5 July 2023 11:45 AM GMT
Summary
- വിദേശ രാജ്യങ്ങളിലും താരമായി ചക്ക
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചക്കയുടെ ദിനമായിരുന്നു ഇന്നലെ. ലോകഡൗണ്‍ കാലത്ത് നമ്മുടെ അടുക്കളയിലെ രാജാവായിരുന്നു ചക്ക. എത്രയൊക്കെ പഴങ്ങള്‍ വന്നു പോയാലും ചക്കക്കാലം മറക്കാന്‍ നമുക്കാകില്ലല്ലോ... കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വര്‍ഷാവര്‍ഷം ജൂലൈ നാലാണ് ചക്കദിനമായി ആചരിക്കുന്നത്.
ചക്കയ്ക്ക് ഇപ്പോള്‍ ചക്കയോളം വിലയുണ്ട്. വെറുതേ കളഞ്ഞ് പോയ ചക്ക കിലോയ്ക്ക് 30 രൂപ വരെയുണ്ട്. കൂടാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കാര്യത്തില്‍ വലിയ വിപണി സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഏതാണ്ട് 1.9 ലക്ഷം ടണ്ണാണ് കേരളത്തിലെ ചക്കയുടെ വാര്‍ഷിക ഉത്പാദനം. പാഴായി പോകുന്ന ചക്കയുടെ കണക്ക് അതിലുമെത്രയോ ആണ്. ഇന്ത്യയില്‍ ചക്ക ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം ത്രിപുരയ്ക്കാണെങ്കില്‍ കേരളത്തില്‍ അത് എറണാകുളം ജില്ലക്കാണ്.
ഒഡീഷ, അസ്സാം, മേഘാലയ എന്നിവയാണ് ചക്ക ഉത്പാദനത്തിലെ മുന്‍നിര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ ചക്കയെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ ഇവര്‍ക്ക് കാര്യമായ അവഭോധമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഇന്ത്യയില്‍ ഏകവിളയായും വാണിജ്യപരമായും ചക്ക ഉത്പാദിപ്പിക്കുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാട്
തൈ വളര്‍ന്ന് ഫലം കിട്ടി തുടങ്ങാന്‍ എട്ട് വര്‍ഷത്തോളമെടുക്കും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് ഏകദേശ ചക്കക്കാലം. 50 നും 100 നും ഇടയില്‍ ചക്കകള്‍ ഒരു പ്ലാവില്‍ നിന്നും കിട്ടുമെന്നാണ് കണക്കാക്കുന്നത്. അധിക പരിപാലനമില്ലാതെ വീട്ടുവളപ്പില്‍ വളരുന്ന ചക്ക മികച്ചൊരു വരുമാന മാര്‍ഗ്ഗമാണ്. നാരുകള്‍ ഏറെയടങ്ങിയ ഭക്ഷണപദാര്‍ത്ഥമെന്ന നിലയിലും പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയിലും ചക്ക ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും മികച്ച വിപണിയുണ്ട്.
ഔദ്യോഗിക ചക്ക
2018 മാര്‍ച്ച് 21 നാണ് ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചത്. ദേശീയ അന്താരാഷ്ട്ര തലത്തില്‍ ചക്കയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് ഉത്പന്നമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്നും കൂടുതല്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് ഫലം കണ്ടുവെന്ന് വേണം വിലയിരുത്താന്‍. ചക്കയുടെ 50 ശതമാനത്തിലേറെയും ഉപയോഗയോഗ്യമാക്കി കഴിഞ്ഞു നമ്മള്‍. ചക്കയുടെ ഉത്പാദനവും വിപണനവും ഉയര്‍ത്തിക്കൊണ്ട് പ്രതിവര്‍ഷം ഏതാണ്ട് 15,000 കോടി രൂപയുടെ വന്‍ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.
അടുക്കളയില്‍ നിന്നും വിപണിയിലേയ്ക്ക്
ചക്ക വരട്ടിയും വറുത്തും ചക്കക്കൂട്ടാനും പുഴുക്കും ഉപ്പേരിയുമായി വേനലവധികള്‍ ആഘോഷമാക്കിയ അടുക്കള സന്തോഷങ്ങളില്‍ നിന്നും ചക്ക ഒരുപാട് വളര്‍ന്നു കഴിഞ്ഞു. ഇന്ന് ചക്ക ജ്യൂസും, ചക്ക ബിസ്‌കറ്റ്, ചക്ക് ഐസ്‌ക്രീം വെറൈറ്റി സാധനങ്ങളാണ് ഇന്ന് ലഭിക്കുന്നത്.
മൈക്രോസ്ഫ്റ്റ് മുന്‍ ഡയറക്ടറായിരുന്ന ജെയിംസ് ജോസഫാണ് ചക്ക വ്യവസായം ഒരു വിപ്ലവമാക്കി മാറ്റിയത്. ജാക്ക് ഫ്രൂട്ട് 365, അതെ വര്‍ഷത്തില്‍ 365 ദിവസവും ചക്ക ലഭിക്കാന്‍ തുടങ്ങിയ സംരംഭം. സംഭരിച്ച ചക്കകള്‍ യത്ര സഹായത്തോടെ ചുളകള്‍ വേര്‍പെടുത്തി, ജലാംശം കളഞ്ഞ് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നു. ഈ ചക്കചുളകള്‍ വെള്ളത്തിലിട്ടാലോ, സാധാരണ ചുളകളായി മാറുകയും ചെയ്യും.
ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് പോലുള്ള ഓണ്‍ലെന്‍ സൈറ്റുകളില്‍ ഇവരുടെ തന്നെ പച്ച ചക്കപ്പൊടി 400 ഗ്രാമിന് 280 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. ആമസോണിന്റെ കണക്കുഖല്‍ പ്രകാരം മികച്ച വില്‍പ്പനയുള്ള ഉത്പന്നങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഈ ഉത്പന്നമുള്ളത്. ആന്ധ്രാ പ്രദേശും, തെലങ്കാനയും ഉത്തരേന്ത്യയുമാണ് ജാക്ക് ഫ്രൂട്ട് 365 ന്റെ പ്രധാന വിപണി. ആമസോണില്‍ മാത്രം ഒരു കോടി രൂപയുടെ വിറ്റുവരവുണ്ട് പത്തനംതിട്ടക്കാരനായ ജെയിംസ് ജോസഫിന്റെ ഈ സംരംഭത്തിന്.
എറണാകുളത്തെ പട്ടിമറ്റത്തുമുണ്ട് ഒരു ചക്ക കമ്പനി. ചക്കയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് തുടങ്ങിയ ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ കഥ., ഒരു കൂട്ടം ചക്ക സ്‌നേഹികളുടെ വാട്‌സാപ്പ് കൂട്ടായ്മയില്‍ നിന്നുണ്ടായ കമ്പനി. എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള വേളഞ്ചേരിയിലാണ് ഇവരുടെ ഫാക്ടറി. ആറ് ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.
ഇവരുടെ കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് വര്‍ഷത്തിലെ ആദ്യ ചക്കയുണ്ടാകുന്നത്. ഏതാണ്ട് ഒക്ടോബര്‍ വരെ ഇടുക്കി ജില്ലയിലും ചക്ക ലഭിക്കുന്നു. അങ്ങനെ നോക്കിയാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഒഴികെ വര്‍ഷത്തില്‍ 10 മാസവും ചക്ക ലഭിക്കും. ഈ അവസരം മുതലെടുക്കാനാണ് ചക്ക ഉത്പന്നങ്ങളുടെ സംരംഭം തുടങ്ങാന്‍ കൂട്ടായ്മ തീരുമാനിച്ചതെന്നും സംരംഭകനായ അശോക് പറഞ്ഞു. ചക്ക വറുത്തത്, ചക്കപ്പഴം വറുത്തത്, ചക്കപ്പഴം ഉണക്കിയത്, ചക്ക ജാം, ചക്ക അലുവ, ചക്കപ്പൊടി എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍. എണ്ണ ഉപയോഗിക്കാതെ എയര്‍ഫ്രൈ ചെയ്താണ് വറവ് തയ്യാറാക്കുന്നത്.
400 ലധികം ഇനം ചക്ക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജശ്രീയുടെ മാതൃക ചക്ക വിപണിയിലെ മറ്റൊരു വിജയമാണ്. മൈദയ്ക്ക ബദലായി ഉപയോഗിക്കാവുന്ന ചക്കമാവ് മുതല്‍ ചക്ക പാസ്ത വരെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഫ്രൂട്ട് എന്‍ റൂട്ട് എന്ന പേരില്‍ രാജശ്രീ വിപണിയില്‍ എത്തിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിലും താരമായി ചക്ക
വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ചക്ക വ്യവസായത്തില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്.മാത്രമല്ല, ചക്കയുടെ വാക്വം ഫ്രൈഡ് ചിപ്‌സിന്റെ അവകാശം വിയറ്റ്‌നാം ആസ്ഥാനമായുള്ള കമ്പനിക്കാണ്.
ഇന്ത്യയുടെ സ്വന്തം വിഭവമായ ചക്കയ്ക്ക് ഒരു പഞ്ഞവുമില്ലാത്ത സംസ്ഥാനമാണ് കേരളം. കുറഞ്ഞ് വിലയില്‍ ധാരാളം ചക്ക് അസംസ്‌കൃത വസ്തുവായി ലഭിക്കുമെന്നതിനാല്‍ ഇവ സംസ്‌കരിക്കുന്നതിന് ആവശ്യമായ യന്ത്ര സാമഗ്രഹികള്‍ക്കു മാത്രമാണ് കാര്യമായ മുതല്‍മുടക്ക് ആവശ്യമുള്ളു. എന്നാല്‍ ഈ യന്ത്ര സാമഗ്രികളുടേത് ഒറ്റത്തവണ നിക്ഷേപമായതിനാലും, വിജയസാധ്യത കൂടുതലായതിനാലും ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകള്‍ കൈകോര്‍ത്താല്‍ ചക്ക വ്യവസായത്തിലൂടെ ചക്ക വിപണിയില്‍ നമുക്കൊരു പിടി പിടിക്കാം.