image

1 March 2023 11:45 AM IST

Business

മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; മില്‍മ മാര്‍ച്ചിലും അധിക പാല്‍വില നല്‍കും

Kozhikode Bureau

Milma Milk price
X

Summary

  • 2023 സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ അധിക പാല്‍വിലയായി എട്ടുകോടി രൂപ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നാണ് മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറയുന്നത്


മലബാര്‍ മില്‍മ നല്‍കിവരുന്ന അധിക പാല്‍ വില മാര്‍ച്ചിലും തുടരാന്‍ തീരുമാനിച്ചു. കാലിത്തീറ്റ വിലവര്‍ധന മൂലം പ്രയാസപ്പെടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇത് ആശ്വാസമേകും. അധിക പാല്‍വിലയായി നാലു കോടിയോളം രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീരകര്‍ഷകരിലേക്ക് മാര്‍ച്ച് മാസവും എത്തിച്ചേരും. നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ വീതമാണ് അധിക പാല്‍വിലയായി മില്‍മ നല്‍കിവരുന്നത്.

ഫെബ്രുവരി ഒന്നു മുതല്‍ 28 വരെയായിരുന്നു അധിക പാല്‍വില നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന മലബാര്‍ മില്‍മ ഭരണസമിതി യോഗം മാര്‍ച്ച് 31 വരെ ലിറ്ററിന് രണ്ടു രൂപ വീതമുള്ള അധിക പാല്‍വില നല്‍കുന്നത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഡെയറിയില്‍ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ വീതം അധിക പാല്‍വിലയായി മില്‍മ ക്ഷീരസംഘങ്ങള്‍ക്കും സംഘങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്കും നല്‍കും. അധിക പാല്‍വില കൂടി കൂട്ടുമ്പോള്‍ മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് ഒരുലിറ്റര്‍ പാലിന് നല്‍കിവരുന്നത് 47.59 രൂപയാണ്.

2023 സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ അധിക പാല്‍വിലയായി എട്ടുകോടി രൂപ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നാണ് മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറയുന്നത്.

പാല്‍വില വര്‍ധിപ്പിച്ചത് ഡിസംബറില്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് മില്‍മ അവസാനമായി പാല്‍ വില വര്‍ധിപ്പിച്ചത്. കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാല്‍ ലിറ്ററിന് 52 രൂപയായി. പാലിനൊപ്പം തൈരിനും പാല്‍ ഉപയോഗിച്ച് മില്‍മ നിര്‍മിക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിച്ചു. വിലവര്‍ധനയിലൂടെ അഞ്ചുരൂപ മൂന്നു പൈസയാണ് കര്‍ഷകന് അധികമായി ലഭിക്കുന്നത്. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകര്‍ഷകന് അധികമായി ലഭിക്കുന്നു. ഗുണനിലവാരമനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുന്നത്. പാല്‍, തൈര് എന്നിവയുടെ നിലവിലെ ഫിലിം സ്റ്റോക്ക് തീരുന്നത് വരെ പുതുക്കിയ നിരക്ക് പ്രത്യേകമായി പാക്കറ്റില്‍ രേഖപ്പെടുത്തും.

മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചത്. പാല്‍ ഉല്പാദനത്തിലും അനുബന്ധ മേഖലകളിലും ഉണ്ടായ ഗണ്യമായ ചെലവ് കണക്കിലെടുത്താണ് വില വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇളം നീല പായ്ക്കറ്റിലുള്ള 500 മില്ലി ലിറ്ററിന്റെ ടോണ്‍ഡ് പാലിന് 25 രൂപയും കടുംനീല പായ്ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോണ്‍ഡിന് 26 രൂപയുമാണ് പുതുക്കിയ നിരക്ക്.



കാലിത്തീറ്റ വില കുതിക്കുന്നു

കാലിത്തീറ്റയുടെ വിലവര്‍ധനയാണ് പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മയെ നിര്‍ബന്ധിപ്പിച്ചത്. പാല്‍വില കൂട്ടുന്നതിനു മുമ്പേ കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. പാല്‍വില കൂട്ടിയിട്ടും ഗുണമില്ലെന്നാണ് കര്‍ഷകരുടെ വേവലാതി.

കാലിത്തീറ്റ വില ചാക്കിന് 150 മുതല്‍ 180 രൂപ വരെ വര്‍ധിച്ചതാണ് കാരണം. കേരള ഫീഡ്സ് മിടുക്കി, എലൈറ്റ് തുടങ്ങിയ 50 കിലോ ചാക്കുകളില്‍ വരുന്ന ബ്രാന്‍ഡുകള്‍ക്ക് 150 രൂപ വര്‍ധിപ്പിച്ചപ്പോള്‍ മില്‍മയുടെ കാലിത്തീറ്റയ്ക്ക് 180 രൂപ കൂടി. വിലവര്‍ധന നിയന്ത്രിച്ചില്ലെങ്കില്‍ പശു വളര്‍ത്തല്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാദ്യം പാല്‍വില വര്‍ധന ആവശ്യപ്പെട്ട് ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയപ്പോള്‍ ലീറ്ററിന് നാലുരൂപ വീതം കര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എങ്കിലും ഇത് കര്‍ഷകര്‍ക്ക് ലഭിച്ചത് ജൂലൈയിലാണ്. 2019 മുതല്‍ 2022 വരെ കാലിത്തീറ്റയ്ക്കു നാലുതവണയാണ് വില വര്‍ധിപ്പിച്ചത്.

2019ല്‍ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1050 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1400നും 1550നും ഇടയിലായി. കഴിഞ്ഞ നവംബറില്‍ മില്‍മയുടെ ഗോമതി ഗോര്‍ഡ് കാലിത്തീറ്റയുടെ വില 1370ല്‍ നിന്ന് 1550 രൂപയും ഗോമതി റിച്ചിന്റെ വില 1240ല്‍ നിന്ന് 1400 രൂപയുമാണ് വര്‍ധിപ്പിച്ചത്. 20 പശുക്കളുള്ള ഒരു കര്‍ഷകന് ശരാശരി മൂന്ന് ചാക്കിലേറെ കാലിത്തീറ്റ ഒരുദിവസം വേണ്ടിവരുമെന്നിരിക്കെ വിലവര്‍ധന മൂലം ദിനംപ്രതി 600 രൂപ അധിക ചെലവുണ്ടാകും.

പാല്‍വില കൂട്ടിയാല്‍ പോലും കഴിഞ്ഞ ജൂലൈയില്‍ മാത്രം നല്‍കിയ ഇന്‍സെന്റീവിന്റെ പേരില്‍ കാലിത്തീറ്റയുടെ വില വന്‍തോതില്‍ കൂട്ടിയത് ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കിയെന്നു കര്‍ഷകര്‍ പറയുന്നു. ഇതുകൂടാതെ മൃഗങ്ങള്‍ക്ക് വരുന്ന രോഗങ്ങളുടെ ചികിത്സയ്ക്കും അമിത ചെലവാണ് ഉണ്ടാകുന്നത്. വായ്പയെടുത്തും കോവിഡ് കാലത്ത് പശുവളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി കണ്ട് വന്ന പുതിയ കര്‍ഷകര്‍ പലരും ക്ഷീരമേഖല കൈവിടുന്ന അവസ്ഥയിലെത്തി. കാലിത്തീറ്റ വില കുറയ്ക്കുകയോ ലീറ്ററിന് 4 രൂപ എന്ന നിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ് തുടരുകയോ ചെയ്യണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.