിപുലമായ നിരയും ലഭ്യമാണ്.
ഇന്ന് ആപ്പിള്‍ ഹാര്‍ഡ്‍വെയറുകളില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരുമാന വര്‍ധനയിലെ വലിയ പങ്ക് ആപ്പിള്‍ സര്‍വീസസില്‍ നിന്നാണ്. ഒരു ആര്‍ക്കേഡ് ആന്‍ഡ് മ്യൂസിക് കോര്‍ണര്‍ മുംബൈ സ്റ്റോറില്‍ ആപ്പിള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ സേവനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനാകും. ഓരോ ഡിവൈസിനെയും തൊടുന്നതിനും അനുഭവിച്ചറിയുന്നതിനും ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നുണ്ട്.
ഉപഭോക്താവാണ് രാജാവ്
കസ്റ്റമര്‍ കെയര്‍ സംവിധാനങ്ങളിലും ഡിവൈസുകളുടെ ഡെലിവറിയിലും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വിപുലമായ സജ്ജീകരണങ്ങള്‍ മുംബൈ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. ബില്ലടയ്ക്കുന്നതിനുള്ള ക്യൂ ഇവിടെ ഉണ്ടാക്കില്ല. ഉപഭോക്താക്കള്‍ക്കായി അവര്‍ നില്‍ക്കുന്ന ഇടത്തില്‍ ജീവനക്കാര്‍ പേമെന്‍റ് സൌകര്യമൊരുക്കും. .
'ടുഡേ അറ്റ് ആപ്പിള്‍ ' എന്ന സൗജന്യ ദൈനംദിന ഇൻ-സ്റ്റോർ സെഷനുകളും മുംബൈ സ്റ്റോറിന്‍റെ സവിശേഷതയാണ്. ഉപഭോക്താക്കളെ അവരുടെ സർഗ്ഗാത്മകത പുറത്തെടുക്കുന്നതിനും ഡിവൈസുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഈ സെഷനുകളെ സഹായിക്കുന്നു. അടിസ്ഥാനകാര്യങ്ങൾ മുതൽ പ്രൊഫഷണൽ-ഗ്രേഡ് പ്രോഗ്രാമുകൾ വരെ ആപ്പിള്‍ എക്സിക്യൂട്ടിവുകള്‍ നയിക്കും.
ആപ്പിളിന്‍റെ ഇന്ത്യയിലെ രണ്ടാം സ്റ്റോര്‍ നാളെ രാജ്യ തലസ്ഥാനമായ ന്യൂഡെല്‍ഹിയില്‍ തുറക്കും.