25 April 2023 12:15 PM
Summary
- കൊല്ലവും നീലേശ്വരവും അഴീക്കലും കൊച്ചിക്കായലില്‍ കുതിച്ചു
രാജ്യത്തെ ആദ്യ ജലമെട്രോ യാത്രയ്ക്ക് കൊച്ചിയില്‍ തുടക്കമായി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ജലമെട്രോ യാത്ര തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ മുഖ്യാതിഥിയായി പങ്കെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതോടെ മൂന്ന് ബോട്ടുകളാണ് കൊച്ചിക്കായലില്‍ യാത്രക്കാരുമായി സഞ്ചരിച്ചത്. ഇതോടെ മെട്രോ റെയിലിനൊപ്പം ജല മെട്രോ സര്‍വീസുമുള്ള രാജ്യത്തെ ഏക നഗരമായി കൊച്ചി മാറി.
കൊല്ലം, നീലേശ്വരം, അഴീക്കല്‍ എന്നീ പേരുകളിലുള്ള മൂന്നു ബോട്ടുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിക്കാര്‍ക്ക് പുത്തന്‍ യാത്രനുഭവം നല്‍കിയത്. ആദ്യ യാത്രയില്‍ ഒരു ബോട്ടില്‍ യാത്ര ചെയ്തത് 10 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. എറണാകുളത്തെ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റിലെ കുട്ടികളാണ് ഇവര്‍.
എറണാകുളം ഹൈക്കോര്‍ട്ടില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങുകള്‍ക്ക് ശേഷം മന്ത്രി പി.രാജീവും മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എം എല്‍ എ മാരായ ടിജെ വിനോദ്, കെഎന്‍ ഉണ്ണിക്കൃഷ്ണന്‍, കെജെ മാക്‌സി, കെ ബാബു, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവ ബോട്ടില്‍ യാത്ര ചെയ്തു.
കൊച്ചി മെട്രോ കോച്ചുകള്‍ക്ക് സമാനമായ രീതിയിലാണ് വാട്ടര്‍ മെട്രോ ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 26 ബുധനാഴ്ച്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ജലമെട്രോയില്‍ സഞ്ചരിക്കാനാകും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സര്‍വീസ്. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് ഏപ്രില്‍ 27 വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയില്‍ ഹൈക്കോര്‍ട്ട്‌വൈപ്പിന്‍ റൂട്ടില്‍ സര്‍വീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും.
ജലമെട്രോയുടെ നിരക്കുകളും ആകര്‍ഷകമാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോര്‍ട്ട്വൈപ്പിന്‍ റൂട്ടില്‍ 20 രൂപയും വൈറ്റിലകാക്കനാട് റൂട്ടില്‍ 30 രൂപയുമാണ് നിരക്ക്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെര്‍മിനലുകളിലായി 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കൊച്ചി ജലമെട്രോ യഥാര്‍ഥ്യമാകുന്നത്. 1136.83 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
പരിസ്ഥിതി സൗഹൃദമാണ് ജലമെട്രോ. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടാണിത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. ബാറ്ററി മോഡില്‍ എട്ട് നോട്ടും ഹൈബ്രിഡ് മോഡില്‍ 10നോട്ടും ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാണ് ബോട്ടുകളില്‍ പ്രവേശനം. പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് കയറാന്‍ കഴിയില്ലെന്ന് സാരം. ഇത്തരത്തില്‍ അപകടങ്ങള്‍ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒന്‍പത് ബോട്ടുകളാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. അന്‍പത് പേര്‍ക്ക് കയറാവുന്ന ബോട്ടുകളും ഉണ്ടാകും. അമ്മമാര്‍ക്കായുള്ള ഫീഡര്‍ റൂമുകളുള്‍പ്പെടെ സൗകര്യവും ബോട്ടുകളിലുണ്ട്.ഭിന്നശേഷി സൗഹൃദ ഫ്‌ലോട്ടിംഗ് ജെട്ടികളായതിനാല്‍ വേലിയേറ്റ-വേലിയിറക്കം ബാധിക്കില്ല.