9 May 2023 4:00 PM IST
Summary
- കൊച്ചി മെട്രോയുടെ പ്രചാരണ പരിപാടികള്‍ ശക്തമാക്കാന്‍ മെട്രോ പ്രോമോ സെന്റര്‍
കൊച്ചി മെട്രോയുടെ പ്രചാരണ പരിപാടികള്‍ ശക്തമാക്കുന്നതിനായുള്ള മെട്രോ പ്രോമോ സെന്റര്‍ കലൂര്‍ സ്‌റ്റേഷനില്‍ ആരംഭിച്ചു. കൊച്ചി മെട്രോയുടെ വിവിധ ഓഫറുകള്‍, യാത്രാ പാസ്സുകള്‍ എന്നിവ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും മെട്രോ സ്റ്റേഷനുകളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യതകള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് എ കെഎംആര്‍എല്‍ പദ്ധതിയിടുന്നത്.
ഇതിന്റെ ഭാഗമായാണ് എംജി റോഡ് മെട്രോ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ മെട്രോ പ്രൊമോ സെന്റര്‍ ആരംഭിച്ചത്. കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിംഗ്, പ്രചാരണ പരിപാടികള്‍ എന്നിവ മെട്രോ പ്രോമോ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും. മൊബൈല്‍ ക്യൂ ആര്‍ ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, വിവിധ ട്രിപ്പ് പാസ്സുകള്‍, ഓഫറുകള്‍, വിവിധ സ്‌കീമുകള്‍, ഇളവുകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് മെട്രോ പ്രൊമോ സെന്ററുമായി ബന്ധപ്പെടാം. മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന് വേണ്ടിയും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും കസ്റ്റമര്‍ കെയര്‍ യൂണിറ്റ് നേതൃത്വം നല്‍കുന്നതാണ്.
കൊച്ചി മെട്രോയെ ജനപ്രിയമാക്കാനുള്ള പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് മെട്രോ പ്രോമോ സെന്റര്‍അധികൃതരെ അറിയിക്കാം. അതിലൂടെ മികച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും മെട്രോ പ്രോമോ സെന്റര്‍ പരിശ്രമിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് മെട്രോ പ്രോമോ സെന്റര്‍ പ്രവര്‍ത്തിക്കുക. രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളിലും അവധിയായിരിക്കും. metropromocentre@gmail.com എന്ന മെയില്‍ വഴിയോ 7736321888 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാവുന്നതാണ്.
നിലവില്‍ യാത്രക്കാരുടെ പരാതികള്‍/പ്രശ്‌നങ്ങള്‍ എന്നിവ പരിഹാരത്തിനായി നിലവില്‍ മുട്ടം യാര്‍ഡ് ആസ്ഥനമായി കസ്റ്റമര്‍ റിലേഷന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ യാത്ര സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് 1800 425 0355 എന്ന നമ്പറില്‍ വിളിക്കാം.
നീളുന്ന മെട്രോ
കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയാണ് പുതുക്കിയ ഭരണാനുമതി. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ചുലക്ഷം) കോടി രൂപയാകും.
തിരുവനന്തപുരം, കോഴിക്കോട് നിര്‍ദ്ദിഷ്ട മെട്രോ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചി മെട്രോ ലാഭം കൈവരിക്കാത്തതാണ് ഈ രണ്ട് മെട്ര പദ്ധതികള്‍ക്കും വിലങ്ങുതടിയായിരിക്കുന്നത്.
മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യത്തെ മേല്‍പ്പാലത്തിന്റെ നിര്‍മാണം നീട്ടിയിരിക്കുകയാണ്. ഒപ്പം റോഡിന്റെ വീതികൂട്ടല്‍, കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുമാറ്റുന്ന നടപടികള്‍ അടക്കം നിര്‍ത്തിവച്ചിട്ടുണ്ട്.