image

28 Dec 2022 11:00 AM GMT

Business

കില്‍ട്ടന്‍സ് ബിസിനസ് ഗ്രൂപ്പ്;പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ കെട്ടിപ്പടുത്ത സാമ്രാജ്യം

MyFin Bureau

കില്‍ട്ടന്‍സ് ബിസിനസ് ഗ്രൂപ്പ്;പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ കെട്ടിപ്പടുത്ത സാമ്രാജ്യം
X

Summary

  • മലയാളികള്‍ക്കിടയില്‍ മാത്രമല്ല, മറിച്ച് യുഎഇയില്‍ ഒരു ചെറിയ കച്ചവട സ്ഥാപനം മുതല്‍ വലിയ ബിസിനസ് സാമ്രാജ്യം വരെ സ്വപ്നം കണ്ട് കടല്‍ കടന്നെത്തുന്ന വിദേശ രാജ്യങ്ങളിലേയും നിക്ഷേപകരുടെ 'ഫസ്റ്റ് ചോയ്‌സു'കളിലൊന്നാണ് കില്‍ട്ടണ്‍സ് കമ്പനി


1947 ല്‍ ബോട്ടിലേറി ഷാര്‍ജയിലെത്തുകയും അവിടുത്തെ ആദ്യ റസ്റ്റോറന്റുകളിലൊന്നിന് തുടക്കം കുറിക്കുകയും ചെയ്ത മുത്തച്ഛനില്‍ നിന്ന് തുടങ്ങുന്നു കില്‍ട്ടന്‍സിന്റെ പ്രവാസീ ബിസിനസ് കഥ

'റിയാസ് കില്‍ട്ടണ്‍', യുഎഇയില്‍ പ്രത്യേകിച്ച് ദുബായില്‍ ബിസിനസുകാര്‍ക്കിടയില്‍ സുപരിചിതനായ ഒരു മലയാളിയുടെ പേരാണിത്. ബിസിനസ് മേഖലയില്‍ ഏവരുടേയും പറുദീസയായ ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ ലീഡിംഗ് കമ്പനിയാണ് കില്‍ട്ടന്‍സ് ബിസിനസ് സെറ്റപ്പ് സര്‍വിസസ്.

പ്രധാനമായും യുഎഇയിലെ മെയിന്‍ലാന്‍ഡ്, ഫ്രീസോണ്‍, ഓഫ്‌ഷോര്‍ മേഖലകളില്‍ കമ്പനി രൂപീകരണ സേവനങ്ങളും വെര്‍ച്വല്‍ ഓഫീസ് സേവനങ്ങളുമുള്‍പ്പെടെ ഒരു ബിസിനസ്സ് തുടങ്ങാനാവശ്യമായ എ ടു ഇസെഡ് കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന Kiltons Business Setup Services LLC, 1999 മുതലാണ് ഈ ബിസിനസ് സേവന രംഗത്ത് സജീവമാകുന്നത്.

ദുബായിലെ അല്‍ തവാര്‍ സെന്ററിന് സമീപത്താണ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷേ, അല്‍തവാര്‍ പരിസരം ഇന്നു കാണുന്ന വളര്‍ച്ചയും പുരോഗതിയും കൈവരിക്കുന്നതിന് മുന്‍പേ ആ മേഖലയില്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കില്‍ട്ടണ്‍ കമ്പനിക്ക് സാധിച്ചതില്‍ കമ്പനി സിഇഒ റിയാസ് കില്‍ട്ടന്റെ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും ചെറുതല്ലാത്ത പങ്കുണ്ട്.

ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായികളുടെ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) സഹസ്ഥാപകനും ബിസിനസുകാരുടെയും പിആര്‍ഒ മാരുടെയും ഔദ്യേഗിക കൂട്ടായ്മയായ യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന്‍ വൈസ് പ്രസിഡന്റും കൂടിയാണ് നിലവില്‍ റിയാസ് കില്‍ട്ടണ്‍.

കമ്പനി നല്‍കുന്ന സേവനങ്ങള്‍

മലയാളികള്‍ക്കിടയില്‍ മാത്രമല്ല, മറിച്ച് യുഎഇയില്‍ ഒരു ചെറിയ കച്ചവട സ്ഥാപനം മുതല്‍ വലിയ ബിസിനസ് സാമ്രാജ്യം വരെ സ്വപ്നം കണ്ട് കടല്‍ കടന്നെത്തുന്ന വിദേശ രാജ്യങ്ങളിലേയും നിക്ഷേപകരുടെ 'ഫസ്റ്റ് ചോയ്‌സു'കളിലൊന്നാണ് കില്‍ട്ടണ്‍സ് കമ്പനി.

ബിസിനസ് ലൈസന്‍സുകള്‍, കമ്പനി രജിസ്‌ട്രേഷന്‍, ഓഫീസ് സ്‌പേസ്, കമ്പനി രൂപീകരണ സേവനങ്ങള്‍, അക്കൗണ്ടിംഗ് , മാര്‍ക്കറ്റിംഗ്്, കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗ്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മുതലായ മറ്റു നിരവധി സേവനങ്ങളും വളരെ കൃത്യനിഷ്ടയോടെയും വിശ്വസ്തതയോടെയും ചെയ്തുകൊടുക്കാന്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിക്ക് അനായാസം സാധിക്കുന്നുവെന്നതാണ് കമ്പനിയുടെ വിജയ മന്ത്രം.

നാലു തലമുറ നീളുന്ന പാരമ്പര്യം

നാലു തലമുറ പിന്നോട്ട് നീളുന്ന സമ്പന്ന പാരമ്പര്യം തന്നെയാണ് കില്‍ട്ടണ്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്റെ വിജയത്തിലെ പ്രധാന കരുത്ത്. 1948ലാണ് ആദ്യമായി റിയാസ് കില്‍ട്ടന്റെ മുത്തച്ഛന്‍ സി ഹംസ അബൂബക്കര്‍ യുഎഇയിലെത്തിയത്. അന്നു മുതലുള്ള തന്റെ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളും വിലപ്പെട്ട രേഖകളുമെല്ലാം ഖിസൈസിലെ അദ്ദേഹത്തിന്റെ ഓഫീസ് ചുമരില്‍ ഒരു ചരിത്രകഥയെന്ന വണ്ണം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടണില്‍നിന്ന് ഇന്ത്യ സ്വതന്ത്ര്യമാകുന്ന 1947 കാലഘട്ടത്തില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ ഒരു റസ്റ്റൊറന്റ് നടത്തിയിരുന്ന മുത്തച്ഛന്‍ ഹംസ അബൂബക്കര്‍ അന്നത്തെ ബോംബെയില്‍നിന്ന് ബോട്ടില്‍ കടല്‍ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിനിടയിലാണ് ഷാര്‍ജയില്‍ തങ്ങേണ്ടി വന്നതും അവിടെ ഷാര്‍ജയിലെ ആദ്യത്തെ റെസ്റ്റോറന്റുകളില്‍ ഒന്നാണെന്ന് പറയപ്പെടുന്ന 'ബിസ്മില്ല ഹോട്ടല്‍' നടത്തിയതും.

സൂഖ് അല്‍ അര്‍സയുടെ ഉള്ളിലായിരുന്നു ഈ ഹോട്ടല്‍. ഷാര്‍ജ സര്‍ക്കാര്‍ സൂഖ് പെതൃകമേഖലയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ആ സ്ഥലം ഇന്നും നിലനില്‍ക്കുന്നുണ്ട്. ബിസിനസ് പുരോഗമിച്ചതോടെ കില്‍ട്ടന്റെ പിതാവ് അബ്ദുള്‍ കാദറിനെ 1962ലാണ് മുത്തച്ഛന്‍ ഷാര്‍ജയിലേക്ക് കൊണ്ടുവന്നത്.





ബോംബെ-കറാച്ചി-ദുബൈ തുറമുഖം വഴിയാണ് 13ാം വയസ്സില്‍ അബ്ദുള്‍ കാദര്‍ ഷാര്‍ജയിലെത്തിയത്. വൈദ്യുതി അത്ര വ്യാപകമല്ലാത്ത അക്കാലത്ത്, റസ്റ്റോറന്റില്‍ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയെന്നതായിരുന്നു അബ്ദുള്‍ കാദറിന്റെ ജോലി.

പിന്നീട് റെസ്റ്റോറന്റ് ബിസിനസ് അവസാനിപ്പിച്ച് അബൂബക്കര്‍ ബ്രിട്ടീഷ് ആര്‍മി ഓഫ് ട്രൂഷ്യല്‍ സ്റ്റേറ്റ്‌സില്‍ ചേര്‍ന്നു. 1965ല്‍ പിതാവ് അബ്ദുള്‍ കാദറും ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നു. ട്രൂഷ്യല്‍ ഒമാന്‍ സ്‌കൗട്ട്‌സ് എന്ന് വിളിക്കപ്പെട്ടിരുന്ന ആ സേനയാണ് ഒടുവില്‍ യുഎഇ സായുധ സേനയായി മാറിയത്.

31 വര്‍ഷം രാജ്യത്തിന്റെ സായുധ സേനയില്‍ സേവനമനുഷ്ഠിച്ച അബ്ദുള്‍ കാദര്‍ 1993 ല്‍ ഷെയ്ഖ് മുഹമ്മദില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചാണ് ഔദ്യോഗിക പദവിയില്‍നിന്ന് വിരമിച്ചത്. കില്‍ട്ടന്റെ മാതാവ് നഫീസയും അക്കാലത്ത് തന്നെ യുഎഇയിലെത്തിയിരുന്നു. ഇന്ന് കില്‍ട്ടനൊപ്പമാണ് മാതാവിന്റെ താമസം.




അന്ന് ചന്ദ്രിക റീഡേഴ്‌സ് ഫോറം എന്ന പേരില്‍ ആരംഭിച്ച കെഎംസിസിയുടെ സ്ഥാപക അംഗവും മുന്‍ പ്രസിഡന്റുമായിരുന്നു അബ്ദുല്‍ കാദര്‍. അന്നത്തെ മലയാളി സമാജത്തിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

1994ല്‍ മികച്ച നേവല്‍ സ്‌കൗട്ടിനുള്ള ഇന്ത്യന്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ കില്‍ട്ടണും പിന്നീട് ദുബൈയിലെത്തി പിതാവിനൊപ്പം ചേരുകയായിരുന്നു. 1999 ലാണ് ആദ്യമായി അബ്ദുല്‍ കാദര്‍ ഷാര്‍ജയില്‍ ഷെയ്ഖ് അബ്ദുല്ല മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി (സാംകോ) എന്ന ബിസിനസ് സെറ്റപ്പ് സര്‍വീസ് കമ്പനി ആരംഭിക്കുന്നത്. പിന്നീട് ആ കമ്പനിയാണ് കില്‍ട്ടണ്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.

ലക്ഷദ്വീപിലെ കില്‍ട്ടണ്‍ ദ്വീപില്‍ നിന്നുമുള്ള പ്രത്യേക ശര്‍ക്കര ചേര്‍ത്തുള്ള മധുരപലഹാരത്തിന്റെ വ്യാപാരിയായിരുന്നു കിള്‍ട്ടന്റെ മാതാവിന്റെ ഉപ്പ. അതില്‍ നിന്നും വന്ന പേരില്‍ 'കിള്‍ട്ടണ്‍ വീട്' എന്നാണ് പൊന്നാനിയില്‍ കുടുംബം അറിയപ്പെടുന്നത്. ആ പാരമ്പര്യം നിലനിര്‍ത്താനാണ് തന്റെ കമ്പനി കില്‍ട്ടണ്‍ എന്ന് പുനര്‍നാമകരണം ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.




നിലവില്‍ ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമായ കില്‍ട്ടണ്‍ 2002 മുതലാണ് പിതാവിനൊപ്പം ബിസിനസ്സില്‍ സജീവമാകാന്‍ തുടങ്ങിയത്.

ഇതിനു പുറമേ, കെന്‍സ് ക്രീംസ് ആന്റ് കഫേ, സ്‌പൈഡര്‍ വര്‍ക്ക്‌സ്, എംപീരിയ, ബിസിനസ് മന്ത്ര, അല്‍ മദീന ഗോള്‍ഡ് ബുള്ളിയന്‍, മര്‍ഹബ കെയര്‍ ഹോം നഴ്‌സിംഗ്, കില്‍ട്ടണ്‍ പ്രോപ്പര്‍ട്ടീസ്, കില്‍ട്ടണ്‍ ലാന്‍ഡ്‌സ്‌കേപ്പ് ആന്‍ഡ് പൂള്‍, കില്‍ട്ടണ്‍സ് ഓഡിറ്റ് ആന്‍ഡ് ടാക്‌സ് കണ്‍സള്‍ട്ടന്‍സി, സുല്‍ത്താന്‍ അല്‍ അറബ് റെസ്റ്റോറ്ന്റ്, ഗള്‍ഫ് കമ്മോഡിറ്റീസ് കോംഗോ എന്നീ കമ്പനികളുടെ കൂടി ഡയരക്ടരാണ് അദ്ദേഹം. ദുബൈയില്‍ ഭാര്യയോടും മക്കളോടുമൊപ്പമാണ് കില്‍ട്ടണ്‍ ഇപ്പോള്‍ താമസിക്കുന്നത്.