image

27 April 2023 5:33 AM GMT

Technology

സാംസംഗ് ഇലക്ട്രോണിക്സ് ലാഭത്തില്‍ 95% ഇടിവ്

MyFin Desk

സാംസംഗ് ഇലക്ട്രോണിക്സ് ലാഭത്തില്‍ 95% ഇടിവ്
X

Summary

  • ഇടിവ് തുടർച്ചയായി മൂന്നാം പാദത്തില്‍
  • മെമ്മറി ചിപ്പുകളുടെ ആവശ്യകതയില്‍ മാന്ദ്യം തുടരുന്നു
  • ചിപ്പ് ഡിവിഷനില്‍ 14 വര്‍ഷത്തിനിടെ ആദ്യ നഷ്ടം


നഷ്ടം രേഖപ്പെടുത്തുമെന്ന അനലിസ്റ്റുകളുടെ വിലയിരുത്തല്‍ യാഥാർത്ഥ്യമായില്ലെങ്കിലും, സാംസംഗ് ഇലക്ട്രോണ്ക്സിന്‍റെ ജനുവരി-മാർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത് കമ്പനി നിലവില്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം. 14 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് കഴിഞ്ഞ പാദത്തിലുണ്ടായിരിക്കുന്നത്. പ്രവർത്തന ലാഭം 95% ഇടിവ് പ്രകടമാക്കി.

കമ്പനിയുടെ ആദ്യ പാദത്തിലെ അറ്റവരുമാനം 86.1% ഇടിഞ്ഞ് 1.57 ട്രില്യൺ വോൺ ആയി, വിൽപ്പന 18 ശതമാനം ഇടിഞ്ഞ് 63.75 ട്രില്യൺ വോൺ ആയി. ആഗോള തലത്തിലെ അനിശ്ചിതമായ മാക്രോ ഇക്കണോമിക് അന്തരീക്ഷത്തിൽ മൊത്തത്തിലുള്ള ഉപഭോക്തൃ ചെലവിടല്‍ കുറഞ്ഞത് പ്രകടനത്തെ സാരമായി ബാധിച്ചു. സാധാരണയായി കമ്പനിയുടെ ലാഭത്തിന്‍റെ പകുതിയോളം സംഭാവന ചെയ്യുന്ന മെമ്മറി േചിപ്പുകളുടെ ആവശ്യകത ദുർബലമാകുന്നതും ചിപ്പ് വില കുറയുന്നതും മോശം പ്രകടനത്തിന് കാരണമായി സാംസംഗ് ചൂണ്ടിക്കാണിക്കുന്നു.

സാംസംഗിന്റെ ചിപ്പ് ഡിവിഷൻ 4.58 ട്രില്യൺ വോണ്‍ നഷ്ടം റിപ്പോർട്ട് ചെയ്തു, 2009 ന് ശേഷമുള്ള ആദ്യ പ്രവർത്തന നഷ്ടം..

തുടർച്ചയായ മൂന്നാം പാദത്തിലാണ് സാംസംഗ് ഇലക്ട്രോണിക്സ് നഷ്ടം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നാലാം പാദത്തില്‍ 70% ഇടിവാണ് പ്രവർത്തന ലാഭത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം പകുതിക്ക് ശേഷം മെമ്മറി ചിപ്പുകളുടെ ആവശ്യകതയില്‍ തിരിച്ചുവരവ് പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവിലെ സാഹചര്യത്തില്‍ ഉല്‍പ്പാദനം യുക്തിസഹമാക്കുമെന്ന് കമ്പനി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.