image

7 July 2023 10:03 AM

Business

മക്‌ഡൊണാള്‍ഡില്‍ തക്കാളി പടിക്ക് പുറത്ത്

MyFin Desk

mcdonalds also ditched tomatoes becouse of price
X

Summary

  • ജുലൈ 6ന് ഡല്‍ഹിയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 രൂപയായിരുന്നു
  • ദക്ഷിണ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് മൊത്തം തക്കാളി കൃഷിയുടെ 60 ശതമാനവും
  • 2023ന്റെ ആരംഭത്തില്‍, ജനുവരിയില്‍ കിലോ 22 രൂപയായിരുന്നു വില


ചിക്കന്റെ പാളികള്‍ക്കിടയിലൂടെ തക്കാളിയുടെ നേര്‍ത്ത കഷ്ണങ്ങളില്ലാതെ ബര്‍ഗര്‍ കഴിക്കാന്‍ സാധിക്കുമോ ?

ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ഇനി മുതല്‍ അങ്ങനെ കഴിക്കേണ്ടി വരും.

തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നു പലരും വീടുകളില്‍ പാചകം ചെയ്യുന്ന കറികളില്‍ നിന്നും തക്കാളിയെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഇതാ ഫാസ്റ്റ് ഫുഡ് ഭക്ഷണശൃംഖലയിലെ ഭീമനായ മക്‌ഡൊണാള്‍ഡും തക്കാളിയെ ഒഴിവാക്കി.

തക്കാളി ചേര്‍ത്തുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇനി വിളമ്പാന്‍ കഴിയില്ലെന്ന് കാണിച്ചു ഡല്‍ഹിയിലെ മക്‌ഡൊണാള്‍ഡ് രംഗത്തുവന്നു.ഡല്‍ഹിയിലെ മക്‌ഡൊണാള്‍ഡിന്റെ നോര്‍ത്ത്, ഈസ്റ്റ് ബ്രാഞ്ചുകളാണ് ഇക്കാര്യം ജുലൈ 7ന് അറിയിച്ചത്.

തക്കാളി കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങളിലെ ചൂട്, വിതരണ ശൃംഖലയെ താറുമാറാക്കിയ കനത്ത മഴ എന്നിവ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് തക്കാളിയുടെയും മറ്റ് പച്ചക്കറികളുടെയും വിലയില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായിരിക്കുന്നത്.

ജുലൈ 6ന് ഡല്‍ഹിയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 രൂപയായിരുന്നു. 2023ന്റെ ആരംഭത്തില്‍, ജനുവരിയില്‍ കിലോ 22 രൂപയായിരുന്നു വില. ജനുവരിയില്‍ പെട്രോളിന് ലിറ്ററിന് വില 96 രൂപയായിരുന്നു.

ഇന്ത്യയില്‍ ദക്ഷിണ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് മൊത്തം തക്കാളി കൃഷിയുടെ 60 ശതമാനവും. സാധാരണയായി എല്ലാ വര്‍ഷവും ജൂണ്‍-ജുലൈ മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും

തക്കാളി വില വര്‍ധന രേഖപ്പെടുത്താറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് പ്രധാനമായും ഈ കാലയളവില്‍ ഉല്‍പ്പാദനം കുറയുന്നതു മൂലമാണ്. എന്നാല്‍ ഇപ്രാവിശ്യം കര്‍ഷകര്‍ തക്കാളി കൃഷിക്ക് പ്രാധാന്യം നല്‍കാതെ മറ്റ് കൃഷിയിലേക്കു തിരിഞ്ഞതും പ്രതികൂല കാലാവസ്ഥയുമാണു തക്കാളിയുടെ വില വര്‍ധിക്കാന്‍ കാരണമായത്.