image

10 Dec 2022 6:07 AM GMT

Business

ചെമ്മീന്‍ കയറ്റുമതി മന്ദഗതിയില്‍, ഇന്ത്യയുമായി മത്സരം കടുപ്പിച്ച് ഇക്വഡോര്‍

MyFin Desk

Export news
X

Summary

  • ഇക്വഡോറില്‍ നിന്നും കയറ്റുമതി വര്‍ധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
  • ആഗോള മാര്‍ക്കറ്റില്‍ വിലയിടിഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
  • ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ 67 ശതമാനവും ചെമ്മീന്‍- ചെമ്മീന്‍ അധിഷ്ഠിത ഉത്പന്നങ്ങളാണ്.


മുംബൈ: ലോകത്തില്‍ ഏറ്റവുമധികം ചെമ്മീന്‍ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം എന്ന ലേബലില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇതേ മേഖലയില്‍ ഇപ്പോള്‍ തിരിച്ചടികള്‍ ഏറുകയാണ്. ആഗോളതലത്തില്‍ നില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധികളുടെ ആഘാതം രാജ്യത്തെ ചെറുകിട ചെമ്മീന്‍ കര്‍ഷകരെ വരെ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കയറ്റുമതിയിലുണ്ടായ കുറവ് മൂലം ചെമ്മീന്‍ കമ്പനികളില്‍ ടണ്‍ കണക്കിന് സ്റ്റോക്കാണ് കെട്ടിക്കിടക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.76 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനമാണ് ചെമ്മീന്‍ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം കയറ്റുമതിയിലൂടെ 8.8 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടണം എന്നായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് സാധിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ 67 ശതമാനവും ചെമ്മീന്‍- ചെമ്മീന്‍ അധിഷ്ഠിത ഉത്പന്നങ്ങളായിരുന്നുവെന്നും ഓര്‍ക്കണം.

യുഎസ്, യൂറോപ്പ് വിപണികളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്. മാത്രമല്ല ചൈനീസ് മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ ഇന്ത്യന്‍ കയറ്റുമതിയേയും ബാധിച്ചുവെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നു. ലോകത്തില്‍ ഏറ്റവുമധികം ചെമ്മീന്‍ ഉത്പാദിപ്പിക്കുന്ന ഇക്വഡോറില്‍ നിന്നും കയറ്റുമതി വര്‍ധിച്ചതും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയ്ക്ക് കടുത്ത മത്സരമാകുകയാണ്.

മുന്‍പ് ചൈനയ്ക്ക് ആവശ്യമായ ചെമ്മീനിന്റെ 70 ശതമാനം വരെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുകയായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറി കയറ്റുമതി സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വന്നതോടെ ചൈനയിലെ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ ചരക്ക് ഇറക്കുമതി ചെയ്ത് ഇക്വഡോര്‍ മുന്‍പന്തിയിലെത്തി.

പണപ്പെരുപ്പം മുതല്‍ മാര്‍ക്കറ്റിലെ കിടമത്സരം വരെ മാത്രമല്ല രാജ്യത്തെ ചെമ്മീന്‍ കയറ്റുമതിയെ പ്രതിസന്ധിയിലാക്കുന്നത്. കയറ്റുമതി നടത്താന്‍ സാധിക്കാതെ ടണ്‍കണക്കിന് ചരക്ക് കെട്ടിക്കിടക്കുമ്പോള്‍ അവയുടെ സ്‌റ്റോറേജിന് ഉള്‍പ്പടെ വരെ വന്‍ തുകയാണ് കമ്പനികള്‍ക്ക് ചെലവാക്കേണ്ടി വരുന്നത്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി വന്‍ തുക കമ്പനികള്‍ക്ക് മുടക്കേണ്ടി വരുന്നതിന് പുറമേയാണിത്.

ആഗോള ഡിമാന്‍ഡ് കൂടി കുറഞ്ഞതോടെ ചെമ്മീനിന്റെ വിലയില്‍ 20 മുതല്‍ 25 ശതമാനം വരെ ഇടിവുമുണ്ടായി. ചെറിയ തോതിലെങ്കിലും കയറ്റുമതിയില്‍ ഉണര്‍വുണ്ടായാല്‍ നിലവില്‍ ഓരോ ദിവസവും നേരിടുന്ന നഷ്ടത്തിന് അല്‍പമെങ്കിലും ശമനമുണ്ടാകുമായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

ചെമ്മീന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട ചെലവിലും ഇപ്പോള്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ചെമ്മീന്‍ കൃഷി ചെയ്യുന്ന ഫാമുകളില്‍ ഉള്‍പ്പെടുത്തുന്ന അവശ്യവസ്തുക്കള്‍ മുതല്‍ മത്സ്യപരിപാലനത്തിന് ആവശ്യമായ തീറ്റ ഉള്‍പ്പടെയുള്ളവയുടെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ചൈനയ്ക്ക് പുറമേ മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കടക്കം ചെമ്മീന്‍ കയറ്റുമതി ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇക്വഡോര്‍. ചെമ്മീന്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലും ഇന്ത്യ മുന്‍നിരയിലാണുള്ളത്.

പായ്ക്ക് ചെയ്ത ചെമ്മീന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റും കോവിഡ് പ്രതിസന്ധി കഴിഞ്ഞതിന് പിന്നാലെ വളര്‍ന്ന് വരുന്നതേയുള്ളു. വരും മാസങ്ങളില്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ളവ കനത്താല്‍ ആഗോള മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ചെമ്മീനിന്റെ വിപണിയ്ക്ക് തിരിച്ചടി ഉണ്ടായേക്കാം. ആഭ്യന്തര മാര്‍ക്കറ്റില്‍ വില ഇടിവുണ്ടായാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ചെമ്മീന്‍ കര്‍ഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.