4 July 2023 3:45 PM IST
Summary
- ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
- മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുള്ള സാധ്യതയുമുണ്ട്
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേദിവസം അവധി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി വി ശിവന്‍കുട്ടി
കേരളത്തില്‍ അഞ്ചു ദിവസം വ്യാപക മഴ തുടരും. തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടേയും ചക്രവാതച്ചുഴിയുടെയും പ്രഭാവമാണ് കാരണം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്ന് പറയുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മഴ ശക്തമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേദിവസം അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയില്‍ കൊച്ചിയില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. മരം മറിഞ്ഞ് വീണ് പലയിടത്തായി വീടുകള്‍ക്കും മറ്റും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റിലാണ് യോഗം ചേരുന്നത്.