image

25 April 2023 12:33 PM IST

Business

അഡിഡാസ്, നൈക്കി… തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തുന്നത് വന്‍ വിദേശ നിക്ഷേപങ്ങള്‍

MyFin Desk

അഡിഡാസ്, നൈക്കി… തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തുന്നത്  വന്‍ വിദേശ നിക്ഷേപങ്ങള്‍
X

Summary

  • ആദ്യ പാദത്തില്‍ 196 കോടി രൂപയുടെ അധിക വിദേശനിക്ഷേപമാണ് സംസ്ഥാനത്തുണ്ടായത്
  • ഒട്ടേറെ പ്രധാന തുകലിതര പാദരക്ഷ നിര്‍മാണ ക്ലസ്റ്ററുകളുടെ കേന്ദ്രമാണ് തമിഴ്‌നാട്.
  • കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പാദരക്ഷ കയറ്റുമതിയുടെ 45 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്


മൂന്നു ലക്ഷത്തിലേറെ പേര്‍ക്കു തൊഴില്‍ സാധ്യത

വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തിന് മാതൃകയാവുകയാണ് തമിഴ്‌നാട്. 2021നെ അപേക്ഷിച്ച് 2022-23 സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ 196 കോടി രൂപയുടെ അധിക വിദേശനിക്ഷേപമാണ് സംസ്ഥാനത്തുണ്ടായത്. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5,640 കോടി രൂപയുടെ വിദേശ നിക്ഷേപമുണ്ടായ സ്ഥാനത്ത് 2022ല്‍ ഇതേ കാലയളവില്‍ 5,836 കോടി രൂപയുടെ എഫ്.ഡി.ഐ ലഭിച്ചു. ഇത് രാജ്യത്തെ ആകെ വിദേശനിക്ഷേപത്തിന്റെ നാലു ശതമാനം വരും.

ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്ര

മഹാരാഷ്ട്ര (28%), കര്‍ണാടക (24%), ഗുജറാത്ത് (19%) എന്നിവയാണ് ഇന്ത്യയില്‍ വിദേശനിക്ഷേപത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. നാലാം സ്ഥാനത്തുള്ള ഡല്‍ഹി കഴിഞ്ഞാല്‍ തമിഴ്‌നാടാണ്. മഹാരാഷ്ട്ര 40,386 കോടി രൂപ ആദ്യ പാദത്തില്‍ നേടി.

2021ല്‍ ആകെ 81,722 കോടി രൂപയാണ് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി എത്തിയത്. മൗറീഷ്യസ്് (28.01%), സിംഗപ്പൂര്‍ (21.73%) എന്നിവയില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. യു.എസില്‍ നിന്ന് 8.23%വും. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ എന്നിവയിലാണ് 13% നിക്ഷേപം.

2,302 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് അഡിഡാസ്, നൈക്കി ഉല്‍പാദകര്‍

തായ്‌വാൻ കമ്പനിയായ പൗ ചെന്‍ പാദരക്ഷ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ തമിഴ്‌നാടുമായി 2,302 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. രാജ്യാന്തര സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളായ അഡിഡാസ്, നൈക്കി തുടങ്ങിയവയുടെ ഉല്‍പാദകരാണ് പൗ ചെന്‍. പൗ ചെന്‍ കോര്‍പറേഷന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഹൈ ഗ്ലോറി ഫുട് വെയർ ഇന്ത്യയാണു കള്ളക്കുറിച്ചി ജില്ലയില്‍ ഉല്‍പാദന കേന്ദ്രം ആരംഭിക്കുക. ഇതിലൂടെ തുകല്‍ ഇതര പാദരക്ഷ മേഖലയില്‍ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

തമിഴ്‌നാട് ലെതര്‍ ആന്‍ഡ് ഫുട്വെയര്‍ പ്രോഡക്ടസ് നയം അനുസരിച്ച് 2025നുള്ളില്‍ ഈ മേഖലയില്‍ ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയാണു ലക്ഷ്യം. ഇതിനൊപ്പം രണ്ടുലക്ഷം പേര്‍ക്കു തൊഴില്‍ അവസരങ്ങളും ഉറപ്പാക്കും. ആമ്പൂര്‍, വാണിയമ്പാടി, റാണിപ്പെട്ട്, ചെയ്യാര്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ പ്രധാന തുകലിതര പാദരക്ഷ നിര്‍മാണ ക്ലസ്റ്ററുകളുടെ കേന്ദ്രമാണ് തമിഴ്‌നാട്.

Nike, Adidas, New Balance, Timberland തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കായുള്ള തായ്വാനീസ് പാദരക്ഷ നിര്‍മ്മാതാവ് 2022 സാമ്പത്തിക വര്‍ഷത്തില്‍ ലോകമെമ്പാടും 272 ദശലക്ഷത്തിലധികം ജോഡി ഷൂകള്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു, മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 14% വര്‍ധന. ഇതിന് ബംഗ്ലാദേശ്, കംബോഡിയ, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഫാക്ടറികളുണ്ട്.

ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പാദരക്ഷ കയറ്റുമതിയുടെ 45 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. Giorgio Armani, Gucci തുടങ്ങിയ പല ബ്രാന്‍ഡുകളും സ്വന്തം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ സംസ്ഥാനത്ത് നിന്ന് അസംസ്‌കൃത വസ്തുക്കള്‍ നേടുകയോ ചെയ്തു.

ആപ്പിള്‍ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ കമ്പനി, സാല്‍കോംപ്, പെഗാട്രോണ്‍ തുടങ്ങിയ ആഗോള കമ്പനികളും ചൈനയില്‍ നിന്നും തായ് വാനിൽ നിന്നും പിന്‍വലിയുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍, വിശേഷിച്ച് തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൗ ചെന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ലിയു പറഞ്ഞത് ''ഇന്ത്യയില്‍ വരാനിരിക്കുന്ന നിരവധി നിക്ഷേപങ്ങളില്‍ ആദ്യത്തേതായിരിക്കും ഇത്'' എന്നാണ്.

2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപം

സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയില്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കായുള്ള 207 ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പുവച്ചെന്നു സര്‍ക്കാര്‍ പറയുന്നു. ഇതുവഴി 3.44 ലക്ഷം പേര്‍ക്കു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കും. 111 കമ്പനികള്‍ 13,726 കോടി നിക്ഷേപിക്കുകയും 15,529 പേര്‍ക്കു ജോലി നല്‍കുകയും ചെയ്തതായി എം.എസ്.എം.ഇ മന്ത്രി ടി.എംഅന്‍പരശന്‍ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ സംസ്ഥാനം 14ല്‍ നിന്നു മൂന്നിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

2019ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴ്‌നാടിന് 2,300 കോടി രൂപയുടെ യു.എസ് നിക്ഷേപം ലഭിച്ചിരുന്നു. യു.എസിലെ 16 കമ്പനികളാണ് ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ 2780 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നത്.