13 Nov 2022 5:42 AM GMT
Summary
ഇമാജിന്‍ മാര്‍ക്കറ്റിംഗ് എന്ന കമ്പനിയ്ക്ക് കീഴിലുള്ള ബോട്ട് എന്ന ബ്രാന്‍ഡാണ് സ്മാര്‍ട്ട് വെയറബിള്‍ ഉപകരണങ്ങളുടെ വിപണി വിഹിതത്തില്‍ മുന്നിലുള്ളത്.
മുംബൈ: ഇന്ത്യയില്‍ സ്മാര്‍ട്ട് വെയറബിള്‍ ഉപകരണങ്ങളുടെ ഷിപ്പിംഗ് സെപ്റ്റംബര്‍ പാദത്തില്‍ 56 ശതമാനം വര്‍ധിച്ച് 37.2 ദശലക്ഷം യൂണിറ്റിലെത്തി. മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ ഐഡിസി പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇമാജിന്‍ മാര്‍ക്കറ്റിംഗ് എന്ന കമ്പനിയ്ക്ക് കീഴിലുള്ള ബോട്ട് എന്ന ബ്രാന്‍ഡാണ് സ്മാര്‍ട്ട് വെയറബിള്‍ ഉപകരണങ്ങളുടെ വിപണി വിഹിതത്തില്‍ മുന്നിലുള്ളത്.
സ്മാര്‍ട്ട് വാച്ചുകള്‍, റിസ്റ്റ് ബാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഡിവൈസുകളുടേതും ഇയര്‍വെയറുകളുടെയും 75 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്കിടെ വിവിധ കമ്പനികള്‍ ഷിപ്പ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്മാര്‍ട്ട് വാച്ച് സെഗ്മെന്റ് വര്‍ഷികാടിസ്ഥാനത്തില്‍ 178.8 ശതമാനം വളര്‍ച്ച നേടി.
2022 സെപ്തംബര്‍ പാദത്തില്‍ 12 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് ഷിപ്പ്‌മെന്റ് നടത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.3 ദശലക്ഷമായിരുന്നു. ഇയര്‍വെയര്‍ ഷിപ്പ്‌മെന്റ് 33.6 ശതമാനം വര്‍ധിച്ച് 25 ദശലക്ഷത്തിലധികം യൂണിറ്റുകളായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.