7 July 2023 6:00 AM
ഹാര്‍ബര്‍ എഞ്ചിനീയറിങ്; 10,000 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം: സജി ചെറിയാന്‍
Kochi Bureau
Summary
- വിവിധ പദ്ധതികളിലായി 1300 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം മൂന്ന് വര്‍ഷംകൊണ്ട് 10,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന സംവിധാനമായി മാറണമെന്ന് മന്ത്രി സജി ചെറിയാന്‍. തൈക്കാട് കെകെഎം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്-എഞ്ചിനീയേഴ്‌സ് മീറ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ പദ്ധതികളിലായി 1300 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് എഞ്ചിനീയറിംഗ് വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതെന്നു മന്ത്രി വ്യക്തമാക്കി. ടൂറിസം, തുറമുഖം, ഫിഷറീസ് വകുപ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് വകുപ്പുകളിലെ പ്രവര്‍ത്തന സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിടങ്ങള്‍, ജലസേചന തോടുകള്‍, ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രവൃത്തികളുടെ എണ്ണവും തുകയുടെ വര്‍ധനവും അനിവാര്യമാണ്. പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുമ്പോള്‍ നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. 100 ശതമാനം നിലവാരം പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചീഫ് എഞ്ചിനീയര്‍ ജോമോന്‍ കെ ജോര്‍ജ്, ശിവരാജ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.