23 May 2023 4:41 AM
Summary
- ബി2 ബി വില മത്സരത്തില്‍ നഷ്ടം ഒഴിവാക്കുക ലക്ഷ്യം
- നടപടി മെട്രോ ക്യാഷ് ആൻഡ് കാരിയുടെ എറ്റെടുക്കലിനെ തുടര്‍ന്ന്
- ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളുടെ എണ്ണവും പകുതിയാക്കും
മെട്രോ ക്യാഷ് ആൻഡ് ക്യാരി ഏറ്റെടുത്തതിന് പിന്നാലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ചെലവ് വെട്ടിക്കുറയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ജിയോമാർട്ട് 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓൺലൈൻ മൊത്തവ്യാപാര വിഭാഗമായ ജിയോ മാര്‍ട്ട് വരുന്ന ആഴ്ചകളില്‍ വന്‍തോതിലുള്ള ചെലവ് കുറയ്ക്കലിനാണ് ഒരുങ്ങുന്നത്. മൊത്തവ്യാപാര വിഭാഗത്തിലെ തൊഴില്‍ ശേഷി മൂന്നിൽ രണ്ടായി കുറയ്ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
പലചരക്ക് ബി2ബി വില്‍പ്പനയില്‍ വില കുറച്ച് വിപണി വിഹിതം ഉയര്‍ത്താനാണ് ജിയോമാർട്ടിന്‍റെ ശ്രമം. ഈ സാഹചര്യത്തില്‍ മാർജിനുകൾ മെച്ചപ്പെടുത്താനും നഷ്ടം കുറയ്ക്കാനും ചെലവുചുരുക്കല്‍ നടപടികളിലൂടെ ലക്ഷ്യം വെക്കുന്നു. പിരിച്ചുവിടല്‍ പദ്ധതിയുടെ ഭാഗമായി കോർപ്പറേറ്റ് ഓഫീസിലെ 500 എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 1,000-ലധികം ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
.കൂടാതെ, നൂറുകണക്കിന് ജീവനക്കാരെ 'പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള' പദ്ധതിയിൽ ഉൾപ്പെടുത്തി. ശേഷിക്കുന്ന സെയിൽസ് സ്റ്റാഫിനെ വേരിയബിൾ ശമ്പള ഘടനയിലേക്ക് മാറ്റുകയും അവരുടെ നിശ്ചിത ശമ്പളം കുറയ്ക്കുകയും ചെയ്തുവെന്നാണ് വിവരം. കമ്പനി ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടല്ല.
3,500 സ്ഥിരം ജീവനക്കാരുള്ള മെട്രോ ക്യാഷ് ആൻഡ് ക്യാരി ഏറ്റെടുത്തതോടെ, പല തസ്തികകളിലും പ്രവര്‍ത്തനങ്ങളിലും കൂടിക്കലരല്‍ ഉണ്ടായി. തൽഫലമായി, പലചരക്ക് സാധനങ്ങളും പൊതു ചരക്കുകളും വിതരണം ചെയ്യുന്ന 150-ഓളം ഫുൾഫിൽമെന്റ് സെന്ററുകളിൽ പകുതിയിലധികവും അടച്ചുപൂട്ടാൻ ജിയോമാർട്ട് പദ്ധതിയിടുന്നതായും സൂചനയുണ്ട്.
വാട്ട്‌സ്ആപ്പ് വഴിയുള്ള തങ്ങളുടെ ഓർഡറുകൾ കുതിച്ചുയർന്നതായി ജിയോമാര്‍ട്ടിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ പറയുന്നു. 2022 ഓഗസ്റ്റിൽ, ജിയോമാർട്ടും വാട്ട്‌സ്ആപ്പും അവരുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള പങ്കാളിത്തെ പ്രഖ്യാപിച്ചു. ഇതിന്‍റെ ഫലമായി, വാട്ട്സ്ആപ്പില്‍ നേരിട്ട് ഉപയോക്താക്കൾക്ക് ജിയോ മാര്‍ട്ടില്‍ നിന്നുള്ള ഷോപ്പിംഗ് നടത്താം. വാട്ട്സ്ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ കാറ്റലോഗ് ബ്രൗസ് ചെയ്യാനും കാർട്ടിലേക്ക് ഇനങ്ങൾ ചേർക്കാനും പേയ്‌മെന്റുകൾ നടത്താനും കഴിയും. ഈ തന്ത്രപരമായ പങ്കാളിത്തവും ചെലവ്ചുരുക്കുന്നതിന് സഹായകമായി.