6 Feb 2023 11:45 AM IST
ഡീസല്‍ കര്‍ണാടകയില്‍ നിന്ന്; കാസര്‍ഗോഡ് കെഎസ്ആര്‍ടിസിയ്ക്ക് പ്രതിമാസം ഏഴുലക്ഷം രൂപ ലാഭം
Kozhikode Bureau
Summary
- നിലവില്‍ 87.89 രൂപയാണ് മംഗളൂരുവില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില
നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വഴി കണ്ടെത്തിയിരിക്കുകയാണ് കാസര്‍കോട് ഡിപ്പോ. ഈമാസം ഒന്നുമുതല്‍ ഡിപ്പോയിലെ 26 ബസുകള്‍ ഡീസലടിക്കുന്നത് മംഗളൂരുവില്‍ നിന്നാണ്. കര്‍ണാടകയിലെ ഡീസല്‍ വിലക്കുറവാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമാകുന്നത്.
കാസര്‍ഗോഡ് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ ദിവസേന 124 റൗണ്ട് ട്രിപ്പുകളാണ് നടത്തുന്നത്. മംഗളൂരു ഇന്ത്യാന ആശുപത്രിക്കടുത്തുള്ള പമ്പില്‍ നിന്നാണ് ഇവ ഇന്ധനം നിറയ്ക്കുക. കാസര്‍ഗോഡ് ഡിപ്പോയിലെ വാഹനങ്ങള്‍ കൂടാതെ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന നാല് ബസുകള്‍, മൂന്ന് മംഗളൂരു ബസുകള്‍ എന്നിവ കര്‍ണാടകയില്‍ പോകുന്നുണ്ട്.
ഒരു ലിറ്റര്‍ ഡീസലിന് എട്ടു രൂപയോളം വ്യത്യാസം
നിലവില്‍ 87.89 രൂപയാണ് മംഗളൂരുവില്‍ ഒരുലിറ്റര്‍ ഡീസലിന്റെ വില. അതേസമയം കാസര്‍ഗോഡ് വില 95.40 ആണ്. എട്ട് രൂപയോളം വ്യത്യാസമാണ് ഡീസല്‍ വിലയില്‍ കേരളവും കര്‍ണാടകയും തമ്മിലുള്ളത്. കാസര്‍ഗോഡ്-മംഗളൂരു സര്‍വിസ് നടത്തുന്നതിന് ഒരുദിവസം 2,860 ലിറ്റര്‍ ഡീസലാണ് വേണ്ടത്. മംഗളൂരുവില്‍ വച്ച് ഇത്രയും ഡീസല്‍ നിറച്ചാല്‍ ഇന്ധനച്ചെലവില്‍ ശരാശരി 22,880 രൂപ ദിവസേന ലാഭിക്കാന്‍ സാധിക്കും. മംഗളൂരു, കൊല്ലൂര്‍, സുള്ള്യ മേഖലകളിലേക്ക് സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര ബസുകളും ഇങ്ങനെ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ പ്രതിദിനം 50,000 രൂപയോളം ലാഭിക്കാന്‍ സാധിക്കും.
ലാഭിക്കാന്‍ സ്വിഫ്റ്റ് ബസുകളും
മിക്ക ദീര്‍ഘ ദൂര ബസുകള്‍ക്കും 250 മുതല്‍ 400 ലിറ്റര്‍ വരെ ഡീസല്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍ ലാഭമാണ്. ഇപ്പോള്‍ സ്വിഫ്റ്റ് ബസുകളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. വയനാട് വഴി കര്‍ണാടകയില്‍ പോകുന്ന കെഎസ്ആര്‍ടിസി ബസുകളോടും ഡീസല്‍ അവിടെ നിന്ന് അടിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്.
മൂന്നു ലക്ഷം രൂപ ലാഭിച്ച് വയനാട് ബസ്സുകള്‍
വയനാട് ജില്ലയിലെ മാനന്തവാടിയിലൂടെ ബംഗളൂരുവിലേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കര്‍ണാടകയില്‍ വച്ച് പ്രത്യേക ഫ്യുവല്‍ കാര്‍ഡുപയോഗിച്ച് ഡീസലടിച്ചപ്പോള്‍ പ്രതിമാസം മൂന്നു ലക്ഷം രൂപയോളം ലാഭിക്കാന്‍ കഴിഞ്ഞിരുന്നു. കാസര്‍ഗോഡ് ഡിപ്പോയിലെ മംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളെല്ലാം കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയാണെങ്കില്‍ മാസത്തില്‍ ഏഴുലക്ഷത്തോളം രൂപ ഇന്ധനച്ചെലവില്‍ ലാഭിക്കാനാകുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രതീക്ഷ.
വൈറലായി കര്‍ണാടക പമ്പുടമകളുടെ പരസ്യം
കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ പ്രേരിപ്പിക്കുന്ന പമ്പുടമകളുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും വില വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് അതിര്‍ത്തി നഗരങ്ങളിലെ പമ്പുകള്‍ പരസ്യം ചെയ്തിരിക്കുന്നത്.
എംഡിയുടെ ഉത്തരവ്
ഡീസലിന് കേരളത്തേക്കാള്‍ എട്ട് രൂപയോളം കുറവുള്ളതിനാല്‍ കര്‍ണാടകയില്‍ കയറുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും അവിടെ നിന്ന് ഡീസല്‍ അടിച്ചാല്‍ മതിയെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശിച്ചിരുന്നു.
സേവന നികുതിയിലെ വ്യത്യാസം
സംസ്ഥാന സര്‍ക്കാരിന്റെ സേവന നികുതി കൂടിയതാണ് കര്‍ണാടകയും കേരളവും തമ്മിലുള്ള വിലവ്യത്യാസത്തിന്റെ പ്രധാന കാരണം. കോഴിക്കോട് നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ചരക്കുനീക്കത്തിന്റെ തുകയും മലബാറിലെ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.