Summary
- കഴിഞ്ഞ കുറച്ച് വർഷങ്ങളായി വരുമാനം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
- ഗ്രൂപ്പ് കമ്പനിയായ ആലുക്കാസ് ഗോൾഡ് റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, H1-FY23 അറ്റാദായം 37 കോടി രൂപ രേഖപ്പെടുത്തി.
കൊച്ചി: മുൻനിര ജുവല്ലറി സ്ഥാപനമായ ജോസ് ആലുക്കാസ് ഗ്രൂപ്പ് 2022 സെപ്റ്റംബർ 30-ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിൽ (H1-FY23) 83 കോടി രൂപ ഏകീകൃത അറ്റാദായം നേടിയതായി റിപ്പോർട്ട്.
ദക്ഷിണേന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നാണ് ജോസ് ആലുക്കാസ് ഗ്രൂപ്പ്.
ഒരു പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
അതേ സമയം, ഗ്രൂപ്പ് കമ്പനിയായ ആലുക്കാസ് ഗോൾഡ് റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, H1-FY23 അറ്റാദായം 37 കോടി രൂപ രേഖപ്പെടുത്തി.
ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ 2021-22 (FY22) മുഴുവൻ വർഷത്തെ അറ്റാദായം 158 കോടി രൂപയായിരുന്നപ്പോൾ, കഴിഞ്ഞ സാമ്പത്തിക വർഷം (FY21) അത് 308 കോടി രൂപയായിരുന്നു.
പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ (ICRA), ഗ്രൂപ്പിന്റെ ദീർഘകാല റേറ്റിംഗ് ICRA-A (സ്ഥിരമായ കാഴ്ചപ്പാടോടെ) വീണ്ടും സ്ഥിരീകരിച്ചു. ഏജൻസി റേറ്റുചെയ്ത ഗ്രൂപ്പിന്റെ മൊത്തം ക്രെഡിറ്റ് 550 കോടി രൂപയാണ്.
റേറ്റിംഗുകളുടെ ആവർത്തന സ്ഥിരീകരണം, H1-FY23-ലെ ഗ്രൂപ്പിന്റെ ആരോഗ്യകരമായ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നു; ആസൂത്രിതമായ സ്റ്റോർ വിപുലീകരണവും വ്യവസായത്തിലെ ശക്തമായ മുന്നേറ്റവും വഴി ഗ്രൂപ്പ് ഇടക്കാല കാലയളവിൽ സുസ്ഥിരമായ പ്രകടനം കാഴ്ചവെക്കുമെന്ന ഐസിആർഎയുടെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുന്നു,” ഏജൻസി അഭിപ്രായപ്പെട്ടു.
വരുമാനം വർധിച്ചു
ലാഭത്തിൽ കാണുന്ന പ്രവണതയ്ക്കപ്പുറം ഗ്രൂപ്പ് അതിന്റെ വരുമാനത്തിൽ വർഷം തോറും ശക്തമായ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 സാമ്പത്തിക വർഷത്തിൽ 6,580 കോടി രൂപ വരുമാനമുണ്ടായിരുന്ന ഗ്രൂപ്പ് 2022 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം വളർച്ച രേഖപ്പെടുത്തി 7,054 കോടി രൂപ വരുമാന നേടി. നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ (H1FY23) 4,501 കോടി രൂപ വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഗ്രൂപ്പിന് ശക്തമായ ബ്രാൻഡ് വാല്യൂ ഉണ്ടെന്ന് ഐസിആർഎ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവിന്റെ 50 ശതമാനത്തിലധികം തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.
2022 നവംബർ 30 വരെ 48 ഷോറൂമുകളുടെ വിപുലമായ ശൃംഖലയാണ് ഗ്രൂപ്പിനുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ കമ്പനി അഞ്ച് ഷോറൂമുകൾ കൂടി ആരംഭിച്ചിരുന്നു.
ബ്രാൻഡ് അംഗീകാരം പ്രയോജനപ്പെടുത്തുന്നതിന് തുടർച്ചയായി പുതിയ സ്റ്റോറുകൾ കൂട്ടിച്ചേർക്കാനും ടയർ-2, ടയർ-3 നഗരങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.
"ഇത് കമ്പനിയുടെ ബിസിനസ് വൈവിധ്യവൽക്കരണത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു," ICRA കൂട്ടിച്ചേർത്തു.