21 July 2023 6:15 AM GMT
ചന്ദ്രയാന്‍-3; അഭിമാന നേട്ടത്തില്‍ പങ്കാളികളായി കേരളത്തിന്റെ സ്വകാര്യ സംരംഭങ്ങളും
Kochi Bureau
Summary
- ബഹിരാകാശ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മികവാര്‍ന്ന സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിച്ചെടുക്കാന്‍ കേരളം പദ്ധതിയിടുന്നു.
രാജ്യത്തിന്റെ അഭിമാന നേട്ടമായ ചന്ദ്രയാന്‍ 3 ല്‍ പങ്കാളികളായി കേരളത്തിന്റെ 15 ഓളം സ്വകാര്യ വ്യവസായങ്ങള്‍. എയ്‌റോപ്രിസിഷന്‍, ബിഎടിഎല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്റസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്റ്റ് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്റസ്ട്രീസ്, വജ്ര റബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പിഎംഎസ് എന്നീ സ്ഥാപനങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായത്. നിലവില്‍ ആറ് പൊതു മേഖലാ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്നും ദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തെ എയ്‌റോസ്‌പേസ് ഉത്പന്നങ്ങളുടെ ഉല്‍പാദന, സേവന ഹബ്ബായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ നേട്ടമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
'ചന്ദ്രയാന്‍ 3 കുതിച്ചുയരുമ്പോള്‍ കേരളത്തിന്റെ ഒരു സ്വപ്നത്തിന് കൂടിയാണ് ചിറക് മുളക്കുന്നത്. കേരളത്തെ വ്യോമയാന-റോബോട്ടിക്‌സ് വ്യവസായങ്ങളുടെ ഹബ്ബാക്കിമാറ്റുമെന്ന് 2023ലെ വ്യവസായനയം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സാധ്യമാകുന്നതിന് ബഹിരാകാശ-റോബോട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. നാം കൃത്യമായ ദിശയിലേക്കാണ് നടക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ചാന്ദ്രയാന്‍ 3ലെ നമ്മുടെ പങ്കാളിത്തം. ഇതിന് പുറമെ സഫ്രാന്‍ പോലുള്ള ആഗോളവ്യവസായങ്ങളുടെ കടന്നുവരവ്. സ്‌പേസ് പാര്‍ക്കും സ്‌പേസ് ക്ലസ്റ്ററും ഈ മേഖലയില്‍ ആരംഭിക്കുന്നതിലൂടെ പുത്തന്‍ ഉണര്‍വ്വ് വ്യോമയാന-പ്രതിരോധ മേഖലയില്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും.,' പി രാജീവ് വ്യക്തമാക്കി.
പുതിയ വ്യവസായനയത്തില്‍ ഈ മേഖലയില്‍ ഇപ്പോഴുള്ള സംരംഭങ്ങളുടെ സ്‌കേലിങ്ങ് അപ്പിനും ഡിഫന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേകമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാവശ്യമായ സഹായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തെ എയ്‌റോസ്‌പേസ് ഉത്പന്നങ്ങളുടെ ഉല്‍പാദന, സേവന ഹബ്ബായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് നയത്തില്‍ അടിവരയിട്ടിട്ടുണ്ട്. ഇതിനായി ബഹിരാകാശ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിച്ചെടുക്കാന്‍ കേരളം ശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ബഹിരാകാശ പാര്‍ക്ക് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചക്കായി കേരള സ്‌പേസ് പ്രൊജക്റ്റിന്റെ ഭാഗമായി വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.