image

18 May 2023 4:01 PM IST

Business

മാമ്പഴ കര്‍ഷകര്‍ക്ക് ശുഭവാര്‍ത്ത: ഏപ്രിലില്‍ മാത്രം 25 കോടിയുടെ ഓണ്‍ലൈന്‍ വില്‍പന

MyFin Desk

മാമ്പഴ കര്‍ഷകര്‍ക്ക് ശുഭവാര്‍ത്ത: ഏപ്രിലില്‍ മാത്രം 25 കോടിയുടെ ഓണ്‍ലൈന്‍ വില്‍പന
X

പഴങ്ങളില്‍ മാത്രമല്ല, വില്‍പ്പനയിലും രാജാവായി മാറിയിരിക്കുകയാണ് മാങ്ങ. ഇന്ത്യയില്‍ ഏപ്രില്‍ മാസം മാത്രം ഓണ്‍ലൈനില്‍ 25 കോടി രൂപയുടെ മാമ്പഴത്തിന്റെ ഓര്‍ഡറാണ് ലഭിച്ചതെന്ന് പ്രമുഖ ഗ്രോസറി ഡെലിവറി ആപ്പ് ആയ സെപ്‌റ്റോ (Zepto) അറിയിച്ചു. അതും ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ നിന്നും മാത്രം ലഭിച്ചതാണ് ഇത്രയും വലിയ ഓര്‍ഡര്‍.

ഏപ്രിലില്‍ ഓരോ ദിവസവും മാമ്പഴത്തിനു മാത്രമായി ശരാശരി 60 ലക്ഷം രൂപയുടെ ഓര്‍ഡര്‍ സെപ്‌റ്റോയ്ക്ക് ലഭിച്ചു. മെയ് മാസവും മികച്ച ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ഏപ്രിലില്‍ മാസത്തേക്കാള്‍ മികച്ച വരുമാനം ഇതിലൂടെ പ്രതീക്ഷിക്കുകയാണു കമ്പനി.

മാമ്പഴങ്ങളില്‍ വച്ച് അല്‍ഫോന്‍സോ എന്ന ഇനത്തിനാണ് സെപ്‌റ്റോയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത്. സെപ്‌റ്റോയില്‍ നടന്ന മൊത്ത മാമ്പഴ വില്‍പ്പനയുടെ 30 ശതമാനവും അല്‍ഫോന്‍സോ നേടി. വന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അല്‍ഫോന്‍സോ മാമ്പഴം കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത്.

ആഭ്യന്തര, വിദേശ വിപണികളില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള ഇനമാണ് അല്‍ഫോന്‍സോ മാമ്പഴം. ആകര്‍ഷണീയമായ രുചിയും, സുഗന്ധവും, നിറവുമാണ് അല്‍ഫോന്‍സോയുടേത്.

അല്‍ഫോന്‍സോ കഴിഞ്ഞാല്‍ ബൈഗന്‍പള്ളി മാമ്പഴത്തിനാണ് ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചത്. മാമ്പഴ വില്‍പ്പനയുടെ 25 ശതമാനം ഈ ഇനത്തിന്റേതായിരുന്നു. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബൈഗന്‍പള്ളി മാമ്പഴത്തിന് വലിയ ഡിമാന്‍ഡാണുള്ളത്. വില്‍പ്പനയുടെ 15 ശതമാനം കൈവരിച്ചു കൊണ്ട് കേസര്‍ എന്ന ഇനം മൂന്നാം സ്ഥാനം നേടി. ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൂട് കാരണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണവും കൂടി വരികയാണ്.

പഴുത്ത മാങ്ങയ്ക്കു മാത്രമല്ല, ഏപ്രില്‍ മാസത്തില്‍ പച്ച മാങ്ങയ്ക്കും നല്ല ഡിമാന്‍ഡ് അനുഭവപ്പെട്ടതായി സെപ്‌റ്റോയുടെ കണക്കുകള്‍ പറയുന്നു. ഏപ്രിലില്‍ സെപ്‌റ്റോയിലൂടെ 25 ലക്ഷം രൂപയുടെ പച്ചമാങ്ങയ്ക്കുള്ള ഓര്‍ഡറാണ് ലഭിച്ചത്.