image

17 Jun 2023 10:45 AM

Business

കണ്ണൂര്‍ വിമാനത്താവളം; ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലേയ്ക്ക്

Kochi Bureau

കണ്ണൂര്‍ വിമാനത്താവളം; ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലേയ്ക്ക്
X

Summary

  • ഭൂമിവിലയായി ആകെ നിശ്ചയിച്ചിട്ടുള്ളത് 723 കോടി രൂപയാണ്


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള 500 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുക്കല്‍ പ്രക്രിയ അവസാനഘട്ടത്തിലേക്ക്. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര വഴി കീഴല്ലൂര്‍-പട്ടാന്നൂര്‍ വില്ലേജുകളിലുള്ള 500 ഏക്കര്‍ ഭൂമിയാണ് വ്യവസായ ആവശ്യത്തിനായി ഏറ്റെടുക്കുന്നത്.

ഭൂമിവിലയായി ആകെ നിശ്ചയിച്ചിട്ടുള്ള 723 കോടി രൂപ നല്‍കിത്തുടങ്ങിയത് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. ഏറ്റെടുപ്പ് നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചതിനാല്‍ നഷ്ടപരിഹാര തുക നല്‍കിത്തീരുന്ന പക്ഷം ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. സ്ഥലം എംഎല്‍എ കൂടിയായ ശ്രീമതി കെകെ ശൈലജ ടീച്ചര്‍ ഇതുമായി ബന്ധപ്പെട്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നടന്നുവരികയാണ്. വളരെപ്പെട്ടെന്നുതന്നെ വ്യവസായമേഖലയിലും കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ കണ്ണൂരിന് സാധിക്കും വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മട്ടന്നൂരില്‍ കിന്‍ഫ്രയ്ക്ക് കീഴില്‍ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന എട്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകളില്‍ ഒന്ന് കണ്ണൂരിലാണ്. പത്ത് ഏക്കറിലധികം ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഈ വ്യവസായ പാര്‍ക്കിന്റെ ഉദ്ഘാടനം ഈ വര്‍ഷം തന്നെ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വടക്കന്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള യാത്രാദുരിതത്തിന് താത്കാലിക ആശ്വാസമാകും. കണ്ണൂര്‍ ഷാര്‍ജ റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സര്‍വീസ് നടത്തുക.