24 Jan 2023 11:45 AM GMT
Summary
- ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഇടപെടല്‍ വേണം - ജനുവരി 31നു ശേഷം അനിശ്ചിതകാല സമരമെന്ന് ഉടമകള്‍
പത്തുവര്‍ഷം മുമ്പ് 8000ത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 5,924 ക്വാറികളേ ഉള്ളൂവെന്നാണ് കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇതില്‍ 589 എണ്ണത്തിന് ലൈസന്‍സുണ്ട്. പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലായി മധ്യകേരളത്തില്‍ 2,438 ക്വാറികളുണ്ട്. തെക്കന്‍ കേരളത്തില്‍ 1,517, വടക്കന്‍ കേരളത്തില്‍ 1969 ക്വാറികള്‍ എന്നിങ്ങനെയാണ് കണക്ക്. ക്വാറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 17,685 ഏക്കര്‍ പ്രദേശത്താണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അതേസമയം നിലവില്‍ സംസ്ഥാനത്ത് 750 ക്വാറികള്‍ മാത്രമാണ് ഉള്ളതെന്നാണ് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ (എസ്എസ്‌ക്യുഎ) പറയുന്നത്. ഇവയില്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയാണെന്നും അവര്‍ പറയുന്നു. ലക്ഷങ്ങളും കോടികളും മുടക്കിയ നിരവധി ക്വാറികളും ക്രഷറുകളും സംസ്ഥാനത്ത് അടഞ്ഞുകിടക്കുകയാണ്.
സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്നത് 1500 കോടി രൂപ
പ്രതിവര്‍ഷം 1500 കോടിയിലേറെ രൂപയാണ് സര്‍ക്കാരിന് ക്വാറി വ്യവസായത്തില്‍ നിന്ന് നികുതിയിനത്തില്‍ വരുമാനമായി ലഭിക്കുന്നത്. സംസ്ഥാനത്തെ നിര്‍മാണ മേഖലയുടെ മുന്നോട്ടുള്ള പോക്കിന് ക്വാറികളുടെ പ്രവര്‍ത്തനം ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് എസ്എസ്‌ക്യുഎ.
വ്യവസായം പ്രതിസന്ധിയില്‍
കേരളത്തിലെ ക്വാറി, ക്രഷര്‍ മേഖല സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി 31ന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും എസ്എസ്‌ക്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ ബാബു കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്വാറി വ്യവസായികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ക്വാറി ഉടമകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളവും എത്തിയെന്നും എം കെ ബാബു പറഞ്ഞു. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യവസായത്തിന് അനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ അതെല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വിജിലന്‍സിനെ ഭയന്ന് ജിയോളജി വകുപ്പ്; ഫയലുകളില്‍ ഒപ്പിടുന്നില്ല
വിജിലന്‍സ് അന്വേഷണം പേടിച്ച് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു ഫയലും ഒപ്പിടാന്‍ തയാറാകുന്നില്ലെന്നാണ് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. സംസ്ഥാനത്തെ ക്വാറികളെ കുറിച്ച് സത്യസന്ധമായ പഠനം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. കോടതികളെ പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദം ഉയര്‍ത്തുന്ന പലരും വന്‍കിട ക്വാറികളുടെ ബിനാമികളാണ്. അടുത്തിടെ മണ്ണിടിച്ചില്‍ ഉണ്ടായ ഒരു സ്ഥലത്തും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. മറിച്ചാണെന്ന് തെളിയിച്ചാല്‍ ഈ വ്യവസായം ഉപേക്ഷിക്കാന്‍ തയാറാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കരിങ്കല്ല് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്; റവന്യൂ നഷ്ടം സര്‍ക്കാരിന്
സംസ്ഥാനത്ത് പാലങ്ങളും കെട്ടിട സമുച്ചയങ്ങളും ഉയരുമ്പോള്‍ വികസനത്തിന് അടിത്തറ പാകാന്‍ വിവിധ സൈസിലുള്ള കരിങ്കല്ലുകള്‍ അനിവാര്യമാണ്. എന്നാല്‍ പ്രധാന പ്രോജക്ടുകള്‍ക്ക് പോലും കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ്. വന്‍കിട പദ്ധതികളടക്കം സംസ്ഥാനത്തെ ഏഴോളം ജില്ലകളില്‍ തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കരിങ്കല്‍ ഉത്പന്നങ്ങള്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട റവന്യു വരുമാനമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശാസ്ത്രീയമായ പിന്‍ബലമില്ലാത്ത ആരോപണങ്ങളാണ് ക്വാറികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടികാട്ടി.
40 ലക്ഷം പേരുടെ ജീവിതമാര്‍ഗം
സംസ്ഥാനത്ത് 40 ലക്ഷത്തോളം ആളുകളാണ് പ്രത്യക്ഷമായി ക്വാറി മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ബാങ്ക് ലോണ്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ചെറുകിട ക്വാറി, ക്രഷര്‍ വ്യവസായികള്‍. ക്വാറികളും ക്രഷറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഈ മാസം 31ന് കൊച്ചിയില്‍ ചേരുന്ന സംസ്ഥാന സമ്മേളനം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ ബാബു, പ്രസിഡന്റ് ഷെരീഫ് പുത്തന്‍പുര, നേതാക്കളായ പൗലോസ്‌കുട്ടി, മൂവാറ്റുപുഴ മനീഷ് പി മോഹനന്‍, ശങ്കര്‍ ടി ഗണേഷ്, സാബു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറുകിട ക്വാറി ആന്‍ഡ് ക്രഷറര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജനുവരി 31 രാവിലെ 10 മണിക്ക് ബോള്‍ഗാട്ടി പാലസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സെമിനാര്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യവസായ സെമിനാര്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ദൂരപരിധി 50 മീറ്റര്‍
ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമ വിധി വരുന്നതുവരെ കേരളത്തില്‍ ക്വാികളുടെ ദൂരപരിധി 50 മീറ്ററായി തുടരും. ദൂരം 200 മീറ്ററാക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സുപ്രിം കോടതി കഴിഞ്ഞവര്‍ഷം സ്റ്റേ ചെയ്തിരുന്നു. വിദഗ്ധ സമിതിയെ വച്ച് ഇക്കാര്യത്തില്‍ പഠനം നടത്താനും ആവശ്യപ്പെട്ടിരുന്നു.
കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂളിന്റെ അടിസ്ഥാനത്തിലാണ് വീട്, ഗതാഗതയോഗ്യമായ റോഡ് എന്നിവയുമായി ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 100 മീറ്ററായിരുന്നു. പിന്നീട് ആറുവര്‍ഷം മുമ്പ് 50 മീറ്ററായി കുറച്ചു.
പരിസ്ഥിതിക്ക് ക്വാറികള്‍ ഭീഷണിയുയര്‍ത്തുന്നതായി പരാതി ഉയരാറുണ്ട്. എന്നാല്‍ ക്വാറി ഉടമകളില്‍ നിന്ന് പണം കൈപ്പറ്റാനാണ് പലരും സമരം നടത്തുന്നത്. സമരം നടത്തുന്നവന് വീടുണ്ടാക്കാനും വേണ്ടത് കരിങ്കല്ല് തന്നെ. റോഡുകള്‍ നിര്‍മിക്കാനും കരിങ്കല്ല് വേണം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ വികസനം നടത്താന്‍ ഒത്തൊരുമിച്ചുള്ള മുന്നേറ്റമല്ലേ കേരളത്തിനു വേണ്ടത്.