1 March 2023 5:15 AM
Summary
- പാഴ്സല്‍ വാനുകളുടെയും ചരക്ക് വാഗണുകളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണിത്. നേരത്തെ പരമ്പരാഗതമായ പാഡ്ലോക്കുകളും വയര്‍ സീലുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്.
ഗുഡ്സ്, പാഴ്സല്‍ ട്രെയിനുകളില്‍ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ലോക്ക് സംവിധാനം ഉപയോഗിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പാഴ്സല്‍ വാനുകളുടെയും ചരക്ക് വാഗണുകളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണിത്. നേരത്തെ പരമ്പരാഗതമായ പാഡ്ലോക്കുകളും വയര്‍ സീലുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്.
കവര്‍ന്നത് പഞ്ചസാര മുതല്‍ എണ്ണ വരെ
രാജ്യത്ത് പല ഭാഗത്തും ഗുഡ്സ് ട്രെയിനുകളില്‍ മോഷണം പതിവായ സാഹചര്യത്തിലാണ് റെയില്‍വേ ഡിജിറ്റല്‍ പൂട്ട് കൊണ്ടുവരാന്‍ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മധ്യപ്രദേശിലെ മൊരേന ജില്ലയില്‍ വച്ച് ഒരുസംഘം കവര്‍ച്ചക്കാര്‍ ആയുധങ്ങളുമായി വന്ന് പഞ്ചസാര ചാക്കുകള്‍ കവര്‍ന്നിരുന്നു. റെയില്‍വേ സുരക്ഷാ സൈനികര്‍ക്കു നേരെ ഇവര്‍ വെടിവയ്ക്കുകയും ചെയ്തു. ഡിസംബറില്‍ ബിഹാറിലെ പട്നയില്‍ വച്ച് സഞ്ചരിക്കുന്ന എണ്ണ ടാങ്കര്‍ ട്രെയിനില്‍ കയറിയ മോഷ്ടാക്കള്‍ എണ്ണ കവര്‍ന്നിരുന്നു. എച്ച്പിസിഎലിന്റെ ഡിപ്പോയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ഡിജിറ്റല്‍ ലോക്ക് വരുന്നതോടെ മോഷ്ടാക്കളെ പേടിക്കേണ്ട അവസ്ഥ ഇല്ലാതാകുമെന്നാണ് റെയില്‍വേ കരുതുന്നത്.
ടെസ്റ്റ് റണ്‍ തുടങ്ങി
പരീക്ഷണാടിസ്ഥാനത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേയുടെ ഹൗറ ഡിവിഷനില്‍ ഡിജിറ്റല്‍ ലോക്ക് സംവിധാനം ഉപയോഗിച്ചു തുടങ്ങിട്ടുണ്ട്. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ നോക്കി പുതിയ ലോക്ക് സിസ്റ്റം കൂടുതല്‍ മെച്ചപ്പെടുത്തും. ഹൗറ-ഗുവാഹത്തി സരെയ്ഘട്ട് എക്സ്പ്രസിന്റെ പാഴ്സല്‍ വാനിലാണ് പുതിയ ലോക്ക് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. പദ്ധതി വിജയകരമാകുന്നതോടെ കേരളമുള്‍പ്പെടെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം.
ഇലക്ട്രോണിക് ലോക്ക് ഉപയോഗിച്ച് ട്രക്കുകള്‍
ഡിവിഷണല്‍ റെയില്‍വേ അതിന്റെ ലിലുവാ വര്‍ക്ക്ഷോപ്പിലെ ബിസിഎന്‍ വാഗണുകളുടെ ഒരു മുഴുവന്‍ റേക്കില്‍ ഡിജിറ്റല്‍ ലോക്ക് ഘടിപ്പിക്കാനുള്ള നടപടിയിലാണ്. ഈ ലോക്കുകളില്‍ ലൊക്കേഷനും ഡോര്‍ ലോക്കുകളുടെ ക്ലോസിങ്-ഓപ്പണിങ് സ്റ്റാറ്റസും നിരീക്ഷിക്കാന്‍ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇ-കൊമേഴ്സ്, എഫ്എംസിജി തുടങ്ങിയ മേഖലകളില്‍ റോഡുകളില്‍ അടച്ച ബോഡി ട്രക്കുകളിലൂടെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇലക്ട്രോണിക് ലോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഒരു ആപ്പിനും തുറക്കാനാകില്ല
എല്ലാ പാഴ്സല്‍ വാനുകളിലും ചരക്ക് വാഗണുകളിലും ജിപിഎസ് ഉപയോഗിക്കുന്ന ലോക്ക് സ്ഥാപിച്ച ശേഷം വാനുകളും വാഗണുകളും ഒടിപി വഴി അംഗീകൃത വാണിജ്യ വിഭാഗം ജീവനക്കാര്‍ സ്റ്റേഷനില്‍ വച്ചു പൂട്ടുകയും ലക്ഷ്യസ്ഥാനത്ത് വച്ച് ഇതേ വിഭാഗം ജീവനക്കാര്‍ തന്നെ അണ്‍ലോക്ക് ചെയ്യുകയും ചെയ്യും.
ഇത്തരം ഡിജിറ്റല്‍ ലോക്ക് സംവിധാനം ചരക്കുമോഷണവും കവര്‍ച്ചയും ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. ലോക്കുകള്‍ ഒരു പ്രത്യേക പാഴ്സല്‍ വാന്‍ സീരിയല്‍ നമ്പറുമായോ വാഗണ്‍ സീരിയല്‍ നമ്പറുമായോ ബന്ധിപ്പിക്കുന്നതിനാല്‍ ആപ്പ് വഴി ലോക്കുകള്‍ തുറക്കാനാകില്ല. ഒരു ട്രെയിനില്‍ ജിപിഎസ് ലോക്ക് സിസ്റ്റം സ്ഥാപിക്കാന്‍ ഏകദേശം 60,000 രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.