30 Jan 2023 7:15 AM
Summary
- തുച്ഛമായ മുതല്‍ മുടക്കിലൂടെയും ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന് കാണിച്ചു തരികയാണ് ഇതിലൂടെ ഡില്‍ബി
ഹെവന്‍ലി ബേക്ക്സ് എന്ന പേരില്‍ കേക്കിന്റെ സംരംഭവുമായി മുന്നോട്ടുനീങ്ങിയിരുന്ന ഇരിഞ്ഞാലക്കുടക്കാരി ഡില്‍ബി ലിന്റോയ്ക്ക് ലോക്ഡൗണ്‍ സമയത്താണ് ഇതിനോടൊപ്പം ഒരു സംരംഭം കൂടി തുടങ്ങാന്‍ ആഗ്രഹം ഉണ്ടാകുന്നത്. ഈ ആഗ്രഹത്തില്‍ നിന്നും ഉടലെടുത്തതാണ് ഹെവന്‍ലി ഓര്‍ഗാനിക്സ്. ഇന്ന് കേരളത്തിനകത്തും പുറത്തും നിരവധി ആവശ്യക്കാരാണ് ഇവരുടെ പ്രൊഡക്ടിന് ഉള്ളത്. അറിയാം ഡില്‍ബിയുടെ സംരംഭ വിജയ രഹസ്യം.
കേക്ക് ബേക്കില്‍ നിന്നും സോപ്പ് മേക്കിംഗിലേക്ക്
കേക്ക് ബിസിനസില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നതിനിടെ ഒരു സംരംഭം കൂടി തുടങ്ങാന്‍ തീരുമാനിച്ച ഡില്‍ബി ഓര്‍ഗാനിക് പ്രൊഡക്ടിന്റെ സാധ്യതകള്‍ അറിയുന്നതിനായി ഒരു കോഴ്സിനു ചേരുന്നു. അവിടെ നിന്നും ഓര്‍ഗാനിക് കോസ്മെറ്റിക് പ്രൊഡക്ടിന്റെ നിര്‍മ്മാണ രീതികള്‍ പഠിച്ചെടുക്കുന്നു. ഇത് കൂടാതെ പഴയ തലമുറയിലെ മുത്തശ്ശിമാര്‍ പകര്‍ന്നു തന്ന അറിവില്‍ നിന്നും കണ്‍മഷിയുടെ നിര്‍മ്മാണവും പഠിച്ചെടുക്കുന്നു.
ഒരുപാട് പരീക്ഷണങ്ങള്‍ക്കും നിരന്തര പരിശ്രമത്തിനും ഒടുവില്‍ ഹെവന്‍ലി ഓര്‍ഗാനിക് എന്ന, 100 ശതമാനം പ്രകൃതിദത്തമായ പ്രൊഡക്ടുകളുടെ സംരംഭം ഉദയം ചെയ്യുന്നു. ഒരു കൊല്ലം കൊണ്ട് കേരളത്തിനകത്തും പുറത്തും നിരവധി സ്ഥിരം ഉപയോക്താക്കളെ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതു തന്നെയാണ് ഡില്‍ബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം നല്‍കുന്ന കാര്യം.
തന്റെ സ്‌കിന്നിനുണ്ടായ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരുപാട് പ്രൊഡക്ടുകള്‍ ട്രൈ ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടുതന്നെ സോപ്പിലൂടെ തന്നെയാകട്ടെ സംരംഭത്തിന്റെ തുടക്കം എന്നു അവര്‍ കരുതി. ആര്യവേപ്പുകൊണ്ട് ഒരു ഓര്‍ഗാനിക് സോപ്പ് നിര്‍മ്മിക്കുകയും സ്വന്തം ശരീരത്തില്‍ തന്നെ പരീക്ഷിക്കുകയും ചെയ്തു. ഉപയോഗിക്കാന്‍ തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ തന്നെ ഡില്‍ബിക്ക് നല്ല രീതിയിലുള്ള മാറ്റം കണ്ടുതുടങ്ങി. അതോടുകൂടി സോപ്പുനിര്‍മ്മാണത്തിലും ഓര്‍ഗാനിക് പ്രൊഡക്ടുകളോടും ആത്മവിശ്വാസം തോന്നിത്തുടങ്ങിയതോടെ കൂടുതല്‍ കാര്യങ്ങള്‍ അവര്‍ പഠിച്ചെടുത്തു. 11 പ്രൊഡക്ടുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള വലിയ സംരംഭമായി മാറുകയും ചെയ്തു.
500 രൂപയില്‍ തുടക്കം
ഹെവന്‍ലി ഓര്‍ഗാനിക്കിന്റെ തുടക്കം 500 രൂപയില്‍ നിന്നാണ്. സോപ്പിന്റെ മോള്‍ഡിനു മാത്രമേ തുക ആവശ്യമായി വന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ 500 രൂപയില്‍ നിന്നും ഒരു സംരംഭം പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. തുച്ഛമായ മുതല്‍ മുടക്കിലൂടെയും ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന് കാണിച്ചു തരികയാണ് ഇതിലൂടെ ഡില്‍ബി.
ഹെവന്‍ലി ഓര്‍ഗാനിക്കിന്റെ പ്രൊഡക്ടുകള്‍
നിലവില്‍ പതിനൊന്ന് പ്രൊഡക്ടുകളാണ് ഇവരുടേതായി വിപണിയില്‍ ഉള്ളത്. പതിനൊന്നും 100 ശതമാനം പ്രകൃതിദത്തമാണ് എന്നതാണ് ഇവരുടെ പ്രൊഡക്ടിന്റെ പ്രത്യേകത. അഞ്ച് തരം സോപ്പുകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ആര്യവേപ്പ്, മഞ്ഞള്‍, കറ്റാര്‍വാഴ, തേങ്ങാപ്പാല്‍, ചാര്‍ക്കോള്‍ എന്നിവകൊണ്ടാണ് ഈ അഞ്ച് തരം സോപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അലോവരയുടെയും കുക്കുമ്പറിന്റെയും ജെല്ലുകളും ഇതിന്റെ ഭാഗമായി ഉണ്ട്. ഇവ കൂടാതെ ഒനിയന്‍, കറ്റാര്‍വാഴ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ മൂന്ന് തരം ഷാംപൂകളും, ലിപ് ബാമും കണ്‍മഷിയും ഇവരുടെ പ്രൊഡക്ടുകളില്‍ പെടുന്നു.
ഹെവന്‍ലിയുടെ നിര്‍മ്മാണം
ഹെവന്‍ലിയുടെ പ്രൊഡക്ടിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പലതും വീട്ടില്‍ തന്നെ കൃഷിചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. സ്വന്തമായും മറ്റുവീടുകളില്‍ ഏല്‍പ്പിച്ചും ഉത്പന്നങ്ങള്‍ക്ക് ആവശ്യമായവയൊക്കെ കൃഷിചെയ്യുന്നു. തികച്ചും പ്രകൃതി ദത്തമാകണം എന്ന തീരുമാനത്തിന്റെ പുറത്താണ് ഇത്തരത്തില്‍ കൃഷിയിലൂടെ തന്നെ ഉത്പന്നങ്ങള്‍ക്കു ആവശ്യമായത് ചെയ്തെടുക്കാന്‍ ഡില്‍ബി ഒരു മടിയും കൂടാതെ ഇറങ്ങിപ്പുറപ്പെട്ടത്. മൂന്നു ചെറിയ കുട്ടികളുള്ള ഡില്‍ബി അധികവും രാത്രിയാണ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കാറുള്ളത്. പാക്കിംഗിനും മറ്റുകാര്യങ്ങള്‍ക്കും ഭര്‍ത്താവ് ലിന്റോയുടെ പിന്തുണയും ഉണ്ടാകാറുണ്ടെന്ന് ഡില്‍ബി പറയുന്നു. വീട്ടില്‍ തന്നെയാണ് ഇവയൊക്കെയും ചെയ്തെടുക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക്
ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇവര്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. അതുവഴി ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഡില്‍ബി പറയുന്നു. ഒരു തവണ തന്റെ ഉത്പന്നം വാങ്ങിച്ചവര്‍ വീണ്ടും വീണ്ടും വാങ്ങുന്നുണ്ടെന്നും മറ്റുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും അതുവഴി നല്ല രീതിയില്‍ മാര്‍ക്കറ്റിംഗ് നടക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞുവയ്ക്കുന്നു.
ഇത് കൂടാതെ സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യാനുള്ള ആലോചനയും ഉണ്ട്. ഉത്പന്നങ്ങള്‍ കൊറിയര്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. കേരളത്തിനകത്തും പുറത്തും ഉത്പന്നങ്ങള്‍ നല്ലരീതിയില്‍ വിറ്റുപോകുന്നുണ്ട്.
മാസവരുമാനം ഒരു ലക്ഷത്തോളം
ഈ സംരംഭത്തിലൂടെ 80,000 രൂപ മാസവരുമാനം നേടാന്‍ സാധിക്കുന്നുണ്ട്. നിര്‍മ്മാണ ചെലവിനായി 20,000 രൂപ മാറ്റിവെച്ചാലും 60,000 രൂപ ലാഭം നേടാന്‍ കഴിയുന്നു. വീട്ടില്‍ നിന്ന് ഒറ്റയ്ക്കു പടുത്തുയര്‍ത്തിയ സംരംഭത്തില്‍ നിന്നാണ് ഇത്രയേറെ ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്.
ഉപഭോക്താക്കളുടെ ഇടയില്‍ നിന്നും നല്ലരീതിയിലുള്ള ഫീഡ്ബാക്കുകളാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന കണ്‍മഷി ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനാലും എല്ലാ പ്രൊഡക്ടുകളും ഓര്‍ഗാനിക് ആയതിനാലും എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും അവരുടെ സന്തോഷം തന്നെയും ഒരുപാട് ഹാപ്പിയാക്കാറുണ്ടെന്നും ഡില്‍ബി പറയുന്നു.
ഒരു സംരംഭക എന്ന നിലയില്‍ ഡില്‍ബി വളരെയധികം അഭിമാനിക്കുന്നുണ്ട്. നല്ല പ്രൊഡക്ടുകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുമ്പോള്‍ അവരും നമ്മളുമായി ഒരു വിശ്വാസം രൂപപ്പെടുന്നുണ്ടെന്നാണ് ഡില്‍ബി പറയുന്നത്. മാത്രമല്ല ഈ പ്രൊഡക്ടുകള്‍ കാണുമ്പോള്‍ അതുപയോഗിക്കുന്നവര്‍ തന്നെ ഓര്‍ക്കുന്നത് തനിക്ക് വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണെന്നും അവര്‍ പറയുന്നു.
പുതിയ പ്രൊഡക്ടുകളുമായി സംരംഭം കൂടൂതല്‍ മെച്ചപ്പെടുത്താനിരിക്കുന്ന ഡില്‍ബിക്ക് കൂട്ടായി ഭര്‍ത്താവും മക്കളും ഒപ്പമുണ്ട്. അതുതന്നെയാണ് ഏറ്റവും വലിയ ബലം ഡില്‍ബി ആവര്‍ത്തിച്ചുപറയുകയാണ്.