24 July 2023 12:47 PM IST
Summary
- ചൈനയുടെ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞത് ഇടിവിനുകാരണമായി
- ആഗോള വ്യാപാരത്തിലും നഷ്ടം പ്രതിഫലിക്കുന്നുണ്ട്
- എന്നാല്‍ റഷ്യയിലേക്കുള്ള കയറ്റുമതി നാലുമടങ്ങ് വര്‍ധിച്ചു
ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതി 2023 ജൂണില്‍ തുടര്‍ച്ചയായ മൂന്നാം മാസവും കുറഞ്ഞു. കയറ്റുമതി 11 ശതമാനം ഇടിഞ്ഞ് 8.53 ബില്യണ്‍ ഡോളറായി. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കുത്തനെ കുറഞ്ഞതാണ് കാരണം. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ (ഇയു), ചൈന തുടങ്ങിയ പ്രധാന വിപണികളിലേക്കുള്ള കയറ്റുമതിയില്‍ കഴിഞ്ഞ മാസത്തിലും ഇടിവ് തുടര്‍ന്നു. ഇത് വെല്ലുവിളി നിറഞ്ഞ ആഗോള വ്യാപാര അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതായി എഞ്ചിനീയറിംഗ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഇപിസി) പറഞ്ഞു.
പടിഞ്ഞാറന്‍ ഏഷ്യ, വടക്കേ ആഫ്രിക്ക, വടക്ക് കിഴക്കന്‍ ഏഷ്യ, കോമണ്‍വെല്‍ത്തിലെ സ്വതന്ത്ര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയില്‍ അതേ കാലയളവില്‍ നല്ല വളര്‍ച്ച കൈവരിച്ചതായും ഇഇപിസി അറിയിച്ചു. യുഎസിലേക്കുള്ള കയറ്റുമതി 12.5 ശതമാനം ഇടിഞ്ഞ് 1.45 ബില്യണ്‍ ഡോളറിലെത്തി, യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി 16.2 ശതമാനം ഇടിഞ്ഞ് 1.51 ബില്യണ്‍ ഡോളറായി. ചൈനയിലേക്കുള്ള കയറ്റുമതി 20 ശതമാനം ഇടിഞ്ഞ് 184 മില്യണ്‍ ഡോളറിലെത്തി. എന്നിരുന്നാലും, റഷ്യയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ ഏകദേശം മൂന്നിരട്ടി വര്‍ധനവ് രേഖപ്പെടുത്തി. ഇത് ജൂണില്‍ 116.9 ദശലക്ഷം ഡോളറിലെത്തി.
മൊത്തത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍, റഷ്യയിലേക്കുള്ള കയറ്റുമതി ശ്രദ്ധേയമായ നാലിരട്ടി കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 89.7 മില്യണ്‍ ഡോളറായിരുന്നു കയറ്റുമതി . ഈ വര്‍ഷം അത് മൊത്തം 337.4 ദശലക്ഷം ഡോളര്‍ ആയാണ് ഉയര്‍ന്നത്. ആഗോള ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ ലോഹ മേഖല, പ്രത്യേകിച്ച് സ്റ്റീല്‍, ഈ മാന്ദ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള മന്ദഗതിയിലുള്ള സ്റ്റീല്‍ ഡിമാന്‍ഡ് ആഗോളതലത്തില്‍ കൂടുതല്‍പ്രതിഫലിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
'തകര്‍ച്ചയ്ക്ക് ഏറ്റവും പ്രധാന പങ്കുവഹിച്ചത് ലോഹ മേഖലയാണ്. ആഗോള ഡിമാന്‍ഡ് ദുര്‍ബലമായതിന്റെ ഫലമാണിത്. ചൈനയുടെ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള മന്ദഗതിയിലുള്ള സ്റ്റീല്‍ ഡിമാന്‍ഡ് കൂടുതല്‍ ദുര്‍ബലമായതായി ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു,' EEPC ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗരോഡിയ പറഞ്ഞു. ഇരുമ്പിന്റെയും ഉരുക്കിന്റെയും കയറ്റുമതി ഒഴികെ, എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ ജൂണില്‍ 6.95 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂണില്‍ 34 എഞ്ചിനീയറിംഗ് സെഗ്മെന്റുകളില്‍ 17 എണ്ണവും വര്‍ഷാവര്‍ഷം നല്ല വളര്‍ച്ച കൈവരിച്ചപ്പോള്‍, ബാക്കിയുള്ള 17 സെഗ്മെന്റുകള്‍ കയറ്റുമതിയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.
ഇരുമ്പ്, സ്റ്റീല്‍, മിക്ക നോണ്‍-ഫെറസ് ഉല്‍പ്പന്നങ്ങള്‍ (ചെമ്പ്, നിക്കല്‍, ലെഡ് ഉല്‍പ്പന്നങ്ങള്‍ ഒഴികെ), വ്യാവസായിക യന്ത്രങ്ങള്‍, ഭാഗങ്ങള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ഓട്ടോ ഘടകങ്ങള്‍, ഭാഗങ്ങള്‍, ഓട്ടോ ടയറുകള്‍, റെയില്‍വേ ഗതാഗതം, ഹാന്‍ഡ് ടൂളുകള്‍ എന്നിവ 2022 ജൂണിനെ അപേക്ഷിച്ച് 2023 ജൂണില്‍ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി.