image

1 Jun 2023 4:04 AM

Business

ഇലോണ്‍ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികന്‍

MyFin Desk

ഇലോണ്‍ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികന്‍
X

Summary

  • ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം മസ്‌കിന്റെ ആസ്തിമൂല്യം 192.3 ബില്യന്‍ ഡോളറാണ്. 186.6 ബില്യന്‍ ഡോളറിന്റെ ആസ്തിമൂല്യമുള്ള ബെര്‍നാര്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
  • ആഡംബര ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ ഉടമയും 74-കാരനുമായ ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് മസ്‌ക് ലോക സമ്പന്നപട്ടികയില്‍ ഒന്നാമതായത്
  • ലൂയി വൂട്ടന്‍ എന്ന ആഡംബര ബ്രാന്‍ഡിന്റെ മാതൃസ്ഥാപനമാണ് എല്‍വിഎംഎച്ച്


ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവിയിലേക്ക് വീണ്ടും ഇലോണ്‍ മസ്‌ക് എത്തിച്ചേര്‍ന്നു. ആഡംബര ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ ഉടമയും 74-കാരനുമായ ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് മസ്‌ക് ലോക സമ്പന്നപട്ടികയില്‍ ഒന്നാമതായത്.

എല്‍വിഎംഎച്ച് എന്ന ആഡംബര ബ്രാന്‍ഡിന്റെ ഓഹരിമൂല്യം മെയ് 31-ന് 2.6 ശതമാനം ഇടിഞ്ഞതോടെയാണു ബെര്‍നാര്‍ഡിന്റെ ആസ്തിയില്‍ ഇടിവ് സംഭവിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ എല്‍വിഎംഎച്ചിന്റെ വിപണി മൂല്യം ഇതിനോടകം ഏകദേശം പത്ത് ശതമാനം ഇടിഞ്ഞു. ആഴ്ചകള്‍ക്കു മുമ്പ് വിപണിയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന് ബെര്‍നാര്‍ഡിന്റെ ആസ്തിയില്‍ നിന്ന് 11 ബില്യന്‍ ഡോളര്‍ ഒറ്റദിവസം കൊണ്ട് ഇല്ലാതായിരുന്നു.

ലൂയി വൂട്ടന്‍ (Louis Vuitton) എന്ന ആഡംബര ബ്രാന്‍ഡിന്റെ മാതൃസ്ഥാപനമാണ് എല്‍വിഎംഎച്ച്. ഇതിന്റെ സിഇഒയാണ് ബെര്‍നാര്‍ഡ്. 2022 ഡിസംബറില്‍ ടെസ്‌ലയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോഴാണ് മസ്‌കിനെ മറികടന്ന് എല്‍വിഎംഎച്ചിന്റെ സിഇഒയായ ബെര്‍നാര്‍ഡ് ലോക സമ്പന്നപട്ടികയിലെ ഒന്നാമനായത്.

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഇലക്ട്രിക് വാഹന നിര്‍മാതാവായ ടെസ്‌ലയുടെ ടോപ്പ് എക്സിക്യൂട്ടീവും ഏറ്റവും വലിയ ഓഹരി ഉടമയുമായ മസ്‌ക് ട്വിറ്ററിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചേക്കുമെന്ന നിക്ഷേപകരുടെ അനുമാനത്തെ തുടര്‍ന്നു ടെസ്ലയുടെ ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണു മസ്‌കിന്റെ ആസ്തി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 200 ബില്യണില്‍ താഴെയെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തിരുന്നു.

ഈ വര്‍ഷം 55.3 ബില്യന്‍ ഡോളറിലധികം മൂല്യമുള്ള നേട്ടവുമായി 51-കാരനായ മസ്‌ക് തിരിച്ചുവന്നു. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം മസ്‌കിന്റെ ആസ്തിമൂല്യം 192.3 ബില്യന്‍ ഡോളറാണ്. 186.6 ബില്യന്‍ ഡോളറിന്റെ ആസ്തിമൂല്യമുള്ള ബെര്‍നാര്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.