image

20 Jun 2023 10:45 AM IST

Business

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴില്‍ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്‍

Kochi Bureau

knowledge economy mission target of 1 lakh jobs
X

Summary

  • 472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് അവസരം


വിജ്ഞാനതൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കാണ് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ ഉറപ്പാക്കുക.

ജൂലൈയില്‍ 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് ഉള്ളില്‍ എല്ലാ ജില്ലകളിലും നൈപുണ്യ പരിശീലനവും തൊഴില്‍ മേളകളും നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തൊഴില്‍ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കാണ് പദ്ധതിക്കു കീഴില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുക.

തൊഴിലന്വേഷകരെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് തൊഴില്‍ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് പദ്ധതിയുടെ നടപ്പിലാക്കുന്നത്.

കരിയര്‍ കൗണ്‍സിലിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, വര്‍ക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെ തൊഴില്‍ സജ്ജരാക്കി തൊഴില്‍മേളകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുപ്പിച്ച് ഓഫര്‍ ലെറ്റര്‍ ലഭ്യമാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ നടത്തുക.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഐടിഐ, ഡിപ്ലോമ, പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള DWMSല്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് പരിശീലനം നല്‍കി തൊഴിലിന് സജ്ജരാക്കുന്നത്. റിമോര്‍ട്ട് വര്‍ക്കുകള്‍, ഫ്രീലാന്‍സ് ജോലികള്‍, വര്‍ക്ക് ഓണ്‍ ഡിമാന്‍ഡ് ജോലികള്‍, പാര്‍ട്ട് ടൈം ജോലികള്‍ ഉള്‍പ്പെടെ നവലോക തൊഴിലുകള്‍ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് നല്‍കുകയും അതോടൊപ്പം തൊഴില്‍ ദായകരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ തൊഴില്‍സേനയെ ലഭ്യമാക്കാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോം (DWMS) വഴി സാഹചര്യമൊരുക്കുകയും ചെയ്യും.