30 Dec 2022 7:00 AM GMT
വിശക്കുന്നുണ്ടോ ഒരു പൊറോട്ട എടുക്കട്ടെ? 2022ല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ പൊറോട്ടയുടെ വിളയാട്ടം
MyFin Bureau
Summary
- ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈനിലും പൊറോട്ട തന്നെയാണ് കേമന്‍
- ഇടിയപ്പം, പുട്ട്, ചപ്പാത്തി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയൊക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് പൊറോട്ടയാണെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്
ഭക്ഷണത്തില്‍ ഒരു നിയന്ത്രണവും വക്കാത്തവരാണ് മലയാളികള്‍. എന്തുകിട്ടിയാലും നമ്മള്‍ തിന്നും. കേരള ഫുഡിന് ആരാധകര്‍ ലോകാമെമ്പാടുമുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്നറിയാമോ? കപ്പ, മീന്‍കറി, ബിരിയാണി, സദ്യ, മസാല ദോശ, കുഴിമന്തി, ഇടിയപ്പം, പുട്ട്? ഏതാണ് നമ്മുടെ പ്രിയ വിഭവം. കൂട്ടത്തിലെ കൊമ്പനെവിടെ എന്നാകും ആലോചിക്കുന്നത്. കേരളത്തില്‍ കുറെയധികം കാലമായിട്ട് എല്ലാറ്റിനെയും പിന്നിലാക്കി അടിച്ചൊതുക്കുന്ന ഒരു ഐറ്റമുണ്ട്. പൊറോട്ടയും ബീഫും.
ഫുഡ് ഡെലിവറിയും മലയാളിയും
കാലം മാറിയതോടെ മലയാളിയുടെ ഭക്ഷണതീതിയില്‍ മാത്രമല്ല ഭക്ഷണം വാങ്ങുന്നരീതിയിലും വ്യത്യാസം വന്നു. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വന്നതോടെ ഹോട്ടല്‍ ഫുഡിനോടുള്ള ഭ്രമം പിന്നെയും കൂടി. ഇന്ന് സ്വിഗ്ഗിയെയും സൊമാറ്റോയെയും കുറിച്ച് അറിയാത്തവര്‍ പോലും വിരളമായിരിക്കും. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ആശ്രയിച്ച ആപ്പുകളില്‍ കൂടുതലും ഇതുപോലുള്ള ഫുഡ് ഡെലിവറി ആപ്പായിരിക്കും.
അങ്ങനെ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞു. പഴയതിലും കേമമായി കാര്യങ്ങളൊക്കെ മുന്നോട്ടു പോകാന്‍ തുടങ്ങി. കൂട്ടത്തില്‍ 'ഓണ്‍ലൈന്‍ ഫുഡ് ഷോപ്പിംഗും' തകൃതിയായി മുന്നേറുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യാതെ ഇരിക്കാന്‍ വയ്യാത്ത അവസ്ഥയിലായി.
പുതുവര്‍ഷപ്പിറവിക്കായി കാത്തിരിക്കുന്ന നമ്മള്‍ മലയാളികള്‍ 2022 ല്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് എന്താണെന്നറിയണ്ടേ.. ഇക്കൊല്ലമുണ്ടായ എല്ലാകാര്യങ്ങളും തിരിഞ്ഞുനോക്കുന്ന വര്‍ഷാവസാനത്തില്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. 2022ല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവത്തിന്റെ കണക്കാണിത്. വിഭവം ഏതാണെന്ന് പറയേണ്ടതില്ലല്ലോ.. പൊറോട്ടയാണ് ആ വിഭവം. ഏകദേശം 25 ലക്ഷത്തോളം ഫ്‌ളഫി പൊറോട്ട ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി കേരളം തിന്നുതീര്‍ത്തു.
ബിരിയാണിയെയും ഇടിയപ്പത്തെയും മറികടന്ന വിജയം
ഇഷ്ടവിഭവങ്ങളായ ബിരിയാണിയെയും ഇടിയപ്പത്തെയും തോല്‍പ്പിച്ചുകൊണ്ട് വന്‍ഭൂരിപക്ഷത്തോടെയാണ് പൊറോട്ട 2022 ന്റെ ഭരണം ഏറ്റെടുത്തിരിക്കുന്നത്. സ്വിഗ്ഗി പുറത്തുവിട്ട കണക്കുപ്രകാരം രണ്ടാം സ്ഥാനത്തുള്ള ചിക്കന്‍ബിരിയാണിക്ക് ലഭിച്ചത് 4.27 ലക്ഷം ഓര്‍ഡറുകളാണ്. 2.61 ലക്ഷം ഇടിയപ്പം ഓര്‍ഡര്‍ ചെയ്തതോടെ മൂന്നാം സ്ഥാനം ഇടിയപ്പം കൊണ്ടുപോയി. ഉത്തരേന്ത്യയില്‍ ഏറെ പ്രശസ്തമായ ദക്ഷിണേന്ത്യന്‍ വിഭവം മസാലദോശയാണ് ഇതില്‍ അഞ്ചാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം നേടിയതാകട്ടെ പത്തിരിയും.
ഓഫ്ലൈനിലും പൊറോട്ട തന്നെ
ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈനിലും പൊറോട്ട തന്നെയാണ് കേമന്‍. ഇടിയപ്പം, പുട്ട്, ചപ്പാത്തി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയൊക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് പൊറോട്ടയാണെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.
കുറഞ്ഞ ബജറ്റില്‍ നല്ല രുചിയോടെ വയറുനിറയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ എങ്ങനെ പൊറോട്ട വേണ്ടെന്നു വയ്ക്കും. മിക്കവരും ഇതിന് കൂട്ടായി തെരഞ്ഞെടുക്കുന്നത് ചിക്കന്‍ കറിയും ബീഫും ആണെന്നും കണക്കുകള്‍ പറയുന്നു. പ്രതിദിനം 700 മുതല്‍ 800 പൊറോട്ടകള്‍ വില്‍ക്കുന്ന കടകള്‍ നമ്മുടെ നാട്ടിലുണ്ട്. മാത്രമല്ല മലയാളികള്‍ അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ കൂടുതലായി ഓര്‍ഡര്‍ ചെയ്യുന്നത് വൈകുന്നേരങ്ങളിലാണെന്നാണ് സ്വിഗ്ഗി പറയുന്നത്.
ഇഷ്ടവിഭവങ്ങള്‍ വേറെയും
ഇതുകൂടാതെ മറ്റുചില കണക്കുകള്‍ കൂടി സ്വിഗ്ഗി പുറത്തുവിട്ടിട്ടുണ്ട്. 2022 ലെ ഏറ്റവും ജനപ്രിയമായ ലഘുഭക്ഷണം എന്നത് ചിക്കന്‍ ഫ്രൈയും അപ്പവുമാണ്. അതുപോലെ ഇഷ്ടപ്പെട്ട പലഹാരങ്ങളില്‍ ഉള്ളത് ഐസ്‌ക്രീം, ഫലൂഡ, ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിംഗ് എന്നിവയാണ്.