15 May 2023 10:52 AM
Summary
- മുന്‍ പാദത്തില്‍ നിന്ന് വരുമാനത്തിലും അറ്റാദായത്തിലും ഇടിവ്
- 2022 -23ല്‍ 40 പുതിയ സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ത്തു
ഡിമാർട്ട് റീട്ടെയിൽ സ്റ്റോർ ശൃംഖലയുടെ ഉടമകളായ അവന്യൂ സൂപ്പർമാർട്ടിന്റെ വരുമാനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 21% വാര്‍ഷിക വർധനയോടെ 10,337 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിലെ വരുമാനം 8,606.09 കോടി രൂപയായിരുന്നു. അറ്റാദായം മുൻ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന 466.35 കോടി രൂപയിൽ നിന്ന് 8 ശതമാനം ഉയർന്ന് 505.21 കോടി രൂപയായി.
എന്നിരുന്നാലും, ഡിസംബറിൽ അവസാനിച്ച മുൻ പാദത്തിലെ 11,304.58 കോടി രൂപയുടെ വരുമാനത്തെ അപേക്ഷിച്ച് ഇടിവാണ് മാർച്ച് പാദത്തില്‍ ഉണ്ടായത്. അറ്റാദായവുമ ഡിസംബർ പാദത്തിലെ 641.07 കോടി രൂപയിൽ നിന്ന് കുറഞ്ഞു. ചെലവ് മുൻ വർഷം ഇതേ പാദത്തിലെ7,999.03 കോടി രൂപയിൽ നിന്ന് 9,709.20 കോടി രൂപയായി ഉയർന്നതായും ഡിമാർട്ട് റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ മാർജിനുകൾ വാർഷികാടിസ്ഥാനത്തിൽ 8.6 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി കുറഞ്ഞു. എബിറ്റ്ഡ (പലിശ, നികുതികൾ, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 5.5 ശതമാനം ഉയർന്ന് 783 കോടി രൂപയായി.
മുംബൈ ആസ്ഥാനമായുള്ള അവന്യൂ സൂപ്പർമാർട്ടിന്റെ ഉടമസ്ഥതയിലുള്ള, ഡിമാർട്ട് സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടോയ്‌ലറ്ററികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ , അടുക്കള പാത്രങ്ങൾ, ബെഡ്, ബാത്ത് ലിനൻ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാധാകിഷൻ ദമാനിയും കുടുംബവും ചേർന്നാണ് കമ്പനി ആരംഭിച്ചത്. ആദ്യത്തെ സ്റ്റോർ 2002-ൽ ആരംഭിച്ചു.
ഇപ്പോൾ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, ഡെല്‍ഹി എൻസിആർ, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലായി രാജ്യത്തുടനീളം 324 സ്ഥലങ്ങളിൽ സാന്നിധ്യമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 40 പുതിയ സ്റ്റോറുകള്‍ കമ്പനി തുറന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിന്റെ 56% ഭക്ഷണ വിഭാഗത്തിൽ നിന്നും 21% എഫ്എംസിജി വഭാഗത്തില്‍ നിന്നുമാണ് വന്നത്. പൊതു വ്യാപാര ചരക്കുകളിൽ നിന്നും വസ്ത്രങ്ങളിൽ നിന്നുമായി ഏകദേശം 23% ലഭിച്ചു. കമ്പനിയുടെ ഓഹരികൾ വെള്ളിയാഴ്ച 0.62 ശതമാനം ഇടിഞ്ഞ് 3,680 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.