image

1 March 2023 6:15 AM

Business

വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ചായ മക്കാനി

MyFin Bureau

Chai Makhani Wellington Island Kochi
X

Summary

  • എംഎന്‍സി ജോലി ഉപേക്ഷിച്ച സറീന വില്‍ക്കുന്നത് 50 തരം ചായ


എംഎസ്സി ബിരുദധാരിയായ സറീന ചായക്കട തുടങ്ങിയപ്പോള്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത് വലിയ എതിര്‍പ്പായിരുന്നു. എന്നാല്‍ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ തിളക്കമേറിയ ജോലി ഉപേക്ഷിച്ച് കൊച്ചിയില്‍ ചായക്കട തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് അവള്‍ പിന്മാറിയില്ല. ആ തീരുമാനം തനിക്ക് നഷ്ടമുണ്ടാക്കിയില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ യുവതി.

ഭര്‍ത്താവ് ഗള്‍ഫില്‍ സ്‌കൂബ ഡൈവറായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനമുണ്ടായതോടെ ജോലി നഷ്ടമായി. അതോടെയാണ് ഞങ്ങള്‍ ഒരുമിച്ച് ഈ സംരംഭത്തിലേക്കു തിരിഞ്ഞത്- സറീന പറയുന്നു.

എറണാകുളത്തെ വെല്ലിങ്ടണ്‍ ദ്വീപിലാണ് സറീന ടീ ഷോപ്പ് തുറന്നത്. ഡൈനിങ് ഐലന്‍ഡ് എന്നായിരുന്നു കടയുടെ പേര്. സ്ട്രോബെറി ടീ, ഹിബിസ്‌കസ് ടീ, സിന്നമോന്‍ ടീ, പെപ്പര്‍ ടീ, ഇംഗ്ലിഷ് ബ്ലേക്ഫാസ്റ്റ് ടീ, അല്‍ ഖുബ്സ്, ചമോമിലി തുടങ്ങി 50 ഇനം വ്യത്യസ്ത ചായകളാണ് ഇവിടെ നല്‍കുന്നത്. കൂടെ ചെറു കടികളും ശീതള പാനീയങ്ങളും.

ചായക്കട തുടങ്ങുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഷോപ്പ് തുറന്ന് രണ്ടു ദിവസത്തിനകം നിയമപരമായ പ്രശ്നങ്ങള്‍ മൂലം കടയടച്ചു. പിന്നീട് രണ്ടു മാസങ്ങള്‍ കഴിഞ്ഞാണ് കട വീണ്ടും തുറക്കുന്നത്. തുറന്നപ്പോഴാകട്ടെ കസ്റ്റമേഴ്സില്ല! എന്നാല്‍ ചായ കുടിക്കാന്‍ വരുന്നവരോടുള്ള നല്ല പെരുമാറ്റവും ഗുണമേന്മയുള്ള വിഭവങ്ങള്‍ നല്‍കിയതും വന്നവരെ വീണ്ടും വരാനും മൗത്ത് പബ്ലിസിറ്റിയിലൂടെ കച്ചവടം ഉഷാറാകാനും ഇടയാക്കി.

ഇന്ന് ഒരു കുടുംബത്തിന് ജീവിക്കാനാവശ്യമായ മാന്യമായ വരുമാനം ഈ ബിസിനസിലൂടെ ലഭിക്കുന്നതായി സറീന. എല്ലാ ദിവസവും മക്കളെ സ്‌കൂളിലാക്കിയ ശേഷം രാവിലെ കടയിലെത്തി ദമ്പതികള്‍ ഒന്നിച്ചാണ് ജോലി. വൈകീട്ട് കടയടച്ച് പോകുന്നതും ഒന്നിച്ച്. ഭര്‍ത്താവ് ലിജു ചായയിടുമ്പോള്‍ സറീന കടികളുണ്ടാക്കുന്നു. ലിജു ഇല്ലാത്തപ്പോള്‍ സറീന തന്നെയാണ് ചായ തയാറാക്കുന്നത്. ജ്യൂസുകളുണ്ടാക്കാന്‍ ഇവരെ കൂടാതെ ഒരു ജോലിക്കാരനും കടയിലുണ്ട്. ഏത് ബിസിനസായാലും അതെത്ര ചെറുതായാലും മനസിന് ഇഷ്ടപ്പെട്ടതാകണം-ചെറുപ്പക്കാരോട് സറീനയ്ക്ക് പറയാനുള്ളത് ഇതു മാത്രം.