image

2 Feb 2023 5:45 AM GMT

Business

കേരള കോണ്‍ക്ലേവ് വിഷന് ഈ മാസം നാലിന് കോഴിക്കോട്ട് തുടക്കം

MyFin Bureau

kerala conclave 2023 calicut
X

Summary

  • തുടര്‍ ചാപ്റ്ററുകള്‍ കൊച്ചി, തിരുവനന്തപുരം, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍


'കേരളത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കുന്നു' എന്ന പ്രമേയത്തിലുള്ള കേരള കോണ്‍ക്ലേവ് വിഷന്‍ ഈ നാലിന് കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ പതിറ്റാണ്ടുകളിലെ കേരളത്തിന്റെ വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക രംഗങ്ങളിലുണ്ടായ നേട്ടങ്ങള്‍, ഭാവി വികസനം, പുതിയ നിക്ഷേപ സാധ്യതകള്‍ എന്നിവ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. കേരളത്തിലെയും യുഎഇയിലെയും പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭകരായ ആര്‍ബിഎസ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്‌കെ ബിസിനസ് കണ്‍സള്‍ട്ടന്‍സി, മാപ് ലിത്തോ സൊലൂഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് കേരള കോണ്‍ക്ലേവ് വിഷന്‍ സംഘടിപ്പിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ വൈകാതെ കേരള കോണ്‍ക്ലേവ് വിഷന്റെ തുടര്‍ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ക്ലേവ് സഹ സ്ഥാപകനും ആര്‍ബിഎസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഹബീബ് കോയ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിക്ഷേപ സാധ്യതകളുമെല്ലാം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കും ഇംപ്ലിമെന്റേഷനുമായി വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കേരള കോണ്‍ക്ലേവ് എക്സിക്യൂട്ടീവ് ഡയറക്ടറും മാപ് ലിത്തോ സൊലുഷന്‍ സിഇഒയുമായ ഫൈസല്‍ എം ഖാലിദ് പറഞ്ഞു. 2050 യുഎന്‍ നെറ്റ് സീറോ മിഷന്‍ ലക്ഷ്യം കാണാന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കും സംഘടനകള്‍ക്കും മെഗാ കോക്ലൈവില്‍ വേള്‍ഡ് ഗ്രീന്‍ ഫ്യൂച്ചര്‍ അവാര്‍ഡ് സമ്മാനിക്കും.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രാവിലെ 9.30ന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കേരള കോണ്‍ക്ലേവ് എക്സിക്യുട്ടീവ് ഡയറക്ടറും കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ ഡോ ബിജു രമേശ് അധ്യക്ഷനാകും.

11.30ന് നടക്കുന്ന നോളജ് കോണ്‍ക്ലേവ് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ അംബാസിഡറും കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി പി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും. ട്രയല്‍ ട്രോപ് സിഇഒ സഫീര്‍ നജ്മുദ്ദീന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് പാനല്‍ ചര്‍ച്ച നടക്കും.

നാലാം തിയ്യതി ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യൂത്ത് കോണ്‍ക്ലേവ് ടൂറിസം-പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എംപി മുഖ്യ അതിഥിയായി ഓണ്‍ലൈനില്‍ സംവദിക്കും. കൈറ്റ്സ് ഇന്ത്യ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ക്ലെയര്‍ സി ജോണ്‍ വിഷയാവതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ മുഹമ്മദ് റസലും പങ്കെടുത്തു.