26 July 2023 10:38 AM IST
Summary
- ചില്ലറവില്‍പ്പനവില നിയന്ത്രിക്കുന്നതിനായി കയറ്റുമതി തടഞ്ഞു
- ഇന്ത്യയുടെ നീക്കം ആഗോളഭക്ഷ്യവിലയില്‍ വര്‍ധനക്ക് കാരണമാകും
- ഇന്ത്യ ശക്തമായി വളരുന്ന ഒരു സമ്പദ് വ്യവസ്ഥയായി തുടരുന്നു
ബസുമതി ഇതര അരിയുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഉത്സവ സീസണില്‍ ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനും ചില്ലറ വില്‍പ്പന വില നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാര്‍ ജൂലൈ 20 നാണ്് ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പാര്‍-ബോയില്‍ഡ് നോണ്‍ ബസ്മതി അരിയുടെയും ബസുമതി അരിയുടെയും കയറ്റുമതി നയത്തില്‍ മാറ്റമില്ലെന്ന് ഭക്ഷ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭക്ഷ്യവിലയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കുമെന്ന് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ''അതിനാല്‍, അവ തീര്‍ച്ചയായും ഇത്തരത്തിലുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കംചെയ്യുന്നതിനെയാണ് ഐഎംഎഫ് പ്രോത്സാഹിപ്പിക്കുന്നത്. കാരണം അവ ആഗോളതലത്തില്‍ ഹാനികരമാണ്,'' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര വെള്ള അരിയുടെ മൊത്തം കയറ്റുമതി 2022-23 ല്‍ 4.2 മില്യണ്‍ ഡോളറിന്റേതായിരുന്നു. മുന്‍ വര്‍ഷം ഇത് 2.62 മില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ ബസ്മതി ഇതര വെള്ള അരി കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ യുഎസ്, തായ്ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായിരിക്കുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനം പ്രവചിച്ചു. ഇത് ഏപ്രിലിലെ ഇതേ കാലയളവിലെ 5.9 ശതമാനത്തില്‍ നിന്ന് ചെറുതായി ഉയര്‍ന്നു.
'ഇന്ത്യ വളരെ ശക്തമായി വളരുന്ന ഒരു സമ്പദ്വ്യവസ്ഥയായി തുടരുന്നു', ഗൗറിഞ്ചാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് ഈ സന്ദര്‍ഭമെന്ന് ഐഎംഎഫ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡിവിഷന്‍ ചീഫ് ഡാനിയല്‍ ലീ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ വരികയായണെങ്കില്‍ കുറയാനൊരുങ്ങുന്ന പണപ്പെരുപ്പ നിരക്ക് ആഗോളതലത്തില്‍ ഉയരാനാണ് സാധ്യത. ഇന്ത്യയിലെ ആഭ്യന്തര പരിഗണന ഐഎംഎഫ് മനസിലാക്കുന്നുണ്ട്. അതിന്റെ ആഗോള ആഘാതം പണപ്പെരുപ്പം കുറയ്ക്കുന്നതിന് എതിരാകും . ഇക്കാരണത്താല്‍ പ്രസ്തുത നയപടികളില്‍നിന്ന് പിന്മാറണമെന്നാണ് ഐഎംഎഫ് പറയുന്നത്.
അതേസമയം ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്യവസ്ഥകള്‍ക്ക് നിരോധനത്തില്‍ ഇളവ് അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കൂടുതല്‍ വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്തെ പ്രധാന നെല്ലുല്‍പ്പാദന മേഖലകളിലെ മഴയുടെ ക്രമം തെറ്റിയ വരവു മൂലം കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ രാജ്യത്തെ അരി വില 20% വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. എല്‍ നിനോ പ്രതിഭാസം മൂലം ലോകത്തിന്റെ പല ഭാഗത്തെയും കാര്‍ഷിക ഉല്‍പ്പാദനം വെല്ലുവിളി നേരിടുന്നുണ്ട്. വിയറ്റ്‌നാമില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വില ഈ ആഴ്ച ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തിയിട്ടുണ്ട്.
മിക്ക അരി ഇനങ്ങളുടെയും കയറ്റുമതി നിരോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വില അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരുന്നു. ആഗോള അരി വ്യാപാരത്തില്‍ 40% പങ്കുവഹിക്കുന്നത് ഇന്ത്യയാണ്. അതിനാല്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ കയറ്റുമതിക്കാരെ കൂടി ബാധിക്കുന്നതാണ് ഈ നീക്കം.
കഴിഞ്ഞ വര്‍ഷം, റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ ഇന്ത്യ ബ്രോക്കണ്‍ റൈസ് കയറ്റുമതി തടഞ്ഞിരുന്നു. ഇതിനു പുറമേ വെള്ള, തവിട്ട് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു.