image

24 Jun 2023 10:00 AM GMT

Startups

ഇലക്ട്രിക് വാഹന മേഖലയിലെ കുതിപ്പിനൊരുങ്ങി ഗോ ഇസി ഓട്ടോടെക്

Kochi Bureau

ഇലക്ട്രിക് വാഹന മേഖലയിലെ കുതിപ്പിനൊരുങ്ങി ഗോ ഇസി ഓട്ടോടെക്
X

Summary

  • പ്രധാന നഗരങ്ങളിലും മാളുകളിലും ദേശീയ പാതയോരങ്ങളിലും സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍


ഇലക്ട്രിക് വാഹന ലോകത്ത് വന്‍ കുതിപ്പിനൊരുങ്ങി ഗോ ഇസി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്. രാജ്യവ്യാപകമായി 1000 സൂപ്പര്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ഒരു വര്‍ഷത്തിനിടെ 103 ചാര്‍ജിംഗ് സ്റ്റേഷനുകളെന്ന മികച്ച് മുന്നേറ്റത്തിന് ശേഷമാണ് ഇലക്ട്രിക് വാഹന മേഖലയിലെ വിപ്ലവത്തിന് വഴിയൊരുക്കുന്ന പുതിയ പ്രഖ്യാപനം.

ബാറ്ററിയുടെ റേഞ്ച് കുറവ് ദൂര യാത്രകളില്‍ വില്ലനാകുന്നുവെന്നതായിരുന്നു ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സമീപനത്തില്‍ ഏറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇന്നും പ്രശ്‌നം തന്നെയാണ്. ഇവിടെയാണ് ഗോ ഇസിയുടെ പ്രാധാന്യം. ഇതിനോടകം കേരളത്തിലുടനീളം 70 ചാര്‍ജിംഗ് സ്റ്റേഷനുകളും സംസ്ഥാനത്തിന് പുറത്ത് 33 ചാര്‍ജിംഗ് സ്റ്റേഷനുകളുമാണ് ഗോ ഇസിയുടേതായി പ്രവര്‍ത്തിക്കുന്നത്.

സാധാരണ ഗതിയില്‍ അഞ്ചും ആറും മണിക്കൂറുകളെടുത്തുള്ള ചാര്‍ജിംഗ് വളരെ വേഗത്തിലാക്കാന്‍ കഴിയും എന്നതാണ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പ്രത്യേകത. പുതിയ പദ്ധതിയിലൂടെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ടയര്‍-2, ടയര്‍-3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് പുറമേ സംസ്ഥാന, ദേശീയ പാതയോരങ്ങളിലും തന്ത്ര പ്രധാനമായ സ്ഥലങ്ങളിലും രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും റെസ്റ്റോറന്റുകളിലും കൂടി ചാര്‍ജിംഗ് സൗകര്യം ഒരുങ്ങുന്നതോടെ ദീര്‍ഘ ദൂര യാത്രകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനാകും. രാജ്യം മുഴുവന്‍ ഇവി കണക്ടിവിറ്റി യഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ ചെലവ് ഗണ്യമായി കുറയുമെന്നതും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.

ഇലക്ട്രിക് വാഹന ഉപയോക്താക്കളെ ശാക്തീകരിക്കുകയും ഹരിത ഭാവിയിലേക്കുള്ള മാറ്റത്തിന്റെ വേഗം കുറക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോ ഇസി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി ജി രാംനാഥ് പറഞ്ഞു. വൈദ്യുത വാഹന ഉടമകള്‍ നേരിടുന്ന പ്രധാന തടസ്സം മതിയായ ചാര്‍ജിംഗ് സൗകര്യത്തിന്റെ അഭാവമാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഗോ ഇസിയുടെ ലക്ഷ്യം. മഹാ നഗരങ്ങളില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളില്‍ വരെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ജീവിത രീതിയിലും സുസ്ഥിരമായ മാറ്റം കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.