21 Dec 2022 9:15 AM GMT
Summary
- കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം
പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വ വികസന ക്ലബ്ബ് (ഇഡി) നടപ്പാക്കാനൊരുങ്ങി വ്യവസായ വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാനും വ്യവസായ മേഖലയുടെ വളര്‍ച്ചയെ പറ്റി അവബോധം സൃഷ്ടിക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
മികച്ച സംരംഭകനാകാനുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യവസായങ്ങളെ കുറിച്ചുള്ള വര്‍ക്ക് ഷോപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തും. ഇതിനു വേണ്ടി ഒരു സാമ്പത്തിക വര്‍ഷം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടി 20,000 രൂപ ഗഡുക്കളായി നല്‍കും.
ആദ്യ ഗഡുവിനുശേഷം രണ്ടാം ഗഡുവിനായി അപേക്ഷിക്കുമ്പോള്‍ ആദ്യ ഗഡു വിനിയോഗിച്ച സര്‍ട്ടിഫിക്കേറ്റ്, എക്സ്പെന്റീച്ചര്‍ സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ഹാജരാക്കണം. നിലവില്‍ ഗ്രാന്‍ഡിനായി ലഭിച്ചത് 28 അപേക്ഷകളാണ്. ഇതില്‍ 19 എണ്ണം അനുവദിച്ചുകഴിഞ്ഞു. ബാക്കി ഒന്‍പത് എണ്ണം ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണ്.
19 സ്ഥാപനങ്ങള്‍ക്ക് ആദ്യ ഘഡുവായി 1,90,000 രൂപ നല്‍കിക്കഴിഞ്ഞു. ഒരു സംരംഭം തുടങ്ങി വിജയകരമായി നടത്തികൊണ്ടുപോകാനുള്ള വൈദഗ്ധ്യവും സാങ്കേതികതയും യുവജനതയ്ക്ക് ഉണ്ടാക്കിയെടുത്ത് സംരംഭകത്യ സംസ്‌കാരത്തിലേക്ക് നയിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്ല്യം ജോണ്‍ പറഞ്ഞു.
നിലവില്‍ പാലക്കാട് ജില്ലയിലെ കോളേജുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ , വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളുകള്‍, പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിലായി 78 ഇഡി ക്ലബ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. 25 അംഗങ്ങളാണ് ഇതില്‍ ഉള്ളത്.