28 Dec 2022 1:15 PM IST
Summary
- നടപ്പുവര്‍ഷം ഒക്ടോബര്‍ വരെ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുണ്ടായ ഉഭയകക്ഷി വ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. നടപ്പുവര്‍ഷം 67 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം മാത്രം സൗദിയുടെ ആകെ വിദേശ വ്യാപാരം 1.89 ട്രില്യണ്‍ റിയാലായും ഉയര്‍ന്നിട്ടുണ്ട്.
സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയെക്കൂടാതെ ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികള്‍.
നടപ്പുവര്‍ഷം ഒക്ടോബര്‍ വരെ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു. ഒക്ടോബര്‍ മാസം അവസാനം വരെയുള്ള പത്തു മാസക്കാലയളവില്‍ ഇന്ത്യ-സൗദി വ്യാപാരം 16,820 കോടി റിയാലായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 100.8 ബില്യണ്‍ റിയാലായിരുന്നു. 67 ശതമാനം എന്ന തോതിലാണ് നടപ്പുവര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം സൗദിയുടെ വിദേശ വ്യാപാരം 1.89 ട്രില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. 46.8 ശതമാനം എന്ന തോതിലാണ് ഈ വര്‍ധനവ്. സൗദിയുടെ വിദേശ വ്യാപരത്തിന്റെ 64.5 ശതമാനവും പത്തു രാജ്യങ്ങളുമായിട്ടായിരുന്നു. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 1.22 ട്രില്യണ്‍ റിയാലായും ഉയര്‍ന്നിട്ടുണ്ട്.
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളായ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 45.3 ശതമാനം എന്ന തോതിലാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസം ഈ രാജ്യങ്ങളുമായി സൗദി നടത്തിയത് വെറും 840.44 ബില്യണ്‍ റിയാലിന്റെ വ്യാപാരമാണെന്ന് മനസ്സിലാക്കുമ്പോഴാണ് വളര്‍ച്ചയുടെ തോത് വ്യക്തമാകുന്നത്.