16 May 2023 2:58 PM IST
Summary
- ഓഹരിയൊന്നിന് 3 രൂപ ലാഭവിഹിതം
- 2022 - 23ലെ അറ്റാദായം പകുതിയിലധികം കുറഞ്ഞു
- വിപണന മാർജിനുകളില്‍ കൂടുതൽ വീണ്ടെടുക്കല്‍
ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഏകീകൃത അറ്റാദായം 52% വാര്‍ഷിക വളർച്ചയോടെ 10,841 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ ഇത് 7,089 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം മുന്‍ വർഷം ഇതേ പാദത്തിലെ 2.09 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ച് പാദത്തിൽ 10% വർധിച്ച് 2.30 ലക്ഷം കോടി രൂപയായി.
2022-23 വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതമായി ഒരു ഇക്വിറ്റി ഷെയറൊന്നിന് 3 രൂപ നല്‍കുന്നതിനും ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് ഇത് വിതരണം ചെയ്യുക.
മുന്‍പാദത്തിലെ 890 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ പല മടങ്ങ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വാഹന ഇന്ധന വിപണന മാർജിനുകളില്‍ കൂടുതൽ വീണ്ടെടുക്കല്‍ ഉണ്ടായതാണ് ഡിസംബർ പാദത്തില്‍ നിന്ന് വരുമാനത്തില്‍ കുത്തനെയുള്ള കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. മൂന്നാം പാദത്തിലെ നഷ്ടത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ ഡീസൽ മാർക്കറ്റിംഗ് മാർജിൻ പോസിറ്റീവായി. എന്നിരുന്നാലും, കമ്പനിയുടെ വരുമാനം മൂന്നാം പാദത്തിലെ 2.32 ലക്ഷം കോടി രൂപയിൽ നിന്ന് 0.6% കുറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ വരുമാനം പരിഗണിച്ചാല്‍, പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം നാലാം പാദത്തിൽ 2.20 ലക്ഷം കോടി രൂപയായിരുന്നു, ഒരു വർഷം മുമ്പ് റിപ്പോർട്ട് ചെയ്ത 1.99 ലക്ഷം കോടിയിൽ നിന്ന് 11% വർധന. പെട്രോകെമിക്കൽസ് ബിസിനസിൽ നിന്നുള്ള വിൽപ്പന മാർച്ചിൽ അവസാനിച്ച പാദത്തിൽ 27% ഇടിഞ്ഞ് 6,282 കോടി രൂപയായി. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ ഇത് 8009 കോടി രൂപയായിരുന്നു.
അവലോകന പാദത്തിൽ മറ്റ് ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21 ശതമാനം ഉയർന്ന് 8,798 കോടി രൂപയായി. മുന്‍ വർഷം ഇതേ പാദത്തിൽ ഇത് 7,253 കോടി രൂപയായിരുന്നു.
2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി, ഐഒസി-യുടെ അറ്റാദായം 2021-22 സാമ്പത്തിക വർഷത്തിലെ 25,726 കോടി രൂപയിൽ നിന്ന് പകുതിയിലധികം കുറഞ്ഞ് 11,704 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ 7.36 ലക്ഷം കോടിയിൽ നിന്ന് വരുമാനം 29% വർധിച്ച് 9.51 ലക്ഷം കോടി രൂപയായി.