2 Jun 2023 9:27 AM GMT
Summary
- മുംബൈയില്‍ നിന്ന് ജക്കാര്‍ത്ത, നെയ്റോബി സര്‍വീസുകള്‍
- ഡെല്‍ഹി-ഹോങ്കോങ് സര്‍വീസ് പുനരാരംഭിക്കും
- യൂറോപ്പിലേക്കുള്ള കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നു
നെയ്‌റോബി, ടിബിലിസി, താഷ്‌കന്‍റ് എന്നിവയുൾപ്പെടെ ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും ആറ് പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ഈ വർഷം നേരിട്ട് ഫ്ലൈറ്റ് ആരംഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ബൃഹത്തായ അന്താരാഷ്ട്ര വിപുലീകരണ പദ്ധതികളുടെ ഭാഗമായി കെനിയയിലെ നെയ്‌റോബിയിലേക്കും ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കും ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ തന്നെ മുംബൈയിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കും.
ഓഗസ്റ്റിൽ ടിബിലിസി, ജോർജിയ, ബാക്കു, അസർബൈജാൻ എന്നിവിടങ്ങളിലേക്കും സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റിലേക്കും കസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്കും ഡൽഹിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നും ഇന്‍ഡിഗോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ റൂട്ടുകൾ പ്രവർത്തനക്ഷമമായാൽ മൊത്തം 32 അന്താരാഷ്ട്ര ലൊക്കേഷനുകളിലേക്ക് ഇന്‍ഡിഗോയുടെ സര്‍വീസ് എത്തും. ആഭ്യന്തര തലത്തില്‍ 78 ലൊക്കേഷനുകളിലേക്കാണ് ഇന്‍ഡിഗോ വിമാനം എത്തുന്നത്.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവില്‍ 174 പുതിയ പ്രതിവാര അന്താരാഷ്ട്ര വിമാനങ്ങൾ ചേർക്കുമെന്ന് ഇൻഡിഗോ പറഞ്ഞു. പുതിയ ലക്ഷ്യ സ്ഥാനങ്ങളും റൂട്ടുകളും ഫ്രീക്വന്‍സികളും ഇതില്‍ ഉള്‍പ്പെടും. ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്കുള്ള പ്രതിദിന സർവീസുകളും ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. മൂന്ന് വർഷം മുമ്പ് കൊറോണ മഹാമാരി പടർന്നുപിടിച്ച ഘട്ടത്തിലാണ് ഈ വിമാനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഇന്ത്യയിൽ നിന്നും, ഇന്ത്യ വഴിയുമുള്ള രാജ്യാന്തര യാത്രകൾക്കുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിപുലീകരണം. ഇത് കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പും അന്താരാഷ്ട്ര വിപുലീകരണത്തിലേക്ക് നീങ്ങുകയാണ്. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉടന്‍ സർവീസുകള്‍ തുടങ്ങും. അതേസമയം, ടർക്കിഷ് എയർലൈൻസുമായുള്ള കോഡ്‌ഷെയർ കണക്ഷനുകൾ വഴി ഇൻഡിഗോ യൂറോപ്പിലേക്കുള്ള കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുകയാണ്. നിലവിൽ, ഇസ്താംബുൾ വഴി യൂറോപ്പിലെ 33 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത് കണക്റ്റിവിറ്റി വാഗ്‍ദാനം ചെയ്യുന്നുണ്ട്.
ടർക്കിഷ് എയർലൈൻസുമായുള്ള കോഡ്‌ഷെയർ പങ്കാളിത്തത്തിന്റെ ഭാഗമായി, ഇൻഡിഗോ ഉടൻ തന്നെ വടക്കേ അമേരിക്കയിലേക്കുള്ള കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുമെന്നും ഇതിന് അന്തിമ റെഗുലേറ്ററി അംഗീകാരങ്ങൾക്കായി കാക്കുകയാണെന്നും ഇന്‍ഡിഗോയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 57 ശതമാനത്തിലധികം ആഭ്യന്തര വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്ക്ക് നിലവില്‍ 300-ലധികം വിമാനങ്ങളുണ്ട്, കൂടാതെ പ്രതിദിനം 1,800-ലധികം ഫ്ലൈറ്റുകൾ നടത്തുന്നു.