24 April 2023 10:00 AM
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നതിന്റെ സന്തോഷം മലയാളത്തില്‍ പങ്ക് വച്ച് പ്രധാനമന്ത്രി മോദി. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില്‍ ആകാംക്ഷാഭരിതനാണെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകള്‍ക്ക് പ്രയോജനകരമായ വന്ദേഭാരത് സര്‍വീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ മികച്ച പുരോഗതി! കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും. ഇത് കൊച്ചിക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും.'' അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിലവില്‍ അവസാന ഘട്ട ഒരുക്കത്തിലാണ് വാട്ടര്‍ മെട്രോ. മെട്രോ റെയില്‍ സര്‍വീസിന് സമാനമായ തരത്തിലുള്ള ടിക്കറ്റ് കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം സര്‍വീസ് നടത്തുന്ന ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ ഇവിടെ കഴിഞ്ഞ നാല് മാസത്തിലേറെയായി ട്രയല്‍ റണ്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഹൈക്കോടതി ജംഗ്ഷന് സമീപത്തുള്ള എറണാകുളം ടെര്‍മിനല്‍ കേന്ദ്രീകരിച്ച് വൈപ്പിന്‍, മുളവുകാട് മേഖലകളിലേക്കാണ് ഈ റൂട്ടിലെ സര്‍വീസുകള്‍. മാത്രമല്ല മൂന്ന് ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് ഏറെ മാസങ്ങളായി. കൂടാതെ വൈറ്റില-കാക്കനാട് റൂട്ടിലെ ഇരു ടെര്‍മിനലുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വൈറ്റിലയില്‍ ഹബിനോട് ചേര്‍ന്നും കാക്കനാട് ചിറ്റേത്തുകരയിലും ടെര്‍മിനലുകള്‍ സജ്ജമാണ്. പണി പൂര്‍ത്തിയാകും മുന്‍പേ തന്നെ ഒന്നാം പിറണായി സര്‍ക്കാരിന്റെ അവസാന ദിവസങ്ങളില്‍ വൈറ്റില ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.
കൊച്ചി നഗരത്തിന്റെ ഭാഗമായ 10 ഓളം ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആധുനിക ജലഗതാഗത പദ്ധതിയ്ക്ക് 2016 ലാണ് തുടക്കമാവുന്നത്. 747 കോടി രൂപ ചെലവുള്ള പദ്ധതിയില്‍ 100 കോടി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാക്കിയുള്ളത് ജര്‍മന്‍ വികസന ബാങ്കില്‍ നിന്നുള്ള വായ്പയുമാണ്. വൈറ്റില, കാക്കനാട്, വൈപ്പിന്‍, മുളവുകാട്, ഹൈക്കോടതി, ഏലൂര്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഫോര്‍ട്ട്‌കൊച്ചി എന്നിങ്ങനെ 38 ജെട്ടികള്‍ വാട്ടര്‍മെട്രോയ്ക്കുണ്ട്. ആകെ 78 ബോട്ടുകളും. എട്ട് ടെര്‍മിനലുകള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. 2019 ല്‍ ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടക്കാതെ വരികയായിരുന്നു.