28 Feb 2023 8:45 AM GMT
Summary
- സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് നടപ്പാക്കുക 10 കോടിയുടെ വികസനം; ഡിപിആര്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും
യാത്രക്കാര്‍ക്കു മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നു. റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. 10 കോടി രൂപ ചെലവിട്ട് യാത്രക്കാര്‍ക്കുള്ള പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള വികസന പദ്ധതിയാണിതെന്ന് ഫറോക്ക് സ്റ്റേഷന്‍ സന്ദര്‍ശിച്ച കൃഷ്ണദാസ് പറഞ്ഞു.
ഇതോടെ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. നിലവിലെ ഭൗതിക സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരിക്കുകയാണു പ്രധാന ലക്ഷ്യം. സ്റ്റേഷന്‍ ആവശ്യത്തിന് അനുസൃതമായി 10 കോടി രൂപയുടെ വരെ വികസന പ്രവൃത്തി അമൃത് ഭാരത് പദ്ധതിയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനാകും.
പാര്‍ക്കിങ് സൗകര്യത്തിന്റെ വിപുലീകരണം, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ മേല്‍ക്കൂരയുടെ വിപുലീകരണം, ഒന്നാം പ്ലാറ്റ്ഫോമില്‍ ലിഫ്റ്റ്, ആവശ്യത്തിന് ശൗചാലയങ്ങള്‍, കൂടുതല്‍ കാത്തിരിപ്പ് കേന്ദ്രങ്ങള്‍, രണ്ടാം പ്ലാറ്റ്ഫോമില്‍ ആവശ്യത്തിന് ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രം, കഫ്റ്റീരിയ, കുടിവെള്ളം, വൈഫൈ, ലാന്‍ഡ് സ്‌കേപ്പിങ്, അലങ്കാര വിളക്കുകള്‍, കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍, ഫാനുകള്‍, ഡിസ്പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയ വികസനങ്ങളാണ് ഈ പദ്ധതി പ്രകാരം നടപ്പാക്കുക.
ജൂണോടെ പ്രവൃത്തി ആരംഭിക്കും
എക്സിക്യൂട്ടീവ് ലോഞ്ചുകള്‍ക്കും ചെറുകിട ബിസിനസ് മീറ്റിങ്ങുകള്‍ക്കുമുള്ള സ്ഥലങ്ങളും ഇവിടെയുണ്ടാകും. പദ്ധതിയുടെ ഡിപിആര്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഏപ്രിലില്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി ജൂണ്‍ മാസത്തോടെ പ്രവൃത്തി ആരംഭിക്കാനാണ് പദ്ധതി. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് സര്‍വകലാശാല, ബേപ്പൂര്‍ തുറമുഖം, കിന്‍ഫ്ര നോളജ് പാര്‍ക്ക്, ഫാറൂഖ് കോളജ് എന്നിവയ്ക്കു സമീപത്തെ സ്റ്റേഷന്‍ എന്ന പരിഗണനയിലാണ് ഫറോക്കിനെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
റെയില്‍വേ വിശദ റിപ്പോര്‍ട്ട് തേടി
വികസന പദ്ധതി നടപ്പാക്കുന്നതിനു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കും വിധത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറും. ഫറോക്കിന് പുറമേ പാലക്കാട് ഡിവിഷനു കീഴിലെ 14 റെയില്‍വേ സ്റ്റേഷനുകള്‍ കൂടി അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ 34 സ്റ്റേഷനുകളാണ് പദ്ധതിയുടെ ഫലമായി ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക.
ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സാധ്യതാ പഠനം തുടങ്ങി
ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലം, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ചെങ്ങന്നൂര്‍ സ്റ്റേഷന്റെ സാധ്യതാ പഠനം തുടങ്ങിക്കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന 8,799 കോടിയുടെ വികസന പദ്ധതിക്ക് പുറമെയാണിത്.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ സ്റ്റേഷനുകള്‍
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍, കാസര്‍കോട്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശ്ശേരി, തൃശ്ശൂര്‍, തിരൂര്‍, തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കഞ്ചേരി.