26 April 2023 12:04 PM IST
Summary
- കുടുംബാംഗങ്ങള്‍ക്ക് മാത്രം കൈമാറാം
- 48 മണിക്കൂറിനകം അപേക്ഷിക്കാം
- ആധാര്‍ കൂടെ കരുതുക
ഐആര്‍സിടിയില്‍ ബുക്ക് ചെയ്ത് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുന്നതിന് പകരം മറ്റൊരാള്‍ക്ക് കൈമാറാം. സ്വന്തം പേരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ സ്ഥിരീകരണം ലഭിച്ച ടിക്കറ്റ് കുടുംബത്തിലുള്ള മറ്റൊരാള്‍ക്ക് കൈമാറാനുള്ള സൗകര്യം അടുത്തിടെയാണ് ഐആര്‍സിടിസി പ്രഖ്യാപിച്ചത്.
കണ്‍ഫം ആയ ടിക്കറ്റില്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര സാധ്യമല്ലാതെ വന്നാല്‍ ആ ടിക്കറ്റ് നമ്മുടെ തന്നെ കുടുംബാംഗങ്ങള്‍ക്ക് കൈമാറാം. മാതാവ്,പിതാവ്,സഹോദരന്‍,സഹോദരി,മകന്‍,മകള്‍,ഭാര്യ,ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് ടിക്കറ്റ് കൈമാറാന്‍ സാധിക്കുക. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനകം തന്നെ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥന നല്‍കിയിരിക്കണം. എന്തെങ്കിലും കുടുംബ കാര്യങ്ങള്‍ക്കോ മറ്റോ പോകുന്ന യാത്രികര്‍ക്കാണ് ഈ ടിക്കറ്റ് ട്രാന്‍സ്ഫര്‍ സൗകര്യം ഉപകാരപ്പെടുക.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ആവശ്യാര്‍ത്ഥമുള്ള യാത്രയ്ക്ക് വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റ് ആണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂറിനകം ട്രാന്‍സ്ഫറിനായി അപേക്ഷിക്കണം. എന്‍സിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ സൗകര്യം ലഭിക്കും. ടിക്കറ്റ് കൈമാറുന്നത് ആര്‍ക്കാണോ അവര്‍ യാത്രാവേളയില്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചിരിക്കണമെന്നും ഐആര്‍സിടിസി നിര്‍ദേശിക്കുന്നു. വിവാഹം,പാര്‍ട്ടി,ചടങ്ങുകള്‍ തുടങ്ങി ഒരു കുടുംബത്തിലെ ആരെങ്കിലും പകരം പങ്കെടുത്താല്‍ മതിയെന്ന് തോന്നുന്ന ആവശ്യങ്ങള്‍ക്കായിരിക്കും പ്രധാനമായും ഈ ടിക്കറ്റ് ട്രാന്‍സ്ഫറിങ് സൗകര്യം ഉപകാരപ്പെടുക. ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വിധം താഴെ നല്‍കാം.
1. ആദ്യം കണ്‍ഫം ആയ ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കുക
2. അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ സന്ദര്‍ശിക്കുക
3. ആരുടെ പേരിലാണോ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അയാളുടെ ആധാര്‍ കാര്‍ഡോ വോട്ടര്‍ഐഡിയോ കൂടെ കരുതുക
4. കൗണ്ടറില്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കുക
ഈ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഒരു തവണ മാത്രമാണ് സാധിക്കുന്നത്. ടിക്കറ്റ് കണ്‍ഫം ആയ യാത്രികന്‍ അയാളുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കൈമാറാം. എന്നാല്‍ കൈമാറി കിട്ടുന്ന കുടുംബാംഗത്തിന് മറ്റൊരാള്‍ക്ക് ഈ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞാല്‍ ആ വിവരം മൊബൈല്‍ ഫോണ്‍ നമ്പറില്‍ സന്ദേശമായി ലഭിക്കും.