image

18 May 2023 5:45 PM GMT

Business

ലുലുവിന്റെ 355 കോടിയുടെ കോഴിക്കോട് ഷോപ്പിംഗ് മാള്‍ നവംബറില്‍ തുറന്നേക്കും

C L Jose

ലുലുവിന്റെ 355 കോടിയുടെ കോഴിക്കോട് ഷോപ്പിംഗ് മാള്‍  നവംബറില്‍ തുറന്നേക്കും
X

Summary

  • എസ്ബിഐയില്‍ നിന്നും പദ്ധതിക്കുള്ള ടേം ലോണ്‍ 266.25 കോടി
  • പ്രൊമോട്ടര്‍മാരുടെ സംഭാവന 88.75 കോടി
  • കോഴിക്കോടുള്ള മാളുകളില്‍ നിന്നും ലുലു കടുത്ത മത്സരം നേരിട്ടേക്കും


കോഴിക്കോട് നിർമാണത്തിലിരിക്കുന്ന ലുലു ഗ്രുപ്പിന്റെ ഷോപ്പിംഗ് മാളും കണ്‍വെന്‍ഷന്‍ സെന്ററും (എല്‍സിപിഎല്‍) നവംബറില്‍ പൊതുജനങ്ങൾക്കായി തുറന്നേക്കുമെന്നു സൂചനകൾ. മൊത്തം 355 കോടി മുതല്‍ മുടക്കിലാണ് പദ്ധതി പൂര്‍ത്തിയാക്കപ്പെടുന്നത്.

2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് നിർമാണ പ്രവർത്തനങ്ങളിൽ കമ്പനി 46 ശതമാനം സാമ്പത്തിക പുരോഗതി മാത്രമേ കൈവരിച്ചിട്ടുള്ളു. എങ്കിലും നവംബറില്‍ തന്നെ മാള്‍ തുറക്കാനാവുന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രോജക്ട് എന്നാണ് പദ്ധതി അറിയപ്പെടുന്നത്.

തുടക്കത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ലുലു ഉടമ യൂസഫ് അലിയും സഹോദരന്‍ അഷ്റഫ് അലിയും കൂടിയാണ് ഈ പദ്ധതി പ്രൊമോട്ട് ചെയ്തിട്ടുള്ളത്..

ആരംഭകാലത്ത് കണ്‍വെന്‍ഷന്‍ സെന്ററിനൊപ്പം ഹോട്ടലും നിര്‍മ്മിക്കാന്‍ ധാരണയായി. എന്നാല്‍ പിന്നീട് ഒരു റീടെയ്ല്‍ സെന്ററും (മാള്‍) കൂടി പദ്ധതിയില്‍ ഉള്‍പ്പെടുതുകയായിരുന്നു.

മാളിന്റെ 76 ശതമാനവും കൈവശം വച്ചശേഷം ബാക്കി പാട്ടത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ലുലു കൈവശം വെയ്ക്കുന്ന ഇടത്ത് സ്വന്തം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫാഷന്‍ സ്റ്റോറുകള്‍ എന്നിവ ഉണ്ടാകും.കുടുംബത്തിന് വിനോദത്തിനുള്ള ഇടവും വിഭാവനം ചെയ്യുന്നുണ്ട്. 13 ഏക്കറിലധികം സ്ഥലത്താണ് മാള്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്.

പദ്ധതിയുടെ ചെലവ് ആകെ 355 കോടി രൂപയാണ്. ഇതില്‍ 266.25 കോടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ടേം ലോണ്‍ ആണ്. പ്രൊമോട്ടര്‍മാരുടെ സംഭാവന 88.75 കോടി രൂപയും.

എന്നാൽ, മാർച്ച് 31 വരെ 165.01 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്കായി കമ്പനിയുടേതായി ചെലവായിക്കഴിഞ്ഞു; അതായതു മൊത്തം പ്രോജക്ട് ചെലവിന്റെ 46.48 ശതമാനം. ആദ്യ തീരുമാനമനുസരിച് പ്രൊമോട്ടർമാരുടെ വിഹിതം 88 കോടി രൂപ മാത്രമായിയ്ക്കുമെന്നാണ് കണക്കാക്കിയിരുന്നത്..

കോഴിക്കോട് നഗരത്തിലുള്ള മാള്‍ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റിംഗ്‌സ്ന്റെ കണക്കുകൂട്ടലുകളനുസരിച് ലുലുവിന്റെ ഈ മാള്‍ കോഴിക്കോട് നഗരത്തിൽ നിലവിലുള്ള മാളുകളില്‍നിന്നും കടുത്ത മത്സരം നേരിടാന്‍ സാധ്യതയുണ്ട്. കാരണം, നഗരത്തിലെ മിക്ക ഹൈപ്പര്‍ മാർക്കറ്റുകളും ദീര്‍ഘകാലമായി നിലകൊള്ളുന്ന ഒരു വിപണി തന്നെയാണ്.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന് ജിസിസി, ഇന്ത്യ, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ ഉടനീളം 250 സ്റ്റോറുകളും 20 ഷോപ്പിംഗ് മാളുകളും ഉണ്ട്.

കൊച്ചിയില്‍ ഗ്രൂപ്പിന്റെ ലുലു മാളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്താണ് കേരളത്തിലെ ഏറ്റവും വലിയ സംരംഭം ഗ്രൂപ്പ് ആരംഭിച്ചത്.

പാലക്കാട്, കോട്ടയം,തൃശൂര്‍ എന്നിവിടങ്ങളിലും ഷോപ്പിംഗ് മാളുകള്‍ തുറക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.