image

10 May 2023 9:30 AM

Business

കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ ബില്യണ്‍ലൈവ്‌സിന് രാജ്യാന്തര അംഗീകാരം

Kochi Bureau

ksum billionlives
X

Summary

  • ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപൈന്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളിലും ബില്യണ്‍ലൈവ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.


കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പായ ബില്യണ്‍ലൈവ്‌സിന്റെ ഫിന്‍ടെക് ഉത്പന്നമായ ഇംപാക്ട്‌ഗ്രോവ്‌സ് വിയന്നയില്‍ പുറത്തിറക്കി. പ്രശസ്തമായ ടെമനോസ് എക്‌സ്‌ചേഞ്ച് വിയന്നയില്‍ നടത്തിയ ഫിന്‍ടെക് വിപണിയിലാണ് ഇതിന് തുടക്കം കുറിച്ചത്.

സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താനും അവര്‍ മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ വിലയിരുത്താനും ബാങ്കുകളെ സഹായിക്കുന്ന ഫിന്‍ടെക് ഉത്പന്നമാണ് ഇംപാക്ട്‌ഗ്രോവ്‌സ്. ലോകത്തെമ്പാടുമുള്ള ബാങ്കിംഗ് മേഖലയിലെ കോര്‍ ബാങ്കിംഗ് സംവിധാനം കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനമാണ് ടെമനോസ്. ഇവര്‍ മുഖാന്തിരം ഉത്പന്നം പുറത്തിറക്കുന്നത് വലിയ അംഗീകാരമായാണ് ഫിന്‍ടെക് ലോകം വിലയിരുത്തുന്നത്.

വന്‍കിട വായ്പകള്‍ നല്‍കുന്നതിന് സുസ്ഥിര ലക്ഷ്യങ്ങളും പാരിസ്ഥിതിക ഉത്തരവാദിത്ത മാനദണ്ഡങ്ങളും പാലിക്കേണ്ടത് അവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ പാലിക്കേണ്ട ഈ മാനദണ്ഡങ്ങള്‍ വളരെ പെട്ടന്ന് വിലയിരുത്താനും അതില്‍ തീരുമാനമെടുക്കാനും ബാങ്കുകളെ സഹായിക്കുന്നതാണ് ബില്യണ്‍ലൈവ്‌സ് വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം.

ടെമനോസ് എക്‌സ്‌ചേഞ്ചില്‍ പ്രവേശനം ലഭിച്ചതോടെ 150 രാജ്യങ്ങളിലെ 3000 ഓളം ഉപഭോക്താക്കളുമായി വാണിജ്യബന്ധം സ്ഥാപിക്കാനുള്ള അവസരമാണ്ബില്യണ്‍ലൈവ്‌സിന് കൈവന്നിരിക്കുന്നതെന്ന് ടെമനോസിന്റെ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബെയ്‌ലി പറഞ്ഞു. ഈ ആവാസവ്യവസ്ഥയിലൂടെ ലോകമെമ്പാടുമുള്ള 120 കോടി ജനങ്ങളിലേക്കെത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെമനോസിന്റെ ഉപഭോക്താക്കള്‍ക്ക് മലിനീകരണനിവാരണ പ്രതിബദ്ധത പാലിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഇംപാക്ട്‌ഗ്രോസിലൂടെ സാധിക്കുമെന്ന് ബില്യണ്‍ലൈവ്‌സ് ടെക്‌നോളജി ഡയറക്ടര്‍ സഞ്ജയ് വര്‍മ്മ പറഞ്ഞു. ഇതോടൊപ്പം ബില്യണ്‍ലൈവ്‌സിന്റെ വാണിജ്യലക്ഷ്യങ്ങള്‍ കൈവരിക്കാനും ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപൈന്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളിലും ബില്യണ്‍ലൈവ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.