24 Jun 2023 5:45 PM IST
നന്ദിനി വന്നിട്ടും കുലുങ്ങിയില്ലെന്ന് മില്‍മ; പ്രതിദിന പാല്‍ വില്‍പ്പനയില്‍ നേട്ടം
Kochi Bureau
Summary
- നന്ദിനിയിലും പിടികൊടുക്കാതെ പ്രതിദിന നേട്ടവുമായി മില്‍മ
കര്‍ണാടകയുടെ നന്ദിനി കേരളത്തില്‍ കാല്‍വച്ചിട്ടും പ്രതിദിന ശരാശരി വില്‍പ്പനയില്‍ വര്‍ധവുണ്ടായെന്ന് മില്‍മ. ജനുവരി മുതല്‍ മേയ് വരെ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 15.95 ലക്ഷം ലീറ്ററാണ് വിറ്റഴിച്ചത്. ഗുണനിലവാരം നിലനിര്‍ത്തിയും നൂതന വിപണന രീതികള്‍ ആവിഷ്‌ക്കരിച്ചതുമാണ് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി വ്യക്തമാക്കി. 2021-22 ല്‍ മില്‍മയുടെ മൊത്തം വിറ്റുവരവിന്റെ വര്‍ധന ഒന്‍പത് ശതമാനമായിരുന്നത് 2022-23 ല്‍ 12.5 ശതമാനമായെന്നും ചെയര്‍മാന്‍ അറിയിച്ചു.
നന്ദിനി ബ്രാന്‍ഡ് കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത് മില്‍മയ്ക്ക് തിരിച്ചടിയായിരുന്നു.കൊച്ചി, തിരൂര്‍, മഞ്ചേരി, പന്തളം എന്നിവിടങ്ങളിലാണ് നന്ദിനിയുടെ ഔട്ട്‌ലെറ്റുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ ഫ്രാഞ്ചൈസികള്‍ വഴിയാണ് നന്ദിനി കേരളത്തില്‍ വിപണനം നടത്തുന്നത്. മാത്രമല്ല സമീപഭാവിയില്‍ നേരിട്ട് വിപണനത്തിലേയ്ക്ക് എത്താനുള്ള സാധ്യതയും മില്‍മ കണക്ക് കൂട്ടുന്നുണ്ട്. നിലവില്‍ മില്‍മയേക്കാള്‍ ഏഴ് രൂപയോളം വില കുറവിലാണ് നന്ദിനി പാല്‍ കേരളത്തില്‍ വില്‍ക്കുന്നതെന്നതിനാല് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഇടയുണ്ട്.
നിലവില്‍ കേരളത്തില്‍ പാലുത്പാദനം കുറവുള്ളപ്പോള്‍ നന്ദിനിയില്‍ നിന്നും കേരളം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍വരെ വാങ്ങുന്നുണ്ട്. വിപണികളില്‍ ഏത് ഉത്പന്നവും വിപണനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയുള്ളതിനാല്‍ കേരളത്തിന് ഇതില്‍ ഇടപെടാനാകില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇതും മില്‍മയ്ക്ക് വെല്ലുവിളിയായി നന്ദിനിയെ മാറ്റുന്നു. അതേസമയം ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളോടുള്ള വെല്ലുവിളിയാണ് നന്ദനിയുടെ ഈ നീക്കമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി മുന്‍പ് ആരോപിച്ചിരുന്നു. കേരളത്തിലെ ജനപ്രിയ പാല്‍ ബ്രാന്‍ഡായ മില്‍മ കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള്‍ തുറക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.
പ്രതിദിനം 81 ലക്ഷം ലിറ്റര്‍ പാലാണ് നന്ദിനി സംഭരിക്കുന്നത്. കൂടാതെ 60 ലധികം പാല്‍ ഉത്പന്നങ്ങള്‍ വിവിധ പേരുകളിലായി വിപണിയിലുണ്ട്. കേരളം കൂടാതെ തമിഴ്‌നാട്ടിലും നന്ദിനി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക കോ ഓപ്പറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുത്പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.