image

15 May 2023 3:49 PM IST

Business

കല്യാൺ ജൂവലേഴ്‌സിന്‍റെ അറ്റാദായത്തില്‍ 3.11% ഇടിവ്

MyFin Desk

കല്യാൺ ജൂവലേഴ്‌സിന്‍റെ അറ്റാദായത്തില്‍ 3.11% ഇടിവ്
X

Summary

  • ചെലവ് ഉയർന്നത് ലാഭത്തെ ബാധിച്ചു
  • 2022-23ല്‍ ഏകീകൃത ലാഭം ഇരട്ടിച്ചു
  • വിവാഹ സീസണിന് സജ്ജമെന്ന് കമ്പനി


2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 3.11 ശതമാനം ഇടിഞ്ഞ് 697.99 കോടി രൂപയായി. 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ കമ്പനി 720.40 കോടി രൂപ അറ്റാദായമാണ് നേടിയിരുന്നതെന്നും കമ്പനി നടത്തിയ റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു.

2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ മൊത്തവരുമാനം മുന്‍ വർഷം നാലാം പാദത്തിലെ 2,868.52 കോടി രൂപയിൽ നിന്ന് 3,396.42 കോടി രൂപയായി ഉയർന്നു, എന്നാൽ ചെലവിലും കാര്യമായി വര്‍ധന പ്രകടമായി. 2021 -22 നാലാം പാദത്തിലെ 2,772.64 കോടി രൂപയിൽ നിന്ന് 3,268.47 കോടി രൂപയായി ചെലവ് ഉയര്‍ന്നു

മുഖ്യമല്ലാത്ത ആസ്തികൾ വിറ്റഴിക്കുന്നതിനുള്ള, മൊത്തത്തിലുള്ള മാനേജ്‍മെന്‍റ് തന്ത്രത്തിന്റെ ഭാഗമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വിമാനങ്ങൾ വിറ്റതിലൂടെ ലഭിച്ച 33.35 കോടി രൂപ പ്രത്യേക ഇനമായി കമ്പനി ഫയലിംഗിൽ കാണിച്ചു.

2022-23 സാമ്പത്തിക വർഷത്തില്‍ മൊത്തമായി, കമ്പനിയുടെ ഏകീകൃത ലാഭം ഏകദേശം ഇരട്ടിച്ച് 431.93 കോടി രൂപയിലെത്തി, ഇത് മുൻ സാമ്പത്തിക വർഷത്തില്‍ 224.03 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുൻ വർഷത്തെ 10,856.22 കോടി രൂപയിൽ നിന്ന് 14,109.33 കോടിയായി ഉയർന്നു.

"ഞങ്ങൾ ഒരു മികച്ച വർഷം പൂർത്തിയാക്കി, ഞങ്ങളുടെ ഓഹരി ഉടമകൾക്ക് നേട്ടം നൽകുന്നതിനായി ഞങ്ങളുടെ പ്രഥമ ഡിവിഡന്‍റ് പ്രഖ്യാപിച്ചു. ശക്തമായ അക്ഷയ തൃതീയയോടെ, ഈ സാമ്പത്തിക വർഷവും ഞങ്ങൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്," കല്യാണ് ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

വിവാഹ വാങ്ങലുകളുമായി ബന്ധപ്പെട്ട ഉപഭോക്തൃ ആവശ്യകതയില്‍ ശക്തമായ ആക്കമുണ്ടാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. “ഞങ്ങൾ വിവാഹ സീസണിനെക്കുറിച്ച് ആവേശത്തിലാണ്, ഞങ്ങൾക്ക് മറ്റൊരു അവിസ്മരണീയമായ പാദം കൂടി ലഭിക്കുന്നതിനായി സിസ്റ്റം പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.