image

31 May 2023 9:55 AM GMT

Business

ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുമായി മണപ്പുറം ഫിനാന്‍സ്

Sandeep P S

manappuram finance with digital lending platform
X

Summary

  • ലക്ഷ്യം ടയര്‍2, ടയര്‍3 നഗരങ്ങളിലെ ഉപഭോക്താക്കള്‍
  • സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ ശക്തിപ്പെടുത്തുമെന്ന് കമ്പനി
  • കമ്പനിയുടെ എല്ലാ സാമ്പത്തിക ഉല്‍പ്പന്നങ്ങളും ഡിജിറ്റലായി ലഭ്യമാകും


വളർന്നുവരുന്ന ഡിജിറ്റൽ വായ്പാ മേഖലയിലേക്ക് ചുവടുവെക്കാൻ ലക്ഷ്യമിട്ട്, കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാൻസ് ലിമിറ്റഡ് പുതിയ ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമായ മാ-മണി (Ma-Money) അവതരിപ്പിച്ചു. മണപ്പുറം ഫിനാൻസ് വാഗ്‍ദാനം ചെയ്യുന്ന എല്ലാ സാമ്പത്തിക ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ഡിജിറ്റലായി ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ആപ്പ് അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് കമ്പനി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് വർദ്ധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും പുതിയ ആപ്പ് സഹായിക്കുമെന്നാണ് ഡിജിറ്റൽ സ്വർണ വായ്പകളിലെ മുൻനിരക്കാരായ കമ്പനി പ്രതീക്ഷിക്കുന്നത്. പ്രാഥമികമായി ടയർ 2, ടയർ 3 നഗരങ്ങളിലെ ഉപഭോക്താക്കളെയാണ് ആപ്പ് ലക്ഷ്യമിടുന്നത്.

വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകള്‍, കൺസ്യൂമർ ഡ്യൂറബിൾസ് വായ്പകള്‍ എന്നിവയ്ക്കു പുറമേ ആരോഗ്യ സംരക്ഷണ വ്യവസായം, ഭക്ഷ്യ വ്യവസായം, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കുള്ള വായ്പകളും കാർ വായ്പകള്‍,, വീട് നന്നാക്കാനുള്ള വായ്പകൾ തുടങ്ങിയ നിരവധി വായ്പകളും മാ-മണി വാഗ്‍ദാനം ചെയ്യുന്നു.

ഉപഭോക്താക്കൾക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിലുള്ള സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിൽ കമ്പനി എപ്പോഴും മുൻപന്തിയിലാണെന്ന് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. "ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാമ്പത്തിക ഉൽപ്പന്നങ്ങൾ ആക്സസ് ചെയ്യാൻ വേഗത്തിലും എളുപ്പത്തിലുമുള്ള ഒരു വഴി വേണമെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. മാ-മണി ഉപയോഗിച്ച്, അവർ എവിടെയായിരുന്നാലും ഏത് സമയത്തായാലും അവർക്ക് അത് ചെയ്യാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണപ്പുറം ഫിനാൻസിന്റെ ഡിജിറ്റൽ സാന്നിധ്യം വര്‍ധിപ്പിക്കാനും ഉപഭോക്താക്കൾക്ക് നൂതനവും സൗകര്യപ്രദവുമായ സാമ്പത്തിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് മാ-മണിയുടെ ലോഞ്ച്. ഈ ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ഡിവൈസുകളിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കാനും അവരുടെ അപേക്ഷകൾ ട്രാക്ക് ചെയ്യാനും അക്കൗണ്ടുകൾ നിയന്ത്രിക്കാനും കഴിയും.

ചെറിയ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഉപഭോക്താക്കൾക്ക് മുമ്പ് ലഭ്യമല്ലാതിരുന്ന നിരവധി വായ്പകളിലേക്കും സാമ്പത്തിക ഉൽപ്പന്നങ്ങളിലേക്കും ആപ്പ് പ്രവേശനം നൽകുന്നുവെന്നും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ അത്തരത്തില്‍ ശക്തിപ്പെടുത്തുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.