image

5 May 2023 7:14 AM

Business

നിയമനങ്ങളില്‍ കണക്കുതെറ്റിയെന്ന് കുറ്റസമ്മതം; 251പേരെ പിരിച്ചുവിട്ട് മീഷോ

MyFin Desk

meesho employees layoff
X

Summary

  • കാര്യങ്ങള്‍ വിശദീകരിച്ച് സിഇഒയുടെ ഇ-മെയ്ല്‍
  • 3 വര്‍ഷത്തിനിടെ കമ്പനി 10 മടങ്ങ് വളർന്നു
  • വളർച്ചാ ലക്ഷ്യം പുനഃക്രമീകരിച്ചു


ചെലവ് ചുരുക്കുന്നതിനും ലാഭം നേടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടെ 251 ജീവനക്കാരെ പിരിച്ചുവിട്ടതായി ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ അറിയിച്ചു. കമ്പനിയുടെ നിലവിലെ തൊഴില്‍ശേഷിയുടെ 15 ശതമാനത്തെ ആണ് ഒഴിവാക്കുന്നത്. മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുന്നു

ബാധിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും നോട്ടീസ് കാലയളവിനപ്പുറം നഷ്ടപരിഹാരമായി ഒരു മാസത്തെ അധിക ശമ്പളവും കമ്പനിയിൽ ഉണ്ടായിരുന്ന കാലയളവ് പരിഗണിക്കാതെ തന്നെ ഓഹരി പങ്കാളിത്തവും നല്‍കുമെന്നും ആത്രേ അറിയിച്ചു. കൊറോണ കാലഘട്ടത്തില്‍ വർധിച്ച സാധ്യതകളുടെ പശ്ചാത്തലത്തില്‍ ആവശ്യത്തിലധികം നിയമനം നടത്തിയെന്നും ഇക്കാര്യത്തില്‍ കമ്പനി നേതൃത്വത്തിന് കൂടുതല്‍ ജാഗ്രത ഉണ്ടാകാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 മുതൽ 2022 വരെയുള്ള കാലയളവില്‍ കമ്പനി 10 മടങ്ങ് വളർന്നു. കോവിഡ് സാഹചര്യങ്ങളും ആക്രമണാത്മക നിക്ഷേപങ്ങളും ഈ വളർച്ചയെ സഹായിച്ചു."ബൃഹത്തായ വിപണി സാഹചര്യം അനിഷേധ്യമായും ഗണ്യമായും മാറിയിട്ടുണ്ട്. തൽഫലമായി, പ്രോജക്‌റ്റ് റെഡ്‌ബുളിന്റെ ഭാഗമായി ലാഭത്തിലേക്ക് എത്താന്‍ നിശ്ചയിച്ച സമയപരിധി കുറക്കേണ്ടതുണ്ട്, മൊത്ത വ്യാപാര അളവ് അഥവാ ജിഎംവി സംബന്ധിച്ച വളർച്ചാ ലക്ഷ്യം പ്രതി വര്‍ഷം 30% എന്നതിലേക്ക് പുനഃക്രമീകരിക്കുന്നു," ആത്രേ ഇ-മെയിലില്‍ വ്യക്തമാക്കി.

ഈ കഠിനമായ സാഹചര്യങ്ങളിൽ ക്യാഷ് റിസർവ് കമ്പനിയെ സുരക്ഷിതമായി നിർത്തുന്നുവെങ്കിലും ചെലവിടലില്‍ വിവേകം പുലര്‍ത്തേണ്ടതുണ്ടെന്നും മെയിലില്‍ പറയുന്നു. മീഷോ ഇതിനകം തന്നെ ലാഭത്തിലേക്ക് നീങ്ങുകയാണെന്നും ഈ വർഷം എബിറ്റ്ഡ ബ്രേക്ക്‌ഇവൻ നേടാനുള്ള പാതയിലാണെന്നും ജെഫറീസ് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പറയുന്നു.