image

5 July 2023 3:30 PM IST

Business

വിപണി ഇടപെടല്‍; ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടിക്ക് തുടക്കം

Kochi Bureau

market intervention horticorps vegetable cart launched
X

Summary

  • വിപണിയേക്കാള്‍ 30 രൂപ വരെ വിലക്കുറവ്


വില നിയന്ത്രിച്ച് പച്ചക്കറി ലഭ്യമാക്കാനുള്ള വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികള്‍ക്ക് തുടക്കമായി. സഞ്ചരിക്കുന്ന 24 ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ കൃഷിമന്ത്രി പി പ്രസാദ് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ഈ നീക്കം.

ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ കൃഷിവകുപ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പച്ചക്കറികള്‍ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വിലയും പൊതുജനത്തിന് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള പച്ചക്കറികളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം ജില്ലയില്‍ എട്ട് മൊബൈല്‍ യൂണിറ്റുകളും, മറ്റ് ജില്ലകള്‍ക്കായി 16 യൂണിറ്റുകള്‍ക്കുമാണ് തുടക്കമായത്. പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ വിലക്കുറവിലാണ് ഹോര്‍ട്ടിക്കോര്‍പ്പ് പച്ചക്കറികള്‍ വില്‍ക്കുന്നത്. 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും. വെണ്ട, മുളക്, പടവലം, അമര, കത്തിരി, മത്തന്‍, വെള്ളരി തക്കാളി, സവാള തുടങ്ങിയ 15 ഇനം പച്ചക്കറികളാണ് കിറ്റില്‍ ഉള്ളത്. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധികളിലുണ്ടാകും.

കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ എത്തുന്നതിനാലാണ് വില കുറയുന്നത്. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും.

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി ഉത്പന്നങ്ങള്‍ സംഭരിക്കും. മറ്റുള്ളവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീര്‍പ്പാക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് പറയുന്നു .