30 April 2023 4:36 AM GMT
Summary
- 2022-23ല്‍ അറ്റാദായത്തില്‍ 49% വളർച്ച
- 1 രൂപ ലാഭവിഹിതം നല്‍കുന്നതിന് ശുപാര്‍ശ
- എന്‍പിഎ അനുപാതങ്ങളില്‍ ഇടിവ്
2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഐഡിബിഐ ബാങ്കിന്‍റെ അറ്റാദായം 64% വർധിച്ച് 1,133 കോടി രൂപയായി. 2021-22 നാലാം പാദത്തിൽ ബാങ്ക് 691 കോടി രൂപയാടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.
ജനുവരി-മാർച്ച് കാലയളവിൽ മൊത്ത വരുമാനം മുന്‍വര്‍ഷം സമാന കാലയളവിലെ 5,444.08 കോടി രൂപയിൽ നിന്ന് 7,013.84 കോടി രൂപയായി ഉയർന്നതായും ഐഡിബിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 2,420 കോടി രൂപയില്‍ നിന്ന് 3,280 കോടി രൂപയായി വളർന്നു.
2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 1 രൂപ ലാഭവിഹിതം നല്‍കുന്നതിന് ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാർച്ച് അവസാനത്തിലെ 20.16 ശതമാനത്തിൽ നിന്ന് 2023 മാർച്ച് അവസാനത്തില്‍ 6.38 ശതമാനമായി കുറഞ്ഞു. മൊത്തം എൻപിഎ ഇക്കാലയളവില്‍ 34,115 കോടി രൂപയിൽ നിന്ന് 10,969 കോടി രൂപയായി.
അറ്റ നിഷ്‌ക്രിയ ആസ്തി മുൻ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 1.36 ശതമാനം ആയിരുന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ 0.92 ശതമാനമായി കുറഞ്ഞു. ബാങ്കിന്‍റെ വകയിരുത്തല്‍ 2022 മാര്‍ച്ചിലെ 669.23 കോടി രൂപയിൽ നിന്ന് 983.63 കോടി രൂപയായി വർധിച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ബാങ്കിന്റെ അറ്റാദായം 3,645 കോടി രൂപയായാണ്. 2021-22 ലെ 2,439 കോടി രൂപയിൽ നിന്ന് 49% വർധന. മൊത്തം വരുമാനം മുന്‍ സാമ്പത്തിക വർഷത്തിലെ 22,985 കോടി രൂപയിൽ നിന്ന് 2022-23ല്‍ 24,941.76 കോടി രൂപയായി ഉയർന്നു.