5 Jun 2023 5:42 AM
Summary
- സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്ര സ്ഥാനത്ത് $1.2 ബില്യണിന്‍റെ വായ്പ
- കമ്പനിയുമായുള്ള ദീര്‍ഘകാല ചര്‍ച്ചകള്‍ വായ്പാദാതാക്കള്‍ അവസാനിപ്പിച്ചു
- മഹാമാരി ഒഴിഞ്ഞതോടെ വരുമാനത്തില്‍ പ്രതിസന്ധി
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി കണക്കാക്കപ്പെടുന്ന ബൈജൂസ്, $1.2 ബില്യണിന്‍റെ ഒരു വായ്പ മൂലം നേരിടുന്ന പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഈ വായ്പയുമായി ബന്ധപ്പെട്ട് 40 മില്യൺ ഡോളറിന്റെ ത്രൈമാസ പലിശ അടയ്ക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂണ്‍ 5). കൂടുതല്‍ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനായി ഇന്നു തന്നെ പണമടയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 5ന് പണമടയ്ക്കല്‍ സാധിക്കാതിരുന്നാല്‍ കമ്പനിയുടെ $1.2 ബില്യൺ വായ്പ തിരിച്ചടവ് മുടങ്ങിയതായി കണക്കാക്കപ്പെടും. ബൈജൂസ് നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്ര സ്ഥാനത്തുള്ളത് ഈ വായ്പയാണ്. വായ്പാ പുനഃക്രമീകരിക്കുന്നതിനായി ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രന്‍ വായ്പാ ദാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 1.2 ബില്യൺ ഡോളറിന്റെ വായ്പ എന്നാല്‍ രാജ്യത്ത് ഇതുവരെ ഒരു സ്റ്റാർട്ടപ്പിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അൺറേറ്റഡ് വായ്പയാണ്.
നിലവില്‍ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന വായ്പാദാതാക്കള്‍ കമ്പനിയുമായുള്ള ദീർഘകാല ചർച്ചകൾ അവസാനിപ്പിച്ചതായി ബ്ലൂംബെർഗ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സഹകരണ കരാറിന്‍റെ അടിസ്ഥാനത്തിലാണ് വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യം യോജിച്ച് കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തുന്നതും വായ്പയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതും.
കൃത്യസമയത്ത് പലിശ തിരിച്ചടയ്ക്കുന്നത് മൂലധന സമാഹരണത്തിന് അവസരമൊരുക്കുമെന്നും വായ്പാ ബാധ്യത അവസാനിപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നുമാണ് ബൈജൂസ് വിലയിരുത്തുന്നത്.തിരിച്ചടവില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് സാങ്കേതികമായി വായ്പാ കരാറിന്‍റെ ലംഘനമായി കണക്കാക്കപ്പെടും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ധനകാര്യ അക്കൗണ്ടുകൾ സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യാന്‍ ബൈജൂസിന് സാധിച്ചിട്ടില്ല. രാജ്യത്തിന്റെ വിദേശ വിനിമയ നയങ്ങളുടെ ലംഘനങ്ങൾ ഉണ്ടായോയെന്ന് പരിശോധിക്കുന്നതിനായി ബൈജൂസിന്‍റെ ഓഫിസുകളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനയും നടന്നിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് പൊതുവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വിന്‍റെ ഫലമായി വലിയ നേട്ടമുണ്ടാക്കാന്‍ ബൈജൂസിന് സാധിച്ചിരുന്നു. വലിയ തോതിലുള്ള നിക്ഷേപത്തിനും വിപുലീകരണത്തിനും കമ്പനി തുടക്കമിട്ടു. എന്നാല്‍ സാഹചര്യങ്ങള്‍ മാറുകയും പതിവു രീതിയില്‍ സ്‍കൂളുകളും കോളെജുകളും തുറക്കുകയും സാമൂഹ്യ ജീവിതം തിരിച്ചെത്തുകയും ചെയ്തതോടെ ബൈജൂസിന്‍റെ വരുമാനം വലിയ രീതിയില്‍ ബാധിക്കപ്പെടുകയായിരുന്നു.