3 Feb 2023 2:30 PM GMT
Summary
- അന്തര്‍സംസ്ഥാന ഇടപാടുകള്‍ക്ക് ഐജിഎസ്ടി ബാധകമാണ്
കപ്പല്‍മാര്‍ഗവും വ്യോമമാര്‍ഗവുമുള്ള ചരക്കുകടത്തിന് ചുമത്തുന്ന സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) നിരക്ക് കയറ്റുമതിക്കാര്‍ക്ക് പിന്നീട് തിരിച്ചുകൊടുക്കുമെന്ന് കേന്ദ്ര ബജറ്റ് ഉറപ്പുനല്‍കിയത് സംസ്ഥാനത്തെ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. നിലവില്‍ കപ്പല്‍മാര്‍ഗമുള്ള ചരക്കു കയറ്റുമതിക്ക് അഞ്ചു ശതമാനവും വിമാനമാര്‍ഗമുള്ളതിന് 18 ശതമാനവുമാണ് നികുതിയായി ഈടാക്കുന്നത്.
ഐജിഎസ്ടി നിരക്ക് കയറ്റുമതിക്കാര്‍ക്ക് പിന്നീട് തിരിച്ചുകൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ബജറ്റ് ഉറപ്പു നല്‍കിയത് സ്വാഗതം ചെയ്യുന്നതായി കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലിയും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിഭാഗം മേധാവി ഡോ അനില്‍ വര്‍മയും അറിയിച്ചു.
ഐജിഎസ്ടി നിയമം ഭേദഗതി ചെയ്യണമെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം പ്രതിനിധികള്‍ പരോക്ഷനികുതി-കസ്റ്റംസ് കേന്ദ്ര ബോര്‍ഡിന് (സിബിഐസി) നിവേദനം നല്‍കിയിരുന്നു. ഇതാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ 87ാം പേജിലാണ് ഐജിഎസ്ടി നിരക്ക് നയംമാറ്റം സംബന്ധിച്ച് പറയുന്നത്.
അന്തര്‍സംസ്ഥാന ഇടപാടുകള്‍ക്ക് ഐജിഎസ്ടി ബാധകമാണ്. കേന്ദ്രസര്‍ക്കാരാണ് ഈ നികുതി പിരിച്ചെടുത്ത് സംസ്ഥാനത്തിന് വിതരണം ചെയ്യുന്നത്. ബജറ്റ് നിര്‍ദേശം സംസ്ഥാനത്തുനിന്നുള്ള കയറ്റുമതിക്ക് പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തല്‍. ഐജിഎസ്ടി പിന്‍വലിച്ചില്ലെങ്കില്‍ വിദേശത്തേക്കുള്ള കയറ്റുമതി നിര്‍ത്തിവയ്ക്കുമെന്ന് കേരളത്തിലെ പച്ചക്കറി വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് എംകെ രാഘവന്‍ എംപി ഇടപെട്ട് യോഗംവിളിച്ച് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.